പ്രിയപ്പെട്ടവരുടെ സ്‌നേഹം പിടിച്ചു പറ്റാന്‍ എന്തു സാഹസത്തിനും തയ്യാറാവും ചിലര്‍. സ്‌നേഹിക്കുന്നവര്‍ക്ക് ചങ്കു പറിച്ചു കൊടുക്കും എന്നൊക്കെ പറയാറുണ്ട്. കമ്പ്യൂട്ടര്‍ വിദഗ്ധനായ അലോക് ശര്‍മ തന്റെ കാമുകിയ്ക്ക് നല്‍കിയ സമ്മാനത്തിന് സമാനതകളില്ല. അമേരിക്കന്‍ ടെലിവിഷന്‍ സീരീസായ ഗെയിം ഓഫ് ത്രോണ്‍സിന്റെ ഇറങ്ങാത്ത എപ്പിസോഡാണ്  അലോക് കാമുകിയ്ക്ക് വേണ്ടി ചോര്‍ത്തിയത്.

സംഭവം ഇങ്ങനെ, ഗെയിം ഓഫ് ത്രോണ്‍സിന്റെ കടുത്ത ആരാധികയാണ് അലോകിന്റെ കാമുകി. പ്രിയതമയ്ക്കൊരു സമ്മാനം നൽകാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല  നല്ല ഹാക്കർ കൂടിയായ അലോകിന്. ഗെയിം ഓഫ് ത്രോണ്‍സിന്റെ നാലാമത്തെ എപ്പിസോഡ് ചോര്‍ത്തി കാമുകിയ്ക്ക് സമ്മാനിച്ചു. അലോകിന്റെ കാമുകിയാവട്ടെ ആ എപ്പിസോഡ് കാണുക മാത്രമല്ല മറ്റുള്ളവര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ഓണ്‍ലൈനില്‍ വ്യാപകമായി ഗെയിം ഓഫ് ത്രോണ്‍സ് പ്രചരിച്ചു.

സ്റ്റാര്‍ ഇന്ത്യയുടെ വാട്ടര്‍മാര്‍ക്കോടു കൂടിയാണ് വീഡിയോ പ്രചരിച്ചത്. ഹോട്ട്‌സ്റ്റാറാണ് എച്ച്ബിയോയുടെ ഇന്ത്യയിലെ ഔദ്യോഗിക പങ്കാളി. ചോര്‍ന്നതിന്റെ ഉത്തരവാദിത്തം ഹോട്ട്‌സ്റ്റാര്‍ ഏറ്റെടുത്തു. മാത്രമല്ല പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടക്കത്തില്‍ വീഡിയോ കയ്യില്‍ വച്ച നാല് യുവാക്കളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അവരില്‍ നിന്നാണ് അലോകിന്റെ കാമുകിയിലേക്കും തുടര്‍ന്ന് അലോകിലേക്കും പോലീസ് എത്തിയത്. ഉടനെ അലോകിനെയും കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലില്‍ അലോക് കുറ്റം സമ്മതിച്ചു. കാമുകിയുടെ പ്രീതി പിടിച്ച് പറ്റാനാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് അലോക് പോലീസിനോട് പറഞ്ഞു.