
-
സംവിധായകന് ജയരാജിന്റെ ചിത്രമായ ഹാസ്യം ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 23ാം പതിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജയരാജിന്റെ നവരസ പരമ്പരയിലെ എട്ടാമത്തെ സിനിമയാണ് ഹാസ്യം.
സമൂഹത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന 'ജപ്പാന്' എന്നയാളുടെ ജീവിതത്തെ ആധാരമാക്കിയാണ് ചിത്രം കഥ പറയുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായി കഡാവര്‍ (മൃതദേഹം) എത്തിക്കുന്നതടക്കമുള്ള ജോലികള്‍ ചെയ്തു ജീവിക്കുന്നയാളാണ് 'ജപ്പാന്'. ഹരിശ്രീ അശോകനാണ് കേന്ദ്രകഥാപാത്രമായ ജപ്പാനെ അവതരിപ്പിക്കുന്നത്. ചലച്ചിത്രമേളയുടെ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുത്തിരിക്കുന്നത്.

കറുത്തഹാസ്യം(ബ്ലാക്ക് ഹ്യൂമര്‍) എന്ന ജോണറിലാണ് ചിത്രം കഥ പറയുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. സബിത ജയരാജ്, ഉല്ലാസ് പന്തളം, ഷൈനി സാറ, കെപിഎസി ലീല, ഡോ. പി.എം. മാധവന്, വാവച്ചന് എന്നിവര്‍ ഹാസ്യത്തില്‍ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നതും ജയരാജാണ്.
എപ്പോക്ക് ഫിലിംസിന്റെ ബാനറില്‍ ജഹാംഗീര്‍ ഷംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വിനോദ് ഇല്ലമ്പള്ളി (ഡിഒപി), വിപിന്‍ മണ്ണൂര്‍ (എഡിറ്റിങ്), സുജിത് രാഘവ് (ആര്‍ട്ട്), രതീഷ് അമ്പാടി (മേക്കപ്പ്), അജി മുളമുക്ക് (കോസ്റ്റ്യൂം), സജി കോട്ടയം (പ്രൊഡക്ഷന്‍ കണ്ട്രോളര്), ഷൈന്‍ കാഞ്ഞിരപ്പള്ളി (ലൊക്കേഷന്‍ സൗണ്ട്സ്), ജയേഷ് പാടിച്ചാല്‍ (സ്റ്റില്‍സ്) എന്നിവരാണ് അണിയറയില്‍.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജൂണില്‍ നടക്കേണ്ട ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രമേള മാറ്റിവച്ചിരിക്കുകയാണ്. ജൂലൈ 18 മുതല്‍ 27 വരെ ആയി മേള നടക്കുമെന്ന് ഇപ്പോള്‍ പ്രതീക്ഷിക്കപ്പെടുന്നത്.
കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് കര്‍ശനമായ മാനദണ്ഡങ്ങള്‍ അനുസരിച്ച് ആയിരിക്കും ചലചിത്രമേള നടക്കുക.
Content Highlights: Haasyam malayalam film by Jayaraj selected to shanghai film
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..