ഹരീഷ് പേരടി ഇന്ദ്രൻസിനൊപ്പം, വി.എൻ വാസവൻ
നിയമസഭയില്‍ മന്ത്രി വിഎന്‍ വാസവന്‍ കോണ്‍ഗ്രസിനെയും ഇന്ദ്രന്‍സിനെയും താരതമ്യം ചെയ്തു നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. ഫാന്‍സ് അസോസിയേഷന്‍ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളില്‍ ഒന്നാം സ്ഥാനത്തെത്തിയ, രാജ്യാന്തര പുരസ്‌കാരങ്ങള്‍ വാങ്ങിയ മഹാനടനാണ് ഇന്ദ്രന്‍സ് എന്ന് ഹരീഷ് പേരടി പ്രതികരിച്ചു. സാംസ്‌കാരിക മന്ത്രിയും അയാളുടെ വിവരക്കേടും ജനങ്ങളുടെ അര്‍ഹതപ്പെട്ട തെരഞ്ഞെടുപ്പായി കാണാനാണ് തത്കാലം നമ്മുടെ വിധിയെന്നും ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഹരീഷ് പേരടിയുടെ കുറിപ്പ്
വട്ട പൂജ്യത്തില്‍ എത്തിയാലും എപ്പോള്‍ വേണമെങ്കിലും ഇന്ത്യയില്‍ അത്ഭുതങ്ങള്‍ ഉണ്ടാക്കാവുന്ന ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ് ...കാരണം അതിന് കൃത്യമായ സംഘടനാ സംവിധാനങ്ങളില്ലാ എന്നതുതന്നെയാണ് അതിന്റെ മഹത്വം ...ആര്‍ക്കും ആരെയും ചോദ്യം ചെയ്യാം..എത്ര ഗ്രൂപ്പുകള്‍ ഉണ്ടാക്കിയാലും ആരും കുലംകുത്തിയാവില്ല...ആരെയും പടിയടച്ച് പിണ്ഡം വെക്കില്ല...അതുകൊണ്ട്തന്നെ ജനാധിപത്യത്തില്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനം എപ്പോഴും ഒന്നാമതാണ്..കൊടിയുടെ മുകളില്‍ എഴുതിവെച്ച കൃത്രിമമായ സ്വാതന്ത്യവും സോഷ്യലിസവും ജനാധിപത്യവും അല്ല അതിനുള്ളില്‍...മനുഷ്യന്റെ എല്ലാ ഗുണവും ദോഷവും അടങ്ങിയ പാര്‍ട്ടി...വികാരങ്ങളെ നിയന്ത്രിക്കാത്ത മനുഷ്യരുടെ പാര്‍ട്ടി...എപ്പോള്‍ വേണമെങ്കിലും തിരിച്ചു വരാം..അതുപോലെ തന്നെയാണ് ഇന്ദ്രന്‍സേട്ടനും..ഫാന്‍സ് അസോസിയേഷന്‍ എന്ന സംഘടനാ സംവിധാനമില്ലാതെ ജനമനസ്സുകളില്‍ ഒന്നാം സ്ഥാനത്തെത്തിയ,രാജ്യാന്തര പുരസ്‌കാരങ്ങള്‍ വാങ്ങിയ മഹാനടന്‍...എപ്പോഴും അത്ഭുതങ്ങള്‍ സൃഷ്ടിക്കാവുന്ന നടന്‍...പിന്നെ സാംസ്‌കാരിക മന്ത്രിയും അയാളുടെ വിവരകേടും..എല്ലാ ജനതയും അവര്‍ക്ക് അര്‍ഹതപ്പെട്ടതെ തിരഞ്ഞെടുക്കാറുള്ളു...അങ്ങിനെ കാണാനാണ് തത്കാലം നമ്മുടെ വിധി...
ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നുവെന്നതായിരുന്നു മന്ത്രിയുടെ പരാമര്‍ശം.2022 ലെ കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ സഭയില്‍ അവതരിപ്പിക്കുന്നതിനിടെ ഹിമാചല്‍ പ്രദേശിലേയും ഗുജറാത്തിലേയും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ രാഷ്ട്രീയം ചര്‍ച്ചയാക്കിയതോടെയാണ് വാസവന്‍ ഈ രീതിയില്‍ പരാമര്‍ശം നടത്തിയത്.
'സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം ഭരണം കൈമാറി തന്നതാണ് കോണ്‍ഗ്രസിന്. ഇപ്പോള്‍ എവിടെയെത്തി?. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി പൊതുവിലെടുത്താല്‍ ഹിന്ദിസിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നു.' വാസവന്‍ പറഞ്ഞു.
അതേസമയം പരാമര്‍ശം ബോഡിഷെയിമിങ് ആണെന്ന് പ്രതിപക്ഷ നേതാവ് വിടി സതീശന്‍ സഭയില്‍ ചൂണ്ടിക്കാട്ടി. സാംസ്‌കാരിക മന്ത്രിയായ വിഎന്‍ വാസവന്‍ ആ പ്രസ്താവന പിന്‍വലിക്കണമെന്നും വിടി സതീശന്‍ ആവശ്യപ്പെട്ടു. പരാമര്‍ശം വിവാദമായതോടെ അത് രേഖകളില്‍ നിന്ന് നീക്കാന്‍ വിഎന്‍ വാസവന്‍ സ്പീക്കര്‍ക്ക് കത്തുനല്‍കി.
Content Highlights: Hareesh Peradi actor criticizes vn vasavan minister, indrans, congress, body shaming
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..