ശ്രീലാൽ ദേവരാജ്, ഹെഡ്മാസ്റ്ററിന്റെ പോസ്റ്റർ
ഹെഡ്മാസ്റ്റര് എന്ന ചിത്രം റിലീസിനൊരുങ്ങുമ്പോള്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവച്ച് നിര്‍മാതാവ് ശ്രീലാല്‍ ദേവരാജ്. ഇതൊരു ഒരു ആഗ്രഹ സാക്ഷത്കാരത്തിന്റെ നിമിഷമാണെന്നും ഈ നിമിഷം ഒരുപാട് പേരോട് നന്ദിയുണ്ടെന്നും ശ്രീലാല്‍ ദേവരാജ് കുറിച്ചു.
പ്രമുഖ എഴുത്തുകാരനായ കാരൂറിന്റെ ഏറെ പ്രസിദ്ധമായ പൊതിച്ചോറ് എന്ന ചെറുകഥയുടെ ചലച്ചത്രാവിഷ്ക്കാരമാണ് ഹെഡ്മാസ്റ്റര്. രാജീവ് നാഥാണ് ചിത്രത്തിന്റെ സംവിധായകന്.തമ്പി ആന്റണി, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെ.ബി വേണുവും രാജീവ് നാഥും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു. വിധിയോട് തോറ്റുപോയ പ്രധാന അധ്യാപകനായി തമ്പി ആന്റണിയും, അധ്യാപകന്റെ മകനായി ബാബു ആന്റണിയും അഭിനയിക്കുന്നു. സഞ്ജു ശിവറാം, മഞ്ജു പിള്ള, ജഗദീഷ്, സുധീര്‍ കരമന, ശങ്കര്‍ രാമകൃഷ്ണന്, കഴക്കൂട്ടം പ്രേകുമാര്‍, സേതുലക്ഷ്മി, ഗാനരചയിതാവ് രാജീവ് ആലുങ്കലിന്റെ മകനും പ്രമുഖ വ്ളോഗറുമായ ആകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ശ്രീലാല്‍ ദേവരാജിന്റെ കുറിപ്പ്
and, when you want something, all the universe conspires in helping you to achieve it.
മലയാളത്തില്‍ സ്ഥാനത്തും അസ്ഥാനത്തും ഏറെ ഉപയോഗിച്ചിട്ടുള്ള പൗലോ കൊയ്ലോ വാചകം. ചിലരെങ്കിലും ആ വാചകം അതിന്റെ ശരിയായ അര്‍ത്ഥത്തിലല്ല ഉപയോഗിക്കുന്നത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.ഉപയോഗിച്ച് അര്‍ത്ഥം മാറിപ്പോയ ആ അര്‍ത്ഥത്തില്‍ തന്നെ ഞാനും ഇപ്പോള്‍,ആ വാചകം കടം കൊള്ളുകയാണ്...
ഇത് ഒരു ആഗ്രഹ സാക്ഷത്കാരത്തിന്റെ നിമിഷമാണ്... അതിന് എന്റെ ഒപ്പം കൂടെ നിന്ന ദൈവത്തിനും,സുഹൃത്തുക്കള്‍ക്കും. ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത സുഭദ്രത്തിനു ശേഷമുള്ള നാളുകള്‍. പുതിയ സിനിമാ ചര്‍ച്ചകള്‍, തിരക്കഥ വായനകള്‍. ഒന്നും പക്ഷേ പുതിയ സിനിമയിലേക്ക് എത്തിയില്ല.
അങ്ങിനെ നാളുകള്‍ ഏറെ കഴിഞ്ഞു. പിന്നെ കോവിഡ്, അതിന്റെ തീവ്രതയില്‍ എല്ലാം അടച്ചു പൂട്ടി, വീടിന്റെ നാല് ചുവറുകളില്‍.. അങ്ങിനെയുള്ള ഒരു ദിവസം രാജീവ് നാഥ് വിളിക്കുന്നു. ഒരു കൊച്ചു സിനിമയെ കുറിച്ച് സംസാരിക്കുന്നു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു..
ചെറിയ ചെറിയ ചര്‍ച്ചകള്‍ക്ക് ശേഷം 2022 ന്റെ ആദ്യ ദിവസങ്ങളില്‍ ഹെഡ്മാസ്റ്ററിന്റെ ചിത്രീകരണം ആരംഭിക്കുന്നു. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍, ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം അവസാനിക്കുന്നു.
എനിക്ക് ഏറെ അഭിമാനമുണ്ട്. ഇങ്ങനെയൊരു ചിത്രം നിര്‍മ്മിക്കാന്‍ കഴിഞ്ഞതില്‍. വളരെ കാലത്തിനു ശേഷമവും മലയാളത്തില്‍ ഒരു പ്രമുഖ സാഹിത്യ രചനയുടെ ചലച്ചിത്ര ഭാഷ്യം സംഭവിക്കുന്നത്. പറയാന്‍ മറന്നു, ശ്രീ കാരൂര്‍ നീലകണ്ഠപിള്ളയുടെ പൊതിച്ചോര്‍ എന്ന തീരെ ചെറിയ കഥയാണ് ഹെഡ്മാസ്റ്ററിന്റെ അടിസ്ഥാനം.
കാരൂരിന്റെ കഥയുടെ തീവ്രത അതേ പോലെ രാജിവ് നാഥ് മലയാളിക്കായി പകര്‍ന്ന് നല്കുന്നു. കാവാലം ശ്രീ കുമാര്‍ ഈ ചിത്രത്തിലൂടെ മലയാള സിനിമാ സംഗീത സംവിധാനത്തിലേക്ക് ചുവടു വെക്കുന്നു. ഹൃദയം തൊട്ടുണര്‍ത്തുന്ന ഈണങ്ങള്‍ മലയാളികള്‍ നെഞ്ചിലേറ്റി സൂക്ഷിക്കുകതന്നെ ചെയ്യും...
അങ്ങിനെ അങ്ങിനെ ഏറെ പുതുമകളോടെ, പഴയ കാലത്തിന്റെ കഥ പറയുന്ന ഹെഡ്മാസ്റ്റര് പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്,ഈ വരുന്ന ജൂലൈ 29 ന്.
ഈ നിമിഷം നന്ദിയോടെ ഒത്തിരി പേരെ ഓര്‍ക്കുന്നു. പേരെടുത്തു പറഞ്ഞില്ലെങ്കിലും, കൂട്ടായി കൂടെ നിന്ന നിങ്ങള്‍ എപ്പോഴും എന്റെയുള്ളില്‍ ഉണ്ടാവും.
ഒരു സന്തോഷം കൂടി പങ്ക്വെക്കട്ടെ. ചാനല്‍ ഫൈവിന്റെ പുതിയ ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സെപ്റ്റംബര്‍ ആദ്യ വാരം ചിത്രീകരണം തുടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു..
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..