ഹെഡ് മാസ്റ്ററിലെ താരങ്ങൾ
ചാനല്‍ ഫൈവിന്റെ ബാനറില്‍ ശ്രീലാല്‍ ദേവരാജ് നിര്‍മ്മിച്ച് രാജീവ് നാഥ് സംവിധാനം ചെയ്ത 'ഹെഡ് മാസ്റ്റര്‍' ജൂലായ് 29ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു. പ്രസിദ്ധ ചെറുകഥാകൃത്ത് കാരൂര്‍ നീലകണ്ഠപിള്ളയുടെ പൊതിച്ചോര്‍ എന്ന കഥയുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ഹെഡ്മാസ്റ്റര്. കഴിഞ്ഞ തലമുറകളിലെ അദ്ധ്യാപകരുടെ ജീവിതത്തിലെ നോവും നൊമ്പരവും വരച്ചിട്ട കഥയാണ് പൊതിച്ചോര്‍. ഒപ്പം കേരളത്തില്‍ ഒരു സാമൂഹികമാറ്റത്തിന് തുടക്കം കുറിച്ച വിദ്യാഭ്യാസ ബില്ലിന് പ്രചോദനമായതും ഈ കൊച്ചുകഥയാണ്.
കാരൂരിന്റെ ചെറുകഥ മലയാളത്തിനു പകര്‍ന്നു നല്കിയ തീവ്രഭാവങ്ങള്‍ അതേപോലെ തന്നെ രാജീവ് നാഥ് ഹെഡ്മാസ്റ്ററിലും പകര്‍ന്നു നല്കുന്നു. അദ്ധ്യാപകവിദ്യാര്‍ത്ഥി ബന്ധത്തിന്റെ നേരടയാളങ്ങള്‍ പറഞ്ഞുവെയ്ക്കുന്ന ചിത്രമാണ് ഹെഡ്മാസ്റ്റര്. അതുകൊണ്ടു തന്നെ പുതിയ തലമുറയ്ക്കുള്ള ഒരു പാഠവും കൂടിയായി മാറുകയാണ് ഹെഡ്മാസ്റ്റര്.
ഹെഡ്മാസ്റ്ററിന്റെ നിര്‍മ്മാണ ആരംഭത്തില്‍ തന്നെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഒരു നിര്‍ബ്ബന്ധമുണ്ടായിരുന്നു. ഈ ചിത്രം കേരളത്തിലെ എല്ലാ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും കാണണമെന്ന്. അച്ഛനും അമ്മയും കുട്ടികളും അടങ്ങുന്ന കുടുംബം കാണണമെന്ന്. ആ ഒരു നിര്‍ബ്ബന്ധത്തിന്റെ ഭാഗമായി ഹെഡ്മാസ്റ്ററിന്റെ ആദ്യ ദിവസത്തെ ആദ്യപ്രദര്‍ശനം എല്ലാവര്ക്കും സൗജന്യമായിരിക്കും.
ചിത്രത്തിന്റെ തിരക്കഥ രാജീവ് നാഥും കെ ബി വേണുവും ചേര്‍ന്നാണ് നിര്‍വ്വഹിച്ചത്. ക്യാമറ പ്രവീണ്‍ പണിക്കരും എഡിറ്റിംഗ് ബീനാ പോളും നിര്‍വ്വഹിച്ചിരിക്കുന്നു. കാവാലം നാരായണ പണിക്കരുടെ മകന് കാവാലം ശ്രീകുമാര്‍ ആദ്യമായി സംഗീത സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹെഡ്മാസ്റ്റര് . പ്രഭാവര്‍മ്മയുടേതാണ് വരികള്‍ . ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് പി ജയചന്ദ്രനും നിത്യ മാമ്മനുമാണ്. തമ്പി ആന്റണി, ബാബു ആന്റണി, ജഗദീഷ് , സഞ്ജു ശിവറാം , മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന് , പ്രേംകുമാര്‍ , ബാലാജി, ആകാശ് രാജ്, ദേവ്നാഥ്, മഞ്ജു പിള്ള , ദേവി, സേതു ലക്ഷ്മി, വേണു ജി വടകര എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. അജയ് തുണ്ടത്തിലാണ് ചിത്രത്തിന്റെ പിആര്‍ഒ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..