ഞ്ചാബിലെ ഗുരുദാസ്പുര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിയായ ബോളിവുഡ് താരം സണ്ണി ഡിയോള്‍ വാഹനാപകടത്തില്‍ നിന്ന് പരിക്കില്ലാതെ രക്ഷപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സണ്ണിയുടെ വാഹനവ്യൂഹം ഒരു കൂട്ടയിടിയില്‍ പെടുകയായിരുന്നു.

ഫത്തേഗഡ് ചുരിയാനിലേയ്ക്ക് പോവുകയായിരുന്ന വാഹനവ്യൂഹം സൊഹല്‍ ഗ്രാമത്തില്‍ എത്തിയപ്പോഴായിരുന്നു അപകടം. സൊഹലിലെ ഗുരുദ്വാരയ്ക്ക് സമീപമെത്തിയപ്പോള്‍ ഓടിക്കൊണ്ടിരിക്കെ ടയര്‍ പൊട്ടി സണ്ണി സഞ്ചരിച്ച എസ്.യു.വി നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. നാല് വാഹനങ്ങളാണ് ഇടിച്ചത്. ഇതില്‍ ഒന്ന് സണ്ണിയുടെ വാഹനവ്യൂഹത്തില്‍ പെടാത്ത ഗ്രാമവാസിയുടേതാണ്.

എന്നാല്‍, വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും അപകടത്തില്‍ സണ്ണി ഉള്‍പ്പടെ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

ഗുരുദാസ്പുരില്‍ സണ്ണി ഡിയോളും സിറ്റിങ് എം.പി. കോണ്‍ഗ്രസിന്റെ സുനില്‍ ഝക്കറും തമ്മിലാണ് ഇവിടെ മത്സരം. 2014 ലെ തിരഞ്ഞെടുപ്പില്‍ ബോളിവുഡ് താരം വിനോദ് ഖന്നയായിരുന്നു ബി.ജെ.പി. ടിക്കറ്റില്‍ ഇവിടെ നിന്ന് ജയിച്ചത്. എന്നാല്‍, വിനോദ് ഖന്നയുടെ മരണത്തെ തുടര്‍ന്ന് 2017ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സുനില്‍ ഝക്കര്‍ വന്‍ ഭൂരിപക്ഷത്തിന് മണ്ഡലം തിരിച്ചുപിടിക്കുകയായിരുന്നു.

മുന്‍ കേന്ദ്രമന്ത്രിയും മുന്‍ ലോക്‌സഭാ സ്പീക്കറുമായ ബല്‍റാം ഝക്കറിന്റെ മകനാണ് സുനില്‍ ഝക്കര്‍.

Content Highlights: Gurdaspur  BJP Candidate Sunny Deol s motor Cavalcade Met With An Accident During Election Campaign