ചെന്നെെ: നടന്‍ സൂര്യയെ ചെരുപ്പൂരി അടിച്ചാൽ ഒരു ലക്ഷം രൂപ സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ച് ഹിന്ദു മക്കള്‍ കക്ഷി നേതാവ് ധര്‍മ്മ. സൂര്യ വിദ്യാര്‍ത്ഥികളെയും യുവതലമുറയെയും വഴിതെറ്റിക്കുകയാണെന്നും സൂര്യയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ജീവകാരുണ്യ സംഘടനയായ അഗരം മോശമായ പ്രസ്ഥാനമാണെന്നുമായിരുന്നു ധർമ്മയുടെ ആരോപണം.

മൂന്ന് വയസുള്ള കുട്ടിക്ക് മൂന്ന് ഭാഷ പറഞ്ഞുകൊടുക്കുന്നു എന്നാണ് സൂര്യ പറഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ പോലും അഞ്ച് വയസുമുതലാണ് കുട്ടികള്‍ക്ക് വിദ്യഭ്യാസം നല്‍കുന്നത്. എന്നാൽ കമ്മ്യൂണിസ്റ്റുകളുടെ അടുത്തുനിന്നും ദ്രാവിഡ കക്ഷികളില്‍ നിന്നും പണം വാങ്ങിയാണ് സൂര്യ ഇങ്ങനെ ചെയ്യുന്നത്. ഇതിലൂടെ അദ്ദേഹം നിയമങ്ങളെയും സർക്കാറിനെയും വെല്ലുവിളിക്കുന്നു. ഇതിന്റെ പേരില്‍ കോടതിയലക്ഷ്യത്തിന് സൂര്യയെ അറസ്റ്റ് ചെയ്യണം. ഇല്ലെങ്കില്‍, സൂര്യയെ എവിടെ കണ്ടാലും അവിടെവെച്ച് ചെരുപ്പൂരി അടിക്കണം. അങ്ങനെ ചെയ്യുന്നയാള്‍ക്ക് പാര്‍ട്ടി പ്രസിഡന്റ് അര്‍ജുന്‍ സമ്പത്തിന്റെ വകയായി ഒരു ലക്ഷം രൂപ നല്‍കുമെന്നും പ്രഖ്യപിച്ചു.

എന്നാല്‍ വിവാദമായതോടെ അര്‍ജുന്‍ സമ്പത്ത് ഇയാളെ തള്ളിപ്പറഞ്ഞു. താനോ പാര്‍ട്ടിയോ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു വിശദീകരണം. "നീറ്റ് പരീക്ഷയ്‌ക്കെതിരായ സൂര്യയുടെ പരാമര്‍ശം അറിവില്ലായ്മയാണ്. അതും മനുസ്മൃതിയും തമ്മില്‍ എന്താണ് ബന്ധം സൂര്യ കുപ്രചരണങ്ങളില്‍ വീഴുകയാണ്. അങ്ങനെയുണ്ടാകരുതെന്ന് സൂര്യയെയും അച്ഛന്‍ ശിവകുമാറിനെയും നേരില്‍ ബോധ്യപ്പെടുത്താനാണ് പ്രതിഷേധം", അര്‍ജുന്‍ സമ്പത്ത് പറഞ്ഞു.

Content Highlights: Hindu Makkal Katchi leader Dharma asks to slap Actor suriya for NEET comment, controversy