രുപാട് സിനിമകളില്‍ അഭിനയിച്ചിട്ടില്ല ഹീത് ലെഡ്ജര്‍. എന്നാല്‍ ജോക്കര്‍ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെയാണ് ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനസ്സില്‍ അദ്ദേഹം ചിരകാല പ്രതിഷ്ഠ നേടിയത്. 

സാധാരണ സിനിമകളില്‍ വേഷമിട്ട ലെഡ്ജര്‍ ഒരസാമാന്ന്യ പ്രതിഭയാണെന്ന് ലോകം തിരിച്ചറിയുന്നത് ബാറ്റ്മാനിലൂടെയാണ്. ക്രിസ്റ്റഫര്‍ നോലാന്‍, ഡാര്‍ക്ക് നൈറ്റ് എന്ന ബാറ്റ്മാന്‍ സീരിസിലെ തന്റെ പുതിയ ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്യാന്‍ ലെഡ്ജറെ സമീപിക്കുമ്പോള്‍ ജോക്കര്‍ ഇത്രയധികം ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിച്ചു കാണില്ല. ബാറ്റ്മാന്‍ ഒരുക്കുവാന്‍ നോളന് തുടക്കത്തില്‍ താല്‍പര്യം ഇല്ലായിരുന്നു. കാരണം ജോക്കറിന്റെ കഥാപാത്രം ആര് ചെയ്യും എന്ന ചിന്ത നോളനെ അലട്ടിയിരുന്നു. എന്നാല്‍ ലെഡ്ജറിന്റെ വരവ് നോളന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു.  

ജോക്കറാകാന്‍ ഒരു മാസം മുഴുവന്‍ മുറിക്ക് പുറത്തിറങ്ങാതെയിരുന്നു. ആരോടും സംസാരിക്കാന്‍ പോലും തയ്യാറായില്ല. തന്റെ മനോനില തെറ്റിയാല്‍ മാത്രമേ ജോക്കറിനെ അവതരിപ്പിക്കാന്‍ കഴിയൂ എന്നാണ് ലെഡ്ജര്‍ വിശ്വസിച്ചിരുന്നത്. സെറ്റിലെത്തിയാല്‍ മറ്റുള്ളവരില്‍ നിന്ന് അകന്ന് നിന്നു. ആരോടും അധികം സംസാരിച്ചിരുന്നില്ല. ബാറ്റ്മാന്‍ സീരീസില്‍ മുന്‍കാലത്ത് ജോക്കറായി അഭിനയിച്ച നടന്‍മാരുടെ സ്വാധീനം ലെഡ്ജറിനെ ബാധിച്ചിരുന്നില്ല. തനിക്ക് അനുകരണം ഇഷ്ടമല്ലെന്നാണ് നോളനോട് അന്ന് ലെഡ്ജര്‍ പറഞ്ഞത്. 

നോളന്‍ ആഗ്രഹിച്ചതിലും എത്രയൊ അപ്പുറത്തായിരുന്നു ലെഡ്ജറിന്റെ ജോക്കര്‍. ഓസ്‌കര്‍ ഉള്‍പ്പെടെ എണ്ണമറ്റ പുരസ്‌ക്കാരങ്ങളാണ് ലെഡ്ജറിന്റെ ജോക്കറെ തേടിവന്നത്. പക്ഷെ ഒന്നും ഏറ്റു വാങ്ങാന്‍ ലെഡ്ജര്‍ ബാക്കിയുണ്ടായിരുന്നില്ല. ഈ അസാമാന്യ പ്രതിഭ അല്‍പ്പായുസായിരുന്നു. സിനിമ പുറത്തിറങ്ങാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹീത് ലെഡ്ജര്‍ ലോകത്തോട് വിടപറഞ്ഞു. 2008 ല്‍ ജനവരി 22ന് ന്യൂയോര്‍ക്കിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

