പൗരത്വനിയമഭേദഗതി വിഷയത്തെച്ചൊല്ലി ഡല്‍ഹിയില്‍ അരങ്ങേറുന്ന കലാപത്തില്‍ പ്രതികരണവുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. തീ കത്തുമ്പോള്‍ കത്തിച്ചവന് എതിരെ നില്‍ക്കുന്നതായിരിക്കണം നമ്മുടെ രാഷ്ട്രീയമെന്ന് ഹരീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പാടിയാല്‍ മതിയെന്നും രാഷ്ട്രീയ പറയേണ്ടെന്നും പറയുന്നവരെയും ഹരീഷ് ശക്തമായി വിമര്‍ശിച്ചു. പാടിയാലും ഇല്ലെങ്കിലും പ്രതികരിക്കേണ്ട സമയത്ത് താന്‍ പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഹരീഷ് ശിവരാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

മതത്തിന്റെ പേരില്‍ മനുഷ്യനെ വിഭജിച്ചും, തമ്മിലടിപ്പിച്ചും, തെരുവുകള്‍ കത്തിച്ചും ഭീതി പരത്തുന്നവര്‍ക്ക് എതിരെ ശക്തമായി പ്രതിഷേധിക്കേണ്ട സമയം ആണ് ഇത്. ചെറുത്തു തോല്‍പ്പിക്കേണ്ട സമയം ആണിത്. 'അവന്മാര്‍ക്ക് രണ്ടെണ്ണം കിട്ടട്ടെ' എന്ന് പറഞ്ഞു ഇതിനു മൂക സാക്ഷ്യം വഹിക്കുന്ന സുഹൃത്തുക്കളോട്, ഈ തീ നമ്മുടെ വീടുകളിലേക്ക് പടരാന്‍ ഏറെ സമയം ഒന്നും ആവില്ല. 

മതം നമ്മളെ പരസ്പരം വെറുക്കാന്‍ പഠിപ്പിക്കുന്നില്ല എന്ന് 'സാരേ ജഹാന്‍ സെ അച്ഛാ' എന്ന ഗാനം പാടി പഠിച്ച നമ്മളാണ് ഇതിനു കൂട്ട് നില്‍ക്കുന്നതെങ്കില്‍ കാലം നമുക്ക് മാപ്പു തരില്ല. തീ കത്തുമ്പോള്‍ കത്തിച്ചവന് എതിരെ നില്‍ക്കുന്നതായിരിക്കണം നിങ്ങളുടെ രാഷ്ട്രീയം. അത് മാത്രം.

: താന്‍ പാടിയ മതി, രാഷ്ട്രീയം പറയണ്ട എന്ന് പറയുന്നവരോട് - പാടിയാലും ഇല്ലെങ്കിലും പ്രതികരിക്കേണ്ടപ്പോ പ്രതികരിക്കുകയും, രാഷ്ട്രീയം പറയുകയും ചെയ്യും. തെരുവ് കത്തിക്കുന്നതിനെ പിന്തുണക്കാന്‍ ന്യായീകരണം പറയുന്നതിനെ അവജ്ഞയോടെ അവഗണിക്കും

Content Highlights: Harish Sivaramakrishnan singer against Delhi Riot, Violence