'ചെല്ലോ ഷോ' സിനിമയുടെ പോസ്റ്ററുകൾ | ഫോട്ടോ: twitter.com/PanNalin
ഗുജറാത്തി ചിത്രം ചെല്ലോ ഷോ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ, വിവേക് അഗ്നിഹോത്രിയുടെ കശ്മീർ ഫയൽസ് എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് ചെല്ലോ ഷോ ഓസ്കാറിലേക്കെത്തിയിരിക്കുന്നത്. പാൻ നളിൻ ആണ് ചിത്രത്തിന്റെ സംവിധായകൻ.
ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ചൊവ്വാഴ്ച നിർണായക പ്രഖ്യാപനം നടത്തിയത്. ഫെഡറേഷൻ ജൂറിക്ക് സംവിധായകൻ പാൻ നളിൻ ട്വിറ്ററിലൂടെ നന്ദി പറഞ്ഞു. 'ചെല്ലോ ഷോയിൽ വിശ്വസിച്ചതിന് നന്ദി. ഇപ്പോളെനിക്ക് വീണ്ടും ശ്വസിക്കാം. വിജ്ഞാനം പകരുന്ന, പ്രചോദിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന സിനിമയിൽ വിശ്വസിക്കാം', പാൻ നളിൻ ട്വീറ്റ് ചെയ്തു.
അവസാന സിനിമാ പ്രദർശനം എന്നാണ് ചെല്ലോ ഷോ എന്ന വാക്കിന്റെ അർത്ഥം. സംവിധായകന്റെ തന്നെ കുട്ടിക്കാലത്തെ ഓർമകളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. താനെങ്ങനെ സിനിമയിൽ ആകൃഷ്ടനായെന്നാണ് നളിൻ ചിത്രത്തിലൂടെ പറയുന്നത്. ഒമ്പത് വയസ്സ് പ്രായമുള്ള സമയ് എന്ന ബാലൻ സിനിമാ പ്രൊജക്ടർ ടെക്നീഷ്യനായ ഫസലിനെ സ്വാധീനിച്ച് സിനിമകൾ കാണുന്നതും സിനിമ സ്വപ്നം കാണുന്നതുമാണ് 'ചെല്ലോ ഷോ'യിൽ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്.
മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരത്തിനാണ് ചെല്ലോ ഷോ മത്സരിക്കുന്നത്. ഭവിൻ റബാരിയാണ് സമയ് എന്ന ബാലനായെത്തുന്നത്. പ്രൊജക്ടർ ടെക്നീഷ്യൻ ഫസലാകുന്നത് ഭാവേഷ് ശ്രീമലിയാണ്. റിച്ച മീന, രാഹുൽ കോലി, ദീപൻ റാവൽ എന്നിവരാണ് മറ്റഭിനേതാക്കൾ. റോബർട്ട് ഡിനീറോയുടെ ട്രിബേക്കാ ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടനചിത്രമായിരുന്നു ചെല്ലോ ഷോ. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിക്കൊണ്