ന്യൂയോര്‍ക്ക്: ലൈംഗിക പീഡനക്കേസില്‍ ജയിലിലായ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്റ്റീന് 17 മില്യണ്‍ യു.എസ് ഡോളര്‍(123 കോടി രൂപ) പിഴ വിധിച്ച് യു.എസ് കോടതി. കേസില്‍ 68 കാരനായ വെയിന്‍സ്റ്റീന് 23 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. 

വെയിന്‍സ്റ്റിന്റെ സ്വത്തുവകകളെല്ലാം കണ്ടുകെട്ടിയാണ് പീഡനത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത്. നഷ്ടപരിഹാരം നല്‍കുന്നത് കേസുമായി മുന്നോട്ട് പോകുന്നതില്‍ തടസ്സം സൃഷ്ടിക്കുമെന്ന വാദം കോടതി തള്ളിക്കളഞ്ഞു.

ഒട്ടനവധി സ്ത്രീകളാണ് നിര്‍മാതാവിനെതിരേ പീഡനാരോപണവുമായി രംഗത്ത് വന്നത്. അതില്‍ 37 പേര്‍ നിയമനടപടിയുമായി മുന്നോട്ടുവന്നു. ഈ 37 പേര്‍ക്കും നഷ്ടപരിഹാര തുക വീതിച്ചു നല്‍കും. 

മീ ടൂ കാമ്പയിന്റെ ഭാഗമായാണ് ആദ്യം വെയിന്‍സ്റ്റീനെതിരേ ലൈംഗികാരോപണം ഉയര്‍ന്നത്. ഒരു ഹോളിവുഡ് താരമാണ് അതിന് തുടക്കം കുറിച്ചത്. തൊട്ടുപിന്നാലെ ഒട്ടനവധി സ്ത്രീകള്‍ ഇയാള്‍ക്കെതിരേ രംഗത്ത് വന്നു. 

Content Highlights: Harvey Weinstein To Pay 17 Million us dollar To Sexual Abuse Survivors