2018ലെ പ്രളയത്തില്‍ ദുരിതക്കയത്തില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായമായി സര്‍ക്കാര്‍ രൂപീകരിച്ച ദുരിതാശ്വാസനിധിയിലേക്ക് സംഭാവന സ്വീകരിക്കുന്നതിനായി വേള്‍ഡ് മ്യൂസിക് ഫൗണ്ടേഷന്റെ പേരില്‍ നടത്തിയ സംഗീതനിശ തട്ടിപ്പായിരുന്നെന്ന ആരോപണങ്ങളില്‍ ആഷിക് അബു നല്‍കിയ വിശദീകരണത്തിന് മറുപടിയുമായി ഹൈബി ഈഡന്‍ എം.പി. സംഭാനവ നല്‍കിയതിന്റെ ചെക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന തിയ്യതി ഫെബ്രുവരി 14 ആണ്. അതായത് ആരോപണം ഉന്നയിക്കപ്പെട്ടതിന് ശേഷമാണ് ആഷിക് അബു 6.22 ലക്ഷം രൂപ ദുരിതാശ്വാധനിധിയിലേക്ക് കൈമാറിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ആഷിക് അബുവിനെതിരേ കടുത്ത വിമര്‍ശനം ഉയരുമ്പോള്‍ ആഷിക് അബുവിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ഹൈബി ഈഡന്‍.

ഹൈബി ഈഡന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

പ്രിയപ്പെട്ട ആഷിഖ് അബു,

ഒരു സംവിധായകനായ താങ്കള്‍ക്ക് പോലും വിശ്വസനീയമായ രീതിയില്‍ പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയാത്ത കള്ളമായിരുന്നു സംഗീത നിശയില്‍ നടന്നതെന്നാണ് നിങ്ങളുടെ മറുപടി കാണുമ്പോള്‍ മനസിലാവുന്നത്. പരിപാടിയുടെ വരുമാനമായ 6.22 ലക്ഷം രൂപ കൊടുത്തു എന്ന് പറഞ്ഞ് പുറത്ത് വിട്ട ചെക്കിന്റെ ഡേറ്റ് ആരോപണം വന്നതിന് ശേഷം, അതായത്, 14.2.2020 ആണ്. അതിപ്പോ സാലറി ചാലഞ്ച് പൈസ വകമാറ്റിയ ആരോപണം വന്നതിന് ശേഷം പണം കൊടുത്ത് തലയൂരിയ എം.എം. മണിയുടെ ശിഷ്യന്മാര്‍ക്ക് പുതുമയല്ല. കട്ട പണം തിരികെ നല്‍കി മാതൃകയാവുന്നുവെന്നതാണ് ഇടതുപക്ഷ സഹയാത്രികരുടെ പുതിയ രീതി.

കാര്യങ്ങള്‍ അറിയാതെയല്ല, വ്യക്തമായി അന്വേഷിച്ച് തന്നെയാണ് ആരോപണം ഉന്നയിച്ചത്. ആഷിക് മറുപടിയില്‍ പറയുന്നത് റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ തങ്ങളുടെ ആവശ്യം 'സ്‌നേഹപൂര്‍വ്വം അംഗീകരിച്ചു' എന്നാണ്. എന്നാല്‍ നിങ്ങളുടെ അപേക്ഷ റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍  കൗണ്‍സില്‍ പല തവണ നിരാകരിക്കുകയും, അതിന് ശേഷം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അനുവദിക്കാന്‍ തീരുമാനിക്കുകയും, ഈ തീരുമാനം എടുത്ത കൗണ്‍സിലില്‍ ഒരു അംഗം ഈ പണം ദുരിതാശ്വാസ നിധിയില്‍ എത്തുമോ എന്ന സംശയത്തോടെ വിയോജനക്കുറിപ്പ് എഴുതുകയും ചെയ്തിരുന്നു. നിഷേധിക്കുമോ? മാത്രവുമല്ല, ഒക്ടോബര്‍ 16 ന് ബിജിബാല്‍ ആര്‍.എസ്.സിയ്ക്ക് നല്‍കിയ കത്തില്‍ സംഗീത നിശ ദുരിതാശ്വാസത്തിനായി പണം സ്വരൂപിക്കുന്നതിനാണ് എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അപ്പോള്‍ അങ്ങയുടെ വാദം പച്ചക്കള്ളമല്ലേ? കത്തിന്റെ പകര്‍പ്പ് ഇവിടെ പോസ്റ്റ് ചെയ്യുന്നു. മെട്രോയുടെ തൂണുകളില്‍ ഇതിന്റെ പരസ്യം സൗജന്യമായി സ്ഥാപിക്കുന്നതിന് പോലും ഉന്നത നേതൃത്വത്തിന്റെ സമ്മര്‍ദ്ദമുണ്ടായി.

