ഹരീഷ് ശിവരാമകൃഷ്ണൻ | ഫോട്ടോ: www.facebook.com/harishsivaramakrishnan
നഞ്ചിയമ്മയ്ക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നൽകിയതിൽ കൂടുതൽ പ്രതികരണങ്ങൾ പുറത്തുവരികയാണ്. ഇപ്പോൾ നഞ്ചിയമ്മയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. ഗോത്രവർഗ്ഗത്തിൽപ്പട്ട വ്യക്തിക്ക് കൊടുത്ത എന്തോ ഔദാര്യം ആണെന്ന രീതിയിലും, ഗോത്ര വർഗ്ഗത്തിൽ ഉള്ള ഒരാളെ ഉദ്ധരിക്കാൻ കൊടുത്ത അവാർഡ് ആണ് ഇത് എന്ന രീതിയിലും ഉള്ള പ്രതികരണങ്ങളോട് വിയോജിപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംഗീതത്തിന് വേണ്ടി ജീവിച്ചവർക്ക് നഞ്ചിയമ്മയുടെ പുരസ്‌കാരം അപമാനമായി തോന്നില്ലേ എന്ന സംഗീതജ്ഞൻ ലിനു ലാലിന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു ഹരീഷ് ശിവരാമകൃഷ്ണൻ. സംഗീതത്തിന് എന്ത് ചാതുർവർണ്യം ? എന്നുചോദിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്. ലളിതമായത് മോശവും കഠിനമായത് നല്ലതും എന്ന ഒരു വേർതിരിവ് സംഗീതത്തിൽ സാധ്യമല്ല. വളരെ ലളിതമായ പലതും പാടാൻ വളരെ ബുദ്ധിമുട്ട് ആണ് താനും. കർണാടക സംഗീത അഭ്യാസം ഒരു നല്ല ട്രെയിനിങ് തന്നെ ആണ്, നല്ല ഗായകൻ ആവാൻ അത് ഏറെ സഹായിക്കുകയും ചെയ്യും. പക്ഷെ ശാസ്ത്രീയ സംഗീതാഭ്യസനം കൊണ്ട് മാത്രം എല്ലാ സംഗീത ശാഖകളും നിശ്ശേഷം വഴങ്ങും എന്നത് വലിയ തെറ്റിദ്ധാരണ ആണെന്ന് അദ്ദേഹം പറയുന്നു.
നഞ്ചിയമ്മ എന്ന ഗായികയുടെ റെക്കോർഡ് ചെയ്യപ്പെട്ട ഗാനം, അവരുടെ സംഗീത ശാഖയിൽ വളരെ മികച്ച ഒന്നാണ്. ഒരുപക്ഷെ ആ തന്മയത്വത്തോടെ ആ ഗാനം മറ്റൊരാൾക്ക് പാടാനും കഴിയില്ല. അതുകൊണ്ടു തന്നെ അർഹിച്ച അംഗീകാരം ആണ് അവർക്ക് കിട്ടിയത്. ഏറ്റവും നല്ല പിന്നണി ഗായിക ആണ് നഞ്ചിയമ്മ എന്നാണു ജൂറി പറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും നല്ല ഗായിക എന്നല്ല. അവരുടെ തനത് സംഗീത ശാഖയിൽ വളരെ നല്ല ഒരു ഗായിക ആയത് കൊണ്ടാണ് അവർക്ക് ഈ അംഗീകാരം ലഭിച്ചത്. ഹരീഷ് കുറിച്ചു. ഒരു വ്യത്യസ്ത അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ലിനു ലാലിനെതിരെ സോഷ്യൽമീഡിയയിൽ ഉയരുന്ന മോബ് ലിഞ്ചിങ്ങിനോട് കടുത്ത എതിർപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടായിരുന്നോ അയ്യപ്പനും കോശിയിലെ നഞ്ചിയമ്മ പാടിയ പാട്ട്, അല്ലെങ്കിൽ ഏറ്റവും നന്നായി പാടിയ പാട്ടായിരുന്നോ? എനിക്കതിൽ സംശയമുണ്ട്. നഞ്ചിയമ്മയോട് എനിക്ക് യാതൊരു വിരോധവുമില്ല. അവരെ എനിക്ക് അധികം ഇഷ്ടമാണ്. ആ ഫോക് സോങ് അവര് നല്ല രസമായി പാടിയിട്ടുണ്ട്. ഞങ്ങളുള്ള ഒന്നു രണ്ടു വേദിയിൽ ഈ അമ്മ വന്നിട്ടുണ്ട്. പിച്ച് ഇട്ടു കൊടുത്താൽ അതിനു അനുസരിച്ച് പാടാനൊന്നും കഴിയില്ല. അങ്ങനെയുള്ള ഒരാൾക്കാണോ പുരസ്‌കാരം കൊടുക്കേണ്ടത് എന്നാണ് കഴിഞ്ഞദിവസം ഫെയ്സ്ബുക്ക് വീഡിയോയിലൂടെ ലിനു ചോദിച്ചത്.
Content Highlights: Singer Hareesh Sivaramakrishnan, Nanchiyamma, National Film Awards, Linu Lal on Nanchiyamma
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..