കേരള ജനതയെ ഒന്നാകെ ആശങ്കയിലാഴ്ത്തിയ നിപ വൈറസിനെതിരേയുള്ള അതിജീവനത്തിന്റെ കഥയാണ് ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രം. നിപയ്‌ക്കെതിരേയുള്ള പോരാട്ടത്തില്‍ വീണവരും അതിനെ തരണം ചെയ്തവരുമായ സാധാരണക്കാരും രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവരും ഡോക്ടര്‍മാരുമെല്ലാം ചിത്രത്തിന്റെ ഭാഗമാണ്.

ഇവരില്‍ നിന്നെല്ലാം നേരിട്ട് അറിഞ്ഞ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ആഷിഖ് ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ആഷിഖിനെതിരേ വിമര്‍ശനവുമായി വന്നിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. നിപയുടെ ചരിത്രം പ്രമേയമാക്കിയ സിനിമയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനെ പരാമര്‍ശിക്കാതിരുന്നത് ചരിത്രനിഷേധമാണെന്ന് പേരടി പറയുന്നു. ഇത് വരും തലമുറയോട് ചെയ്യുന്ന അനീതിയാണെന്നും മഹാരാജാസിലെ എസ്എഫ്‌ഐക്കാരനായ ആഷിഖിന് അതിന് പോലും ഇതിന് പറ്റിയിട്ടില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ചരിത്രത്തിന്റെ മുന്നില്‍ തെളിഞ്ഞ് നില്‍ക്കാന്‍ പറ്റുകയെന്നും പേരടി ചോദിക്കുന്നു

ഹരീഷ് പേരടി ഫെയ്‌സ്ബുക്ക് പോസ്റ്റ്

എല്ലാ കഥാപാത്രങ്ങളും ഒര്‍ജിനലായിട്ടും ശരിക്കും ഒര്‍ജിനലായ ഒരാള്‍ മാത്രം കഥാപാത്രമാവുന്നില്ല .... ഇത്രയും ദീര്‍ഘവീക്ഷണമുള്ള ഒരു മുഖ്യമന്ത്രിയെ പരാമര്‍ശിക്കാതെ നിപയുടെ ചരിത്രം സിനിമയാക്കുന്നത് ചരിത്ര നിഷേധമാണ്... വരും തലമുറയോട് ചെയ്യുന്ന അനിതിയാണ്. പ്രത്യകിച്ചും സിനിമ എന്ന മാധ്യമം ഒരു പാട് തലമുറയോട് നേരിട്ട് സംസാരിക്കുന്ന ഒരു ചരിത്ര താളായി നില നില്‍ക്കുന്നതുകൊണ്ടും ....ശൈലജ ടീച്ചറുടെ സേവനം മുഖവിലക്കെടുത്തു കൊണ്ടു തന്നെ പറയട്ടെ ഈ പിണറായിക്കാരനെ മറന്ന് കേരള ജനതക്ക് ഒരു നിപകാലവും പ്രളയകാലവും ഓര്‍ക്കാനെ പറ്റില്ലാ...മഹാരാജാസിലെ എസ്എഫ്‌ഐക്കാരനായ നിങ്ങള്‍ക്കു പോലും ഇത് പറ്റിയിട്ടില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ആഷിക്ക് ചരിത്രത്തിന്റെ മുന്നില്‍ തെളിഞ്ഞ് നില്‍ക്കാന്‍ പറ്റുക ....

Hareesh Peradi

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, സുധീഷ്, സൗബിന്‍ ഷാഹിര്‍, ആസിഫ് അലി, ഇന്ദ്രജിത്ത്, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്, റഹ്മാന്‍, പാര്‍വതി, രേവതി, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ മഡോണ സെബാസ്റ്റ്യന്‍ തുടങ്ങി വലിയൊരു താരനിര തന്നെ വൈറസിന്റെ ഭാഗമാകുന്നുണ്ട്. കഥ മുഹ്‌സിന്‍ പരാരിയും സുഹാസും ഷറഫും ചേര്‍ന്നാണ്. രാജീവ് രവിയും ഷൈജു ഖാലിദുമാണ് ഛായാഗ്രഹണം. സംഗീതം സുഷിന്‍ ശ്യാം ആണ്. സൈജു ശ്രീധരനാണ് എഡിറ്റിങ്. 

Content Highlights : Hareesh Peradi On Virus Movie About Nipah Virus Aashiq Abu