ഹേ റാം എന്ന ചിത്രത്തിൽ നിന്നൊരു രംഗം, കമൽ ഹാസൻ | ഫോട്ടോ: www.imdb.com/title/tt0222012/?ref_=ttmi_tt, എ.എഫ്.പി
കമൽ ഹാസൻ എന്ന നടന്റേയും സംവിധായകന്റേയും സിനിമാ ജീവിതത്തിലെ വിസ്മരിക്കാനാവാത്ത അധ്യായമാണ് ഹേ റാം എന്ന ചിത്രം. 2000-ൽ ഏറെ വിവാദങ്ങളുടെ അകമ്പടിയോടെയാണ് ചിത്രം പ്രദർശനത്തിനെത്തിയത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് ഈ സിനിമയുമായി ബന്ധപ്പെട്ട ഒരു കാര്യം തുറന്നുപറഞ്ഞിരിക്കുകയാണ് കമൽ ഹാസൻ.
രാഹുൽ ഗാന്ധിയുമായി കമൽ സംസാരിക്കവേ കടന്നുവന്ന വിഷയങ്ങളിൽ ഒന്നായിരുന്നു ഹേ റാം എന്ന ചിത്രവും മഹാത്മ ഗാന്ധിയും. തനിക്ക് 24 വയസുള്ളപ്പോഴാണ് താൻ മഹാത്മ ഗാന്ധിയെ തിരിച്ചറിയുന്നതെന്ന് കമൽ പറഞ്ഞു. അധികം വൈകാതെ തന്നെ താൻ ഗാന്ധിയൻ തത്വങ്ങളുടെ ആരാധകനായി മാറി. മഹാത്മ ഗാന്ധിയോടുള്ള തന്റെ മാപ്പപേക്ഷയാണ് ഹേ റാം എന്ന ചിത്രമെന്നും കമൽ ഹാസൻ പറഞ്ഞു.
"കോൺഗ്രസ് അനുഭാവിയായിരുന്നു എന്റെ അച്ഛൻ. പക്ഷേ, ചെറുപ്പകാലത്ത് ചുറ്റുപാടുകൾ എന്നെ ഗാന്ധി വിമർശകനാക്കി. 24-25 വയസിൽ ഗാന്ധിജിയെ ഞാൻ സ്വന്തമായി കണ്ടെത്തി, അദ്ദേഹത്തിന്റെ ആരാധകനായി മാറി." കമൽ വ്യക്തമാക്കി. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തിയപ്പോൾ കമൽ ഹാസനും യാത്രയിൽ പങ്കെടുത്തിരുന്നു.
വൻതാരനിരയുമായി 200-ൽ എത്തിയ ചിത്രമായിരുന്നു 'ഹേ റാം'. മഹാത്മ ഗാന്ധിയുടെ വധത്തിന്റെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രത്തിന്റെ തിരക്കഥയും കമൽ ഹാസന്റേത് തന്നെയായിരുന്നു. ഷാരൂഖ് ഖാന്റെ തമിഴ് അരങ്ങേറ്റ ചിത്രംകൂടിയായിരുന്നു ഇത്. നസറുദ്ദീൻ ഷാ ആയിരുന്നു ഗാന്ധിയായെത്തിയത്. അതുൽ കുൽക്കർണി, റാണി മുഖർജി, ഹേമ മാലിനി, ഗിരീഷ് കർണാട്, വസുന്ധര ദാസ് എന്നിവരായിരുന്നു മുഖ്യവേഷങ്ങളിൽ.
ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചിത്രം എ സർട്ടിഫിക്കറ്റോടെയാണ് പ്രദർശനത്തിനെത്തിയത്. തിയേറ്ററുകളിൽ മികച്ച വിജയം നേടാനായില്ലെങ്കിലും ആ വർഷത്തെ മികച്ച വിദേശചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരത്തിന് ഇന്ത്യയുടെ ഔദ്യോഗിക നാമനിർദ്ദേശമായിരുന്നു 'ഹേ റാം'. ചിത്രത്തിലൂടെ അതുൽ കുൽക്കർണിക്ക് മികച്ച സഹനടനും സരികയ്ക്ക് വസ്ത്രാലങ്കാരത്തിനും മന്ത്രയ്ക്ക് സ്പെഷ്യൽ ഇഫക്റ്റ്സിനുമുള്ള ദേശീയ പുരസ്കാരങ്ങൾ ലഭിച്ചു.
ഷങ്കർ സംവിധാനം ചെയ്യുന്ന 'ഇന്ത്യൻ 2' ആണ് കമൽ ഹാസന്റേതായി ഉടൻ വരുന്ന ചിത്രം. 1996-ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. അഴിമതിക്കെതിരെ പോരാടുന്ന സേനാപതി എന്ന സ്വാതന്ത്ര്യസമര സേനാനിയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രം. കാജൽ അഗർവാളാണ് നായിക. മണിരത്നം ചിത്രം, ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'വിക്രം 2' തുടങ്ങിയവയാണ് കമലിന്റേതായി പിന്നാലെയെത്തുന്ന ചിത്രങ്ങൾ.
Content Highlights: Hey Ram is my apology to Mahatma Gandhi says Kamal Haasan, kamal haasan chat with rahul gandhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..