മുംബൈ പോലീസ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ഹരീഷ് ഉത്തമന്‍. ഇതിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ആഷിഖ് അബുവിന്റെ മായാനദിയിൽ അഭിനയിക്കുകയാണ്. എന്നാൽ, സ്ക്രീനിലെ ഒരു അഭിനയത്തിന്റെ പേരിൽ തന്റെ ജീവൻ വരെ ഭീഷണിയിലായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് ഹരീഷ്. 

ഭൈരവ് എന്ന ചിത്രത്തിൽ ഇളയദളപതി വിജയിനെ തല്ലുന്ന സീനിൽ അഭിനയിച്ചതിന് ആരാധകരിൽ നിന്ന് വൻ ഭീഷണി ഉണ്ടായതായി ഹരീഷ് ഒരു വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. 

'ഷൂട്ടിങ്ങിന്റെ സമയത്ത് സ്റ്റണ്ട് മാസ്റ്റര്‍ അനല്‍ അരസു സാര്‍ ചിത്രീകരിക്കാന്‍ പോകുന്ന രംഗത്തെക്കുറിച്ച് എനിക്ക് മുന്നറിയിപ്പ്  തന്നിരുന്നു. ആരും ഇതുവരെ വിജയ് സാറിനെ തല്ലിയിട്ടില്ല, നീ ഇപ്പോള്‍ അതാണ് ചെയ്യാന്‍ പോകുന്നത്. അതുകൊണ്ട് സൂക്ഷിക്കണം. സാര്‍ പറഞ്ഞു. അതെന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ.'-ഹരീഷ് പറഞ്ഞു.
 
ഒടുവിൽ ഹരീഷ് വിജയിനെ തല്ലുന്ന രംഗം ചിത്രീകരിച്ചു. ഇതോടെ കഥ മാറി. 'പടം ഇറങ്ങിയതിന് ശേഷം സാമൂഹികമാധ്യമങ്ങള്‍ വഴി വിജയ് ആരാധകരുടെ ഭീഷണിയായിരുന്നു എനിക്ക്. ഞങ്ങളുടെ ദളപതിയുടെ മേലെ നീ കൈ വച്ചുവല്ലേ എന്ന് ചോദിച്ചായിരുന്നു ഭീഷണി. ഞാന്‍ അവരോട് നിങ്ങളുടെ സ്ഥലം പറഞ്ഞാല്‍ അവിടെ വന്ന് കാര്യങ്ങള്‍ വിശദീകരിച്ച് തരാം എന്ന് വരെ പറഞ്ഞു. പിന്നീട് ഇത് വെറുമൊരു സിനിമയാണെന്ന് ഞാന്‍ അവരെ പറഞ്ഞു മനസ്സിലാക്കി. ഒരു വ്യക്തിയെന്ന നിലയ്ക്ക് വിജയ് സാര്‍ എനിക്കൊരു പ്രചോദനമാണ്. അങ്ങനൊരു വ്യക്തിയെ ആരെങ്കിലും തല്ലുമോ? ഞാന്‍ അദ്ദേഹത്തിന്റെ ആരാധകരെ ഇതെല്ലാം പറഞ്ഞ് മനസ്സിലാക്കിച്ചു. അവര്‍ക്ക് പിന്നീട് കാര്യങ്ങള്‍ മനസ്സിലായി. ഭൈരവ എന്റെ കരിയറിലെ വളരെ പ്രധാനപ്പെട്ട ചിത്രമാവുകയും ചെയ്തു.

എനിക്കേറ്റവും പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്ന്. സാധാരണ ജനങ്ങള്‍ക്കിടയിലേക്ക് എനിക്ക് ഇറങ്ങിച്ചെല്ലാനും എന്നെ ആളുകള്‍  തിരിച്ചറിയാനും ആ ചിത്രം ഏറെ സഹായിച്ചു. വിജയ് സാറിനെ പോലൊരു നടനോടൊപ്പം അഭിനയിക്കാന്‍ സാധിച്ചത് വളര്‍ന്നു വരുന്ന എന്നെ പോലൊരു നടനെ സംബന്ധിച്ച് വലിയ കാര്യമാണ്. ഞാന്‍ ഇപ്പോള്‍ എവിടെ പോയാലും തിരിച്ചറിയപ്പെടുന്നുണ്ട്. അതിനു കാരണം ഭൈരവ തന്നെയാണ്"- ഹരീഷ് പറഞ്ഞു.

Content Highlights: Vijay Harish Uthaman, Mayanadhi, Mersel Bhairava, Vijay Fans, Tamil Movie