54-ാം ജന്മദിനമാഘോഷിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടൻ ദിലീപ്. താരത്തിന് ആശംസകൾ നേർന്ന് നടൻ ഹരിശ്രീ അശോകൻ പങ്കുവച്ച പോസ്റ്റ് ചിരിപടർത്തുകയാണ്. ദിലീപ്-ഹരിശ്രീ അശോകൻ‌ കോമ്പോ ഒന്നിച്ച സൂപ്പർഹിറ്റ് ചിത്രം ഈ പറക്കും തളികയിലെ കഥാപാത്രങ്ങളുടെ കാരിക്കേച്ചർ പങ്കുവച്ചാണ് ഹരിശ്രീ അശോകന്റെ ആശംസാ കുറിപ്പ്. 'ഉണ്ണിക്ക് സുന്ദരന്റെ പിറന്നാൾ ആശംസകൾ' ഹരിശ്രീ അശോകൻ കുറിക്കുന്നു....

നസീർ-അടൂർ ഭാസി, മോഹൻലാൽ-ശ്രീനിവാസൻ പോലെ മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച മറ്റൊരു കൂട്ടുകെട്ടാണ് ഹരിശ്രീ അശോകൻ-ദിലീപ് കോമ്പോ. മലയാളികളെ തലയറഞ്ഞ് ചിരിപ്പിച്ച നിരവധി ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പുറത്ത് വന്നിട്ടുണ്ട്. 

ദിലീപുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ച് ഹരിശ്രീ അശോകൻ മുമ്പ് മാതൃഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ- 

"ഞാൻ ദിലീപുമായി ചെയ്ത ചിത്രങ്ങളെല്ലാം അത്രയ്ക്കും ആസ്വദിച്ച് ചെയ്തവയാണ്. എല്ലാം ഹിറ്റ്  ചിത്രങ്ങളുമാണ്, പഞ്ചാബി ഹൗസ്, സിഐഡി, പറക്കും തളിക, മീശമാധവൻ ,കൊച്ചി രാജാവ്,. അങ്ങനെ ഒരുപാട് ഹിറ്റ് സിനിമകളിൽ ഞങ്ങൾ ഒന്നിച്ചു. ഞങ്ങളുടെ കെമിസ്ട്രി അത്രയും നല്ലതായിരുന്നു എന്ന്  പലരും പറഞ്ഞിട്ടുണ്ട്. ആ കോമ്പോ ഇഷ്ടപ്പെടുന്ന കുറേ ആളുകളുണ്ട്.

പറക്കും തളികയുടെ ചിത്രീകരണത്തിന് പറഞ്ഞ സമയത്ത് എനിക്ക് എത്താൻ സാധിച്ചില്ല. തിരുവനന്തപുരത്ത് വേറൊരു സിനിമയുടെ ചിത്രീകരണത്തിൽ പെട്ടുപോയി. പറക്കും തളികയിലാണെങ്കിൽ ദിലീപുമായുള്ള കോമ്പിനേഷൻ സീനുകളാണ് ഏറെയും. എന്നെ മാറ്റി വേറെ ആരെയെങ്കിലും വച്ച് ചെയ്തു കൂടെ എന്ന്  ചർച്ചകളൊക്കെ വന്നു. പക്ഷേ അന്ന് ദിലീപാണ് എനിക്ക് വേണ്ടി കാത്തിരിക്കാമെന്ന് പറഞ്ഞത്. അതൊക്കെ എന്റെ ഭാഗ്യം..." 

2001ൽ താഹയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ പറക്കും തളിക ആ വർഷത്തെ ബ്ലോക്ക് ബസ്റ്റർ‌ ഹിറ്റുകളിൽ ഒന്നായിരുന്നു. ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായ താമരാക്ഷൻ പിള്ള ബസിനെയും എലിയെയുമെല്ലാം ആരാധകർ ഇരു കയ്യും നീട്ടിയാണ സ്വീകരിച്ചത്. ഒടുവിൽ ഉണ്ണികൃഷണൻ,കൊച്ചിൻ ഹനീഫ, നിത്യ ദാസ്, സലിം കുമാർ,ബാബു നമ്പൂതിരി തുടങ്ങിയവർ ഒന്നിച്ച ചിത്രത്തിലെ കൗണ്ടറുകളെല്ലാം ഇന്നും ഹിറ്റാണ്. പല ഭാഷകളിലേക്കും ചിത്രം റീമേയ്ക്ക് ചെയ്യപ്പെട്ട ചിത്രം അവിടെയും ബ്ലോക്ക്ബസ്റ്റർ വിജയം നേടി.

content highlights : Harisree Ashokan Birthday wishes to Dileep Ee Parakkum Thalika movie