ഹോളിവുഡ് നടി സ്കാർലെറ്റ് ജൊഹാൻസൺ വിവാഹിതയായി. കൊമേഡിയനായ കോളിൻ ജോസ്റ്റ് ആണ് വരൻ. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. 2017 ലാണ് കമിതാക്കൾ എന്ന നിലയിൽ ഇരുവരും പൊതുവേദിയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. കോളിന്റെ ആദ്യ വിവാഹവും സ്കാർലറ്റിന്റെ മൂന്നാം വിവാഹവുമാണിത്.

നടൻ റിയാൻ റെയ്നോൾഡ്സാണ് സ്കാർലെറ്റിന്റെ ആദ്യ ഭർത്താവ്. 2008-ൽ വിവാഹിതരായ ഇവർ 2010-ൽ വേർപിരിഞ്ഞു. പിന്നീട് ഫ്രഞ്ച് ബിസിനസ്സുകാരനായ റൊമെയ്ൻ ഡ്യൂറിക്കിനെ വിവാഹം ചെയ്ത സ്കാർലെറ്റ് 2017 ൽ വിവാഹമോചിതയായി. ഈ ബന്ധത്തിൽ സ്കാർലെറ്റിന് ആറ് വയസ്സുള്ള ഒരു മകളുമുണ്ട്.

മാർവെലിന്റെ ബ്ലാക്ക് വിഡോ ആണ് സ്കാർലെറ്റിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. കേറ്റ് ഷോർട്ലന്റ് സംവിധാനം ചെയ്യുന്ന ചിത്രം 2021 ൽ റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights:Hollywood Actress Scarlett Johansson Ties the Knot with Colin Jost