പ്രളയം ഉണ്ടായപ്പോള്‍ രാവും പകലുമില്ലാതെ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട എം.എല്‍.എ.യും ഈ സംഗീത നിശ നടക്കുമ്പോള്‍ എം.പി.യുമായിരുന്നു ഞാന്‍. പ്രളയാനന്തരം 46 വീടുകള്‍ സുമനസുകളുടെ സഹായത്തോടെ പൂര്‍ത്തീകരിച്ച തണല്‍ ഭവന പദ്ധതി നടപ്പിലാക്കിയ ഒരു ജനപ്രതിനിധിയാണ് ഞാന്‍. ചോരക്കൊതിയന്മാരായ, താങ്കളുടെ പാര്‍ട്ടിക്കാര്‍ കൊന്നൊടുക്കിയ കൃപേഷിന്റേയും ശരത്‌ലാലിന്റെയും ഒന്നാം ഓര്‍മ്മ ദിവസമാണ് നാളെ. കൃപേഷിന്റെ ഒറ്റമുറി വീടിന് പകരം വെറും 41 ദിവസം കൊണ്ട് പുതിയ ഭവനം ഒരുക്കിയതും ഇതേ തണല്‍ ഭവന പദ്ധതിയാണ്. പ്രളയ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ അടക്കം എറണാകുളത്തെജനങ്ങളോടൊപ്പം നിന്ന ഒരു ജനപ്രതിനിധിയാണ് ഞാന്‍. ഇതെങ്കിലും ആര്‍ക്കെങ്കിലും നിഷേധിക്കാനാകുമോ?? അങ്ങനെയുളള സ്ഥലം എം.പി.യെ ക്ഷണിക്കാത്ത പരിപാടിക്ക് സൗജന്യ പാസിനായി ഞാന്‍ ആഷിക്കിനോടോ സംഘാടകരില്‍ ആരോടെങ്കിലുമോ ഇരന്നിട്ടുണ്ടോ? സൗജന്യ പാസ് ആരോപണം നിങ്ങള്‍ ഉന്നയിച്ചത് പരിപാടി ദുരിതാശ്വാസ സഹായം സ്വരൂപിക്കുന്നതിനല്ല എന്ന് സമര്‍ത്ഥിക്കാനാണല്ലോ? അപ്പോള്‍ ഈ പരിപാടിക്കായി ആര്‍.എസ്.സി സൗജന്യമായി ചോദിച്ചത് ഞടഇ യെ കബളിപ്പിക്കുവാനായിരുന്നോ?

ഞാന്‍ പറഞ്ഞതില്‍ അങ്ങ് മറുപടി പറയാതെ ഒഴിഞ്ഞു മാറിയ ഒരു ചോദ്യമുണ്ട്. ഈ പരിപാടിയില്‍ പങ്കെടുത്ത കലാകാരന്മാര്‍ക്ക് പ്രതിഫലം കൊടുത്തിരുന്നോ? അതോ, അവര്‍ക്കും ആര്‍.എസ്.സിയ്ക്ക് കൊടുത്തത് പോലെ ഒരു കത്ത് കൊടുക്കുകയായിരുന്നോ? ഇതിന്റെ പാപഭാരത്തില്‍ നിന്ന് അവരെയെങ്കിലും ഒഴിവാക്കിക്കൂടെ?

മേല്‍പ്പറത്ത കാര്യങ്ങളെല്ലാം കൂട്ടിയും കിഴിച്ചും നോക്കുമ്പോള്‍ തിരക്കഥ ഒരു പരാജയമാണല്ലോ! ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണെങ്കിലും താങ്കള്‍ ചെക്ക് നല്‍കിയതിലൂടെ ഒരു ജനപ്രതിനിധിയുടെ കര്‍ത്തവ്യം പൂര്‍ത്തീകരിക്കാനായി എന്നതില്‍ ആത്മാഭിമാനമുണ്ട്. താങ്കള്‍ നല്‍കിയ ചെക്കിന്റെ തീയതി മൂന്ന് മാസം മുന്‍പ് ഉള്ളത് ആയിരുന്നെങ്കില്‍ ഞാന്‍ പെട്ടു പോയേനെ..

സ്‌നേഹപൂര്‍വ്വം

ഹൈബി ഈഡന്‍

Content Highlights: Hibi Eden against Aashiq abu, kochi music foundation Karuna concert Controversy