കൊച്ചി: നവാഗതനായ ഒമര്‍ സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് കേരളത്തിലെ തിയേറ്ററുകളില്‍ 75 ദിവസങ്ങള്‍ പിന്നിട്ടു. മെയ് 20ന് കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം പി.വി.ആര്‍, സിനിപോളിസ് ഉള്‍പ്പെടെ 21 എ ക്ലാസ് സെന്ററുകളില്‍ ഇപ്പോഴും ഓടുന്നുണ്ട്. എല്ലാ വീക്കെന്‍ഡുകളിലും ഹൗസ്ഫുള്ളായ ചിത്രത്തിന് വീക്ക്‌ഡെയ്‌സില്‍ പോലും ഇടയ്ക്ക് ഹൗസ്ഫുള്‍ ആകാറുണ്ടെന്ന് സംവിധായകന്‍ ഒമര്‍ ലുലു മാതൃഭൂമിയോട് പറഞ്ഞു. 

രണ്ടരക്കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന് ആഗോള തലത്തില്‍ 13 കോടി രൂപയോളം ഗ്രോസ് കളക്ഷന്‍ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ തിയ്യറ്ററുകളില്‍നിന്ന് 9.70 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. കമ്മട്ടിപ്പാടം, കസബ, അനുരാഗ കരിക്കിന്‍വെള്ളം, കബാലി എന്നി സിനിമകള്‍ക്കിടയിലാണ് സ്റ്റാര്‍ കാസ്റ്റ് ഇല്ലാതെ ഹാപ്പി വെഡ്ഡിംഗ് മികച്ച വിജയം കൈവരിച്ചിരിക്കുന്നത്. 

പ്രേമം സിനിമയിലൂടെ പ്രശസ്തരായ സിജു വില്‍സണ്‍, ഷറഫുദ്ദിന്‍, സൗബിന്‍ സാഹിര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അനു സിത്താരയും ദൃശ്യയുമാണ് നായികമാര്‍. പുതുമുഖങ്ങളെ വെച്ച് സിനിമ എടുത്ത് വിജയിപ്പിച്ചതിന്റെ ആത്മവിശ്വാസത്തില്‍ അടുത്ത പ്രൊജക്ടിനായുള്ള തയ്യാറെടുപ്പിലാണ് ഒമര്‍. തൃശൂരുകാരനായ ഒമര്‍ തന്റെ ആദ്യ ചിത്രത്തിലൂടെ പറഞ്ഞതും തൃശൂരിനെ ചുറ്റിപറ്റിയുള്ള കഥയായിരുന്നു. വിവാഹ ബ്യൂറോ തട്ടിപ്പുകള്‍, രണ്ട് പകുതിയിലായുള്ള നായകന്റെ രണ്ട് പ്രണയങ്ങള്‍ എന്നിവയായിരുന്നു ഹാപ്പി വെഡ്ഡിംഗിന്റെ കഥ. സിനിമയുടെ വിജയം പ്ലസ് ടൂ വിദ്യാര്‍ത്ഥിയായ ദൃശ്യയ്ക്കും നിരവധി ഓഫറുകള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍, പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയശേഷം മാത്രം അഭിനയം എന്ന നിശ്ചയദാര്‍ഢ്യത്തിലാണ് ദൃശ്യ. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍നിന്ന് ഓഫറുകള്‍ വന്നിട്ടുണ്ടെന്നും, വന്നതെല്ലാം നല്ല ഓഫറുകളാണെങ്കിലും മാര്‍ച്ചില്‍ പരീക്ഷ കഴിയുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനമെന്നും ദൃശ്യയുടെ അമ്മ മാതൃഭൂമിയോട് പറഞ്ഞു. ഹാപ്പി വെഡ്ഡിംഗിന്റെ വിജയം അനു സിത്താരയ്ക്ക് സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തില്‍ മിയക്ക് പകരക്കാരിയായ വേഷം നേടികൊടുക്കുകയും ചെയ്തു.