ledger

ലെഡ്ജര്‍ അന്തരിച്ച് 11 വര്‍ഷങ്ങള്‍ തികഞ്ഞിരിക്കുന്നു. എന്നാല്‍ ഇന്നും ഈ നടന്‍ പ്രേക്ഷകരുടെ മനസ്സില്‍ നിന്ന് പടിവിട്ടിറങ്ങി പോയിട്ടില്ല. ജനുവരി 22 ന് അദ്ദേഹത്തെ അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ആരാധകര്‍ സാമൂഹിക മാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് കുറിപ്പുകളാണ് പോസ്റ്റ് ചെയ്തത്. ലെഡ്ജറിന്റെ ഓര്‍മകള്‍ക്ക് മരണമില്ല എന്നതിന് ഇതിനേക്കാള്‍ വലിയ തെളിവുകളില്ല. 

ledger

ലെഡ്ജറിന്റെ മരണം ഇന്നും ദുരൂഹതയാണ്. അതെക്കുറിച്ച് അദ്ദേഹത്തിന്റെ പിതാവ് കിം ലെഡ്ജര്‍ ഒരഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു 

'ഞാനും കേറ്റും (ലെഡ്ജറിന്റെ സഹോദരി) അമിതമായി മരുന്നുപയോഗിക്കുന്നത് സംബന്ധിച്ച് അവനെ എപ്പോഴും വഴക്കു പറയുമായിരുന്നു. മരിക്കുന്നതിന്റെ തലേദിവസവും അത് തന്നെയായിരുന്നു ഞങ്ങള്‍ അവനോട് പറഞ്ഞത്. മരുന്നുകള്‍ കൂട്ടിക്കലര്‍ത്തി ഉപയോഗിക്കുന്ന ശീലം അവനുണ്ടായിരുന്നു. മരുന്നുകളെപ്പറ്റി വിവരമില്ലാതെ ഇത്തരത്തില്‍ ചെയ്യരുതെന്ന് പറഞ്ഞ് കേറ്റ് അവനെ വഴക്കു പറഞ്ഞു. 

''നിങ്ങള്‍ വിഷമിക്കരുത് ഞാന്‍ സുഖപ്പെടും'' എന്ന് പുഞ്ചിരിച്ചുകൊണ്ട് അവന്‍ മറുപടി പറഞ്ഞു. മരുന്നുകള്‍ അമിതമായി ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്നു അവന്. വേദനസംഹാരികളും സ്ഥിരമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ അവന്‍ ഒരിക്കലും ഒപ്പിയോയിഡ്സിന് അടിമയായിരുന്നില്ല. മരുന്നുകള്‍ തെറ്റായി കൂട്ടിക്കലര്‍ത്തി സ്വയം ഉപയോഗിച്ചത് കൊണ്ട് സംഭവിച്ചതാണ് അവന്റെ മരണം. 

ledger

തുടര്‍ച്ചയായ ഷൂട്ടിങ്ങും സിനിമാ തിരക്കുകളും തലയ്ക്ക് പിടിച്ചപ്പോഴാണ് അവന്‍ ഇത്തരത്തിലുള്ള മരുന്നുകള്‍ അമിതമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. ജോലിയിലും പഠനത്തിലും അമിതമായി സമ്മര്‍ദം അനുഭവിക്കുന്ന പുതിയ തലമുറ മയക്കുമരുന്നുകള്‍ക്ക് അടിമപ്പെടുന്നത് പൊതുസമൂഹം കണ്ണുതുറന്ന് കാണണം. എന്റെ മകന്റെ ദുരന്തം യുവാക്കള്‍ക്ക് ഒരു സന്ദേശമാണ്. മരണത്തെ അവന്‍ മനപൂര്‍വ്വം വിളിച്ചു വരുത്തി. എന്തിനാണെന്ന് എനിക്കറിയില്ല'.

മരണശേഷം ലെഡ്ജറുടെ വസതിയില്‍ നിന്ന് നിരവധി മരുന്നുകളുടെ കുറിപ്പടികള്‍ ലഭിച്ചിരുന്നു. 

Content Highlights: Heath Ledger's death Christopher Nolan joker Batman Joker Oscar death anniversary