ഹരീഷ് പേരടി | ഫോട്ടോ: മാതൃഭൂമി
കലാകാരൻ അവന്റെ കടമ നിർവഹിച്ച് മുന്നോട്ടുപോകുമ്പോൾ പ്രത്യേക രാഷ്ട്രീയ സാഹചര്യം ഉണ്ടാവുന്നതെങ്ങനെയെന്ന് മനസിലാവുന്നില്ലെന്ന് നടൻ ഹരീഷ് പേരടി. പു ക സ സംഘടിപ്പിച്ച ശാന്തൻ അനുസ്മരണത്തിൽ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് മാതൃഭൂമിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പു ക സയുടെ ചടങ്ങിൽ നിന്ന് എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്നുള്ളതിനുള്ള കാരണം അവരാണ് പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"പു ക സയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെല്ലാം വർഷങ്ങളായി പരിചയമുള്ളവരാണ്. ഇങ്ങനെയൊരു പരിപാടിക്ക് എന്നെ ദിവസങ്ങൾക്ക് മുന്നേ വിളിച്ചിരുന്നു. കാരണം ശാന്തന്റെ അടുത്ത സുഹൃത്താണ് ഞാൻ. നാടകത്തിൽ ഒരുപാടുകാലം ഒന്നിച്ച് പ്രവർത്തിച്ചവരാണ്. ശാന്തന്റെ ഓർമ മൂന്ന് നാല് സംഘടനകളെങ്കിലും നടത്തുന്നുണ്ട്. അതിലേക്ക് ആദ്യം വിളിച്ചത് പു ക സയായിരുന്നു. അതുകൊണ്ടാണ് ആദ്യം അവരുടെ പരിപാടിയേറ്റത്. പിന്നെ വിളിച്ച മറ്റവർക്കൊന്നും കൊടുക്കാൻ ഷൂട്ടിങ് തിരക്കുള്ളതുകൊണ്ട് ഡേറ്റും ഇല്ലായിരുന്നു. പിന്നെ ഉത്തരവാദിത്തപ്പെട്ട ഒരു പരിപാടി, ഞാനും വരേണ്ടത് ആവശ്യമാണല്ലോ എന്നുകരുതി".
"കോയമ്പത്തൂരിൽ നിന്ന് വീട്ടിലെത്തി പരിപാടിയുടെ തലേദിവസം അവർ വിളിച്ചിട്ട് എന്തായാലും വരണമെന്ന് പറഞ്ഞു. പിറ്റേന്ന് രാവിലെ അങ്ങനെയാണ് പുറപ്പെട്ടത്. ഏകദേശം കുന്നംകുളം എത്തിയപ്പോഴാണ് ഫോൺ വരുന്നത്. പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയിൽ പരിപാടിയിൽ നിന്ന് ഹരീഷ് മാറിനിൽക്കണം എന്നാണ് പറഞ്ഞത്. ശാന്തൻ എന്റെ സുഹൃത്തായതിനാലും അവന്റെ ഓർമ പരിപാടി നന്നായി നടക്കണമെന്നതിനാലും ഞാൻ മാറിനിൽക്കുന്നതാണ് അവരുടെ ആവശ്യമെങ്കിൽ അങ്ങനെയാവാം എന്ന് ഞാൻ പറഞ്ഞു. സർക്കാരിനെ വിമർശിച്ച് പോസ്റ്റിട്ടതാണോ ഇതിന് കാരണമെന്ന് പറയേണ്ടത് ഞാനല്ലല്ലോ".
"വാർത്ത വന്നതിന് ശേഷം പു ക സ അധികൃതർ ബന്ധപ്പെട്ടിട്ടില്ല. ഞാൻ ശാന്തന്റെ എത്രമാത്രം അടുത്ത സുഹൃത്താണെന്ന് നാടകപ്രവർത്തകർക്കെല്ലാം അറിയാം. അങ്ങനെയൊരു പരിപാടിക്ക് സിനിമയുടെ തിരക്ക് കാരണം മാറിനിന്നു എന്നു പറയുമ്പോൾ സുഹൃത്തുക്കളോടുള്ള ആത്മാർത്ഥയുണ്ടെനിക്ക്. അതുകൊണ്ടാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. എന്തുകൊണ്ടാണ് വരാതിരുന്നത് എന്നതിനുള്ള സത്യം പറയണമല്ലോ".
ഇടപെടലുകളുടേയും അഭിപ്രായം പറയുന്നതിന്റേയുമൊക്കെ ഒരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം പുലർത്തുക എന്നത് എല്ലാക്കാലത്തും ഒരു കലാകാരന്റെ ഏറ്റവും വലിയ കടമയാണ്. അത് പുലർത്തി മുന്നോട്ടുപോവുമ്പോൾ ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യം എങ്ങനെയാണ് ഉരുത്തിരിഞ്ഞുവരുന്നതെന്ന് മനസിലാവുന്നില്ല. വിമാനയാത്രയിൽ മുഖ്യമന്ത്രിയ്ക്കെതിരെ നടന്ന പ്രതിഷേധവും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി കെ.പി.സി.സി ഓഫീസിലിരിക്കുമ്പോൾ ഉണ്ടായ ആക്രമണവും രണ്ടും പ്രതിഷേധാർഹമാണ്. ഇതിന്റെ പേരിൽ കേരളത്തിൽ കലാപമുണ്ടാവാൻ പാടില്ല എന്നാണ് ഞാൻ പറഞ്ഞത്. അതൊരു കലാപ്രവർത്തകൻ പറയേണ്ട കാര്യമല്ലേ? കേരളം കലാപഭൂമി ആയിക്കോട്ടെ എന്നായിരുന്നോ പറയേണ്ടിയിരുന്നത് എന്ന് അദ്ദേഹം ചോദിച്ചു.
മറ്റ് സാംസ്കാരികപ്രവർത്തകർ സമീപകാലവിഷയങ്ങളിൽ എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് അവരോട് ചോദിക്കണം. നമ്മൾ നമ്മളുടെ കാര്യം പറയുമെന്നും ഹരീഷ് പേരടി പ്രതികരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..