'ഈശോ' സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി തള്ളിയ ഹൈക്കോടതി നടപടിയിൽ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകൻ നാദിർഷ. 'ദൈവം വലിയവനാണെ'ന്നാണ് ഈ വാർത്ത ഫെയ്സ്ബുക്കിൽ പങ്കുവച്ചുകൊണ്ട് നാദിർഷ കുറിച്ചത്.

ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടാണ് ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടന ഹർജി നൽകിയത്. ചിത്രത്തിന്റെ പേര് ക്രിസ്തീയ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് ഏതാനും വൈദികരും വിശ്വാസികളും രംഗത്ത് വന്നിരുന്നു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി കോടതിയ്ക്ക് ഇടപെടാനാകില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

നാദിർഷ സംവിധാനം ചെയ്യുന്ന ഈശോയിൽ ജയസൂര്യയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു വിവാദം. 'നോട്ട് ഫ്രം ബൈബിൾ' എന്ന ടാഗ് ലൈനും പോസ്റ്ററിൽ ഉണ്ടായിരുന്നു. വിവിധ കോണുകളിൽ നിന്ന് എതിർപ്പ് ഉയർന്നതിനെ തുടർന്ന് ടാഗ് ലൈൻ ഒഴിവാക്കി പുതിയ പോസ്റ്റർ പുറത്തിറക്കുകയും ചെയ്തു. നാദിർഷയെ പിന്തുണച്ച് സിനിമാപ്രവർത്തകരും മറ്റു ചില വൈദികരും രംഗത്ത് വരികയും ചെയ്തു.

Content Highlights: High Court rejects Plea against jayasurya starrer Eesho Movie Nadrishah response