ലയാളത്തിലെ ഹിറ്റ് ചിത്രമായ അയ്യപ്പനും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ ഏറെ ചര്‍ച്ചയായിരുന്നു. ബോളിവുഡ് താരങ്ങളായ ജോണ്‍ അബ്രഹാമും അഭിഷേക് ബച്ചനും ഒന്നിക്കുന്നു എന്ന വാര്‍ത്തകളും വന്നിരുന്നു. എന്തായാലും അവരിരുവരും റീമേക്കില്‍ ഒന്നിക്കുമെന്നാണ് പുതിയതായി പുറത്തുവരുന്ന വാര്‍ത്തകളില്‍ നിന്ന് വ്യക്തമാകുന്നത്. 13 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് രണ്ടുപേരും ഒന്നിക്കുന്നത്. ദോസ്താനയുടെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും അത് സംഭവിച്ചില്ല. ഇപ്പോള്‍ അയ്യപ്പനും കോശിയും റീമേക്കിലൂടെ അത് വീണ്ടും സാധ്യമാകാന്‍ പോകുകയാണ്. 

ദോസ്താനയില്‍ നിന്ന് തീര്‍ത്തും വിപരീതമായ റോളുകളാണ് റീമേക്ക് ചിത്രത്തില്‍. അത് ആരാധകരില്‍ ആകാംക്ഷ നിറയ്ക്കുന്ന ഒരു ഘടകം കൂടിയാണ്. കഥയ്ക്കും ആക്ഷനും തുല്യപ്രാധാന്യമുള്ള ചിത്രമാണ് അയ്യപ്പനും കോശിയുമെന്നും ഇത്തരം നല്ല സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാനാണ് ജെ.എ. എന്റര്‍ടെയ്ന്‍മെന്റിന്റെ ശ്രമമെന്നും ജോണ്‍ അബ്രഹാം ഒരു ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു. ഹിന്ദി റീമേക്കിലൂടെ ഒരു മികച്ച സിനിമ തന്നെ നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

നിലവില്‍ അദ്ദേഹം പത്താന്‍, ഏക് വില്ലന്‍ 2 എന്നീ ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ജൂലൈ മാസത്തോടെ പത്താന്‍ പൂര്‍ത്തിയാക്കി അയ്യപ്പനും കോശിയും റീമേക്കിന്റെ ഭാഗമാകും. ചിത്രത്തില്‍ അഭിനയിക്കാന്‍ വളരെ ആവേശത്തിലാണ് അദ്ദേഹമെന്ന് വ്യക്തമാണ്. അഭിഷേക് ബച്ചന്‍ നിലവില്‍ ദസ്‌വി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ജൂണ്‍ മാസത്തോടെ അദ്ദേഹവും സിനിമയുടെ ഭാഗമാകാന്‍ ഒരുങ്ങുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇവര്‍ രണ്ട് പേരില്‍ ആരാകും അയ്യപ്പന്‍ നായരെന്നും കോശിയെന്നും കൂടി വൈകാതെ അറിയാം. ആകാംക്ഷയും ഉദ്വേഗവും നിറയ്ക്കുന്ന ഏറ്റുമുട്ടലിനുള്ള കാത്തിരിപ്പിലാണ് ബോളിവുഡ്.

Content highlights : hindi remake of ayyapanum koshiyum finally reunite john abraham and abhishek bachchan