ആഷാദ് ശിവരാമൻ, എൻ.എസ് മാധവൻ
ഹിഗ്വിറ്റ എന്ന പേരില്‍ ഹേമന്ത് നായര്‍ സിനിമ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ എഴുത്തുകാരന് എന്‍.എസ് മാധവന് പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്തമായ ഹിഗ്വിറ്റ എന്ന ചെറുകഥയെ സിനിമയാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹേമന്ത് മറ്റൊരു സിനിമയുമായി രംഗത്ത് വന്നത്. ഹിഗ്വിറ്റ എന്ന പേര് സുപരിതമായത് കൊളമ്പിയന്‍ ഇതിഹാസ ഗോളി റെനെ ഹിഗ്വിറ്റയിലൂടെയാണ് അതുകൊണ്ടു തന്നെ എന്‍.എസ് മാധവന്റെ വാദത്തില്‍ കഴമ്പില്ലെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇതെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ എഴുത്തുകാന്‍ വി.ജെ ജയിംസ് പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. താനെഴുതിയ ലെയ്ക്ക എന്ന നോവല്‍ സമാനപ്രതിസന്ധിയിലൂടെ കടന്നുപോവുന്നുവെന്നും വ്യക്തിപരമായ ഒരു നിസ്സഹായാവസ്ഥ ഇവിടെ പങ്കുവെക്കുകയാണെന്നുമായിരുന്നു വി.ജെ ജയിംസ് കുറിപ്പ്. തുടര്‍ന്ന് അതില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ലൈയ്ക്ക സിനിമയുടെ സംവിധായകന് ആഷാദ് ശിവരാമന്.
ആഷാദ് ശിവരാമന്റെ കുറിപ്പ്
പ്രിയ എൻ എസ് മാധവൻ സാർ,
ഒരു പേരിൽ എന്തിരിക്കുന്നു എന്ന് പലരും ചോദിക്കാറുണ്ട്. പേരിലാണ് പലതും എന്ന് വീണ്ടും ഓർമിപ്പിച്ചതിന് ആദ്യമേ നന്ദി പറയട്ടെ.
ഒപ്പം ശ്രീ വി ജെ ജെയിംസിൻ്റ നല്ല മനസ്സു കൊണ്ടു ഞങ്ങൾ കഷ്ടിച്ച് രക്ഷപെട്ടു എന്നും അറിയിക്കുകയാണ്.
താങ്കളുടെ ഹിഗ്വിറ്റ എന്ന കഥ മനോഹരമാണ്. അത് വായിച്ച കാലത്ത് ഒരു പുതിയ ചിന്താപദ്ധതി കണ്ടെത്തിയ അനുഭൂതി വന്നു വീണതിൻ്റെ ഓർമ്മകൾ ഇപ്പോഴും എൻ്റെ മനസിലുണ്ട്.
അന്നത്തെ ഹിഗ്വിറ്റ എന്ന ആശയത്തിന് ശേഷം അട്ടിയട്ടികളായി എത്രയോ പുതിയ ആശയങ്ങൾ സമൂഹത്തിൽ നിറഞ്ഞിരിക്കുന്നു.
ലളിതവല്ക്കരണത്തിൻ്റെ കാലം കൂടിയാണ്...
വർഷങ്ങൾക്കിപ്പുറം ഇന്നും താങ്കളുടെ ഹിഗ്വിറ്റാ ഓർമയിൽ നിൽക്കുന്നുണ്ടെങ്കിലും സമീപകാലത്തുണ്ടായിട്ടുള്ള മലയാള സിനിമയിലെ ഒന്നോ രണ്ടോ ഒഴികെ മറ്റൊന്നും എൻ്റെ മനസ്സിൽ ഇടംപിടിച്ചതായി ഓർമ്മയില്ല.
ഓർത്തു വയ്ക്കാൻ മാത്രമുണ്ടെന്നു തോന്നിയിട്ടുമില്ല.
