സംസ്ഥാന സിനിമാ പുരസ്‌കാര ചടങ്ങില്‍ മികച്ച നടനുള്ള പുരസ്‌കാരം വിനായകന് സമ്മാനിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി. ദളിതനെന്ന് സ്വയം പ്രഖ്യാപിച്ച വലിയ നടനും മനുഷ്യനുമായ വിനായകന് പുരസ്‌കാരം നല്‍കിയത് പിണറായിയുടെ രാഷ്ട്രീയ ജീവിതത്തെ സമ്പന്നമാക്കുന്നുവെന്ന് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

'അടിയന്തരാവസ്ഥയുടെ ഭീകരത ഓര്‍മ്മപെടുത്താന്‍ ചോരകറയുള്ള കുപ്പായവുമിട്ട നിയമസഭയിലേക്ക് കയറി വന്ന പ്രിയപ്പെട്ട സഖാവേ... ഞാന്‍ ദളിതനാണെന്ന് സ്വയം പ്രഖ്യാപിച്ച ഈ വലിയ നടന് അതിനുമപ്പുറം ഈ വലിയ മനുഷ്യന് സ്വന്തം കൈകാണ്ട് അവാര്‍ഡ് കൊടുക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് നിങ്ങളുടെ രാഷ്ട്രീയ ജീവതത്തെ സമ്പന്നമാക്കുന്നത് ... പിന്നെ എന്തിനാണ് വെറെ എരുവും പുളിയും ...ലാല്‍സലാം...'

രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രമാണ് വിനായകനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. അതേ ചിത്രത്തിലെ അഭിനയത്തിന് മണികണ്ഠന്‍ ആചാരി മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടു. 

സംസ്ഥാന അംഗീകാരം ലഭിച്ച സിനിമകള്‍ പുരോഗമനാശയങ്ങളുടെ ആവിഷ്‌കാരമാണെന്നും തമസ്‌ക്കരിക്കപ്പെട്ടവരുടെ ജീവിതകഥാഖ്യാനങ്ങളെന്നുമാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. സമകാലിക ഇന്ത്യയില്‍ അവയ്ക്ക് ഏറെ പ്രാധാന്യവുമുണ്ട്. കീഴാളരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ജീവിതത്തിലേക്ക് സിനിമ തിരിച്ചുവന്നിരിക്കുന്നത് കാലത്തിന്റെ ആവശ്യമാണ്- മുഖ്യമന്ത്രി പുര്‌സ്‌കാരദാന ചടങ്ങിന് ശേഷം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.