ലോകസഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തെക്കുറിച്ച് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിനിടെ സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിന് നടന്‍ വിനായകനെതിരേ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ആക്രമണം നടക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി മുന്നോട്ടു വെച്ച ആശയം കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ സ്വീകരിക്കപ്പെടാതെ പോയതില്‍ സന്തോഷമുണ്ടെന്നാണ് വിനായകന്‍ പറഞ്ഞത്. കേരളത്തില്‍ ബിജെപി ആര്‍ എസ് എസ് എന്നിവയ്ക്ക വളര്‍ച്ച സാധ്യമല്ലെന്നും വിനായകന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നടനെതിരേ സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷവിമര്‍ശനങ്ങളും പരിഹാസവും ഉയർന്നത്. വിനായകന്റെ സിനിമകള്‍ കാണില്ലെന്ന തരത്തില്‍ ഭീഷണിസ്വരങ്ങളും അക്കൂട്ടത്തിലുണ്ട്.

ഇപ്പോള്‍ ഈ വിഷയത്തില്‍ വിനായകനെക്കുറിച്ചുള്ള പ്രതികരണമറിയിച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. തൊട്ടപ്പന്‍ എന്ന ഏറ്റവും സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷന്റെ ഭാഗമായാണ് വിനായകനെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ എന്നു കരുതുന്ന ഒരു സമൂഹം ഇവിടെയുണ്ടെന്നും അവരോടല്ല, മറിച്ച് ലോകത്തില്‍ മാറ്റം വരണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവരോടാണ് താന്‍ സംസാരിക്കുന്നതെന്നും പറഞ്ഞുകൊണ്ട് ഹരീഷ് തുടരുന്നു. 'സിനിമയില്‍ പുറത്ത് പറയാത്ത, പുറത്ത് അറിയാത്ത രീതിയിലുള്ള നായര്‍, മുസ്ലിം, ക്രസ്ത്യാനി കൂട്ടായ്മകള്‍ നിലവിലുണ്ട്... ഇതിനെ മറികടക്കാന്‍ സര്‍ക്കാര്‍ സഹായം കിട്ടുന്ന സിനിമകളില്ലെങ്കിലും 50 ശതമാനം ദളിത് സംവരണം നടപ്പിലാക്കിയെപറ്റു.... അതുപോലെ ദളിത് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സ്ത്രിയായാലും പുരുഷനായാലും ദളിത് സമൂഹത്തില്‍ പ്പെട്ട വ്യക്തിയാകുമ്പോള്‍ ആ സിനിമക്ക് പ്രത്യേക സബ്‌സിഡി ഉണ്ടാകണം... ഇത് വായിക്കുമ്പോള്‍ നിങ്ങള്‍ ചിരിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ മനസ്സിലെ സവര്‍ണ്ണബോധം ഇനിയും കഴുകി കളയേണ്ടിയിരിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തലാണ് ആ ചിരി... സര്‍ക്കാറിന് മാത്രമല്ല സിനിമാ നിര്‍മ്മാണ കമ്പനികള്‍ക്കും ഈ രീതി സ്വീകരിക്കാവുന്നതാണ് ....ഇങ്ങിനെയല്ലാതെ ഇതിനെ നേരിടാന്‍ പറ്റില്ലാ... അതു കൊണ്ട് ഞാന്‍ വിനായകനോടൊപ്പമല്ല... ഒരു പാട് വിനായകന്‍മാരൊടൊപ്പമാണ് ....' ഹരീഷ് പേരടി പറയുന്നു.

വിനായകന്റെ രാഷ്ട്രീയനിലപാടുകള്‍ സംബന്ധിച്ച വിവാദങ്ങള്‍ കത്തിനില്‍ക്കുമ്പോഴാണ് തന്നെ നടനെ കേന്ദ്രകഥാപാത്രമാക്കി ആഷിക്ക് അബു അയ്യങ്കാളി എന്ന ഒരു ചിത്രം ചെയ്യാന്‍ പോവുകയാണെന്ന സൂചനയും അക്കൂട്ടത്തില്‍ ഇടം പിടിക്കുന്നത്. ഏറെ നാളായി സിനിമാലോകത്ത് സംസാരവിഷയമായിരുന്ന ഈ ചിത്രം താന്‍ ചെയ്യുന്നുണ്ടെന്ന് ആഷിക്ക് അബു തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ജൂണ്‍ ഏഴിന് റിലീസാകാനിരിക്കുന്ന വൈറസിന്റെ തിരക്കുകള്‍ക്കു ശേഷം സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങുമെന്നും സാംകുട്ടി പട്ടംകരിയും ശ്യാം പുഷ്‌കരനും ചേര്‍ന്ന് തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ എക്‌സ്‌പ്രെസിനു നല്‍കിയ അഭിമുഖത്തില്‍ ആഷിക്ക് അബു പറഞ്ഞിരുന്നു. വിനായകനാണു നായകനെന്നു ആഷിക്ക് പറഞ്ഞിട്ടില്ലെങ്കിലും സോഷ്യല്‍മീഡിയ അതു ഉറപ്പിച്ചിരിക്കുകയാണ്.
 
കഴിഞ്ഞ ദിവസം നടന്‍ തന്റെ ഫെയ്​സ്ബുക്കിലെ പ്രൊഫൈല്‍ ഹിന്ദു മതദൈവങ്ങളായ കാളിയും കവര്‍ ഫോട്ടോ അയ്യപ്പന്റെയുമാക്കിയിരുന്നു. ഇതും സൂചനകളെ അരക്കിട്ടുറപ്പിക്കുന്നതാണെന്നാണ് ആരാധകരുടെ വാദം.

hareesh

Content Highlights : cyber attack against actor Vinayakan, Vinayakan about BJP-RSS, 2019 Loksabha elections, Vinayakan facebook, Hareesh Peradi about Vinayakan