എൻജോയ്മെൻ്റ്, പ്രശസ്തി, പണം, വീണ്ടും എളുപ്പത്തിലുണ്ടാകുന്ന പണം...എന്ന ആശയത്തിൽ കമ്പോളവൽകരിക്കപെട്ട് പോയ മലയാള മെയിൻ സ്ട്രീം സിനിമകൾ താങ്കളുടെ ആശയത്തെയും, വാക്കുകളെയും ബഹുമാനിക്കുമോ എന്നുമറിയില്ല.
സത്യത്തിൽ താങ്കളെ ട്രോളി താണ്ഡവമാടുന്ന ഇൻ്റർനെറ്റ് പ്രതികരണ സാഹിത്യകാരന്മാർക്കും, കുറ്റം കണ്ടെത്തുന്ന മറ്റുള്ളവർക്കും താങ്കൾ എന്തു കൊണ്ടാവും ഇത്തരത്തിൽ വ്യാകുലപ്പെടുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ ആവോ!.
പേര് ശ്രദ്ധിക്കപെട്ട് സിനിമ വിൽക്കപ്പെടുക എന്നതിനപ്പുറം , അതുവച്ച് അടുത്ത സിനിമക്ക് സൂപ്പർസ്റ്റാറിൻറ date കിട്ടുക എന്നതിനപ്പുറം വലിയ ഉദാത്ത ചിന്തകൾ ഒന്നും ഉള്ളവരല്ല സമീപകാല മലയാള സിനിമ ഇൻ്റലക്ച്ചെൽസ് . ഞാനും വലിയ വ്യത്യസ്തനാകാനുള്ള ശക്തിയൊന്നുമുള്ള ആളല്ല.
പാവപ്പെട്ട ഒരു സ്ത്രീയുടെ നിവൃത്തികേട് കൊണ്ട് ഒരു കാലത്ത് അവരഭിനയിച്ച A സിനിമകളുടെ ലേബലിൽ, തൻ്റെ തന്നെ A certificate ഉള്ള സിനിമക്ക് മാർക്കറ്റിംങ്ങിനു വേണ്ടി ബഹുമാനിക്കാൻ എന്ന വിധത്തിൽ വിളിച്ച് വരുത്തി ബുദ്ധിപൂർവ്വം അവർ അപമാനിക്കപ്പെടുന്ന അവസ്ഥ ഉണ്ടാക്കി അത് വാർത്തയാക്കി സിനിമ വിൽക്കുന്ന സമകാലിക സിനിമാക്കാർക്കിടയിൽ, ഫുട്ബാളിൻ്റെ ഇടയിൽ ശ്രദ്ധിക്കപ്പെടാൻ സാധ്യതയുള്ള ഒരു മാർക്കറ്റിംഗ് ടൂൾ ആയി "ഹിഗ്വിറ്റ " എന്ന പേരു ഉപയോഗിച്ചിട്ടുണ്ടാവുകയെങ്കിൽ ഇതൊക്കെ മാന്യമായ മാർക്കറ്റിംഗ് എന്ന് വേണം കരുതാൻ.. കുറെ പേരുടെ ആഗ്രഹവും പ്രതീക്ഷയും ഒക്കെയായിരിക്കുമല്ലോ.
താങ്കൾ "ഹിഗ്വിറ്റ" എന്ന ആശയം മലയാള മനസിലേക്ക് സന്നിവേശിപ്പിക്കുന്നതിന് എത്രയോ മുൻപ് തന്നെ "ഹിഗ്വിറ്റ " എല്ലാവരും അറിയുന്ന പേരു മാത്രമായി നിലനിന്നിരുന്ന യാഥാർഥ്യമുണ്ടല്ലോ.
തൻ്റെ തന്നെ "സിമുലാക്ര & സിമുലേഷൻ "എന്ന ആശയം the Matrix എന്ന പേരിൽ ലോക മെമ്പാടും ആഘോ ഷിക്കപ്പെട്ട ഹിറ്റ് ഹോളിവുഡ് ചലച്ചിത്രമായി ഓടിയപ്പോഴും തൻ്റെ ചിന്തയുടെ ഏഴ് അ യലത്തില്ല matrix എന്ന് "ഴാങ് ബോധിലാർദ് " മനോഹരമായി തള്ളിക്കളഞ്ഞത് ഓർമ്മ വരുന്നു.
ആശയങ്ങൾ ലോകത്തിന് വിട്ട് കൊടുക്കു..പേരുകൾ ആരുടെയും സ്വന്തമല്ലല്ലോ. അതിനോട് ഇനിഷ്യലുകൾ ചേർത്താണല്ലോ നമ്മൾ സ്വന്തമാക്കുന്നത് .
ശ്രീ എൻ എസ് മാധവൻ ഇതിനിടയിൽ തല വയ്ക്കാതെ വിട്ടു കളയുന്നത് കാണാനാണ് എനിക്കാഗ്രഹം. താങ്കൾക്കും മീതെ വീഴാൻ വലുപ്പമുള്ള "വന്മരങ്ങൾ "ഒന്നും ഇപ്പോൾ മലയാള സിനിമയിൽ കാണുന്നില്ല...
ശ്രീ, വി.ജെ. ജയിംസ്2006 ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ "ലെയ്ക്ക" എന്ന കഥയുടെ പേരിൽ
ഞങ്ങൾക്ക് "ലെയ്ക്ക" സിനിമയുടെ ടൈറ്റിൽ ഉപയോഗിക്കുന്നതിൽ എന്തെങ്കിലും എതിർപ്പുകൾ ഉണ്ടാകില്ല എന്ന് അറിയിച്ചതിൽ സന്തോഷവും സമാധാനവും.
റഷ്യയിൽ നിന്ന് ആദ്യമായി ബഹിരാകാശത്തേക്ക് അയച്ച ലെയ്ക്കയുടെ ജീവിതം പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ കഥ വായിച്ചു.
മനോഹരവും വികാരനിർഭരവുമാണ് .
ഞങ്ങളുടെ ലെയ്ക്കയാകട്ടെ,കോട്ടും, സൂട്ടുമിട്ട് റഷ്യയിൽ പോയി ജീവിക്കാൻ പറ്റിയെങ്കിൽ എന്നാഗ്രഹിക്കുന്ന, എന്നാൽ ഒരു ലുങ്കി പോലും ഉടുക്കാനില്ലതെ തിരുവനന്തപുരത്ത് ജീവിക്കേണ്ടിവരുന്ന സാധാരണ മലയാളി നായയാണ് . സാധാരണ മലയാളി യുടെ ജീവിതത്തെ കുറിച്ചുള്ള ഈ സറ്റയർ ജനുവരിയിൽ തീയേറ്ററുകളിൽ റിലീസ് അവുകയാണ്.
വി.ജെ. ജെയിംസിന്റെ കഥ അദ്ദേഹം ആഗ്രഹിക്കുന്ന പോലെ "ലെയ്ക്ക" എന്ന പേരിൽ തന്നെ സിനിമയായി പിന്നീട് പുറത്തിറക്കിയാലും ഞങ്ങൾക്കും പരാതികൾ ഉണ്ടാകില്ല എന്നറിയിക്കട്ടെ .
അതു വി ജെ ജെയിംസിൻ്റെയും ഇത് ആഷാദ് ശിവരാമൻ്റെ യും ലെയ്ക്കയായി നിലനിൽക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.സാങ്കേതിക കുഴപ്പങ്ങൾ ഉണ്ടെങ്കിൽ നമുക്ക് ഒരുമിച്ച് ഒഴിവാക്കാൻ ശ്രമിക്കാം.
എൻ്റെ കൈയിൽ മാത്രം ഒതുങ്ങുന്നതല്ല ഈ ലോകം..
അത് നമ്മുടേതാണ്.
Content Highlights: Higuita movie controversy NS Madhavan VJ James Laika Film Laika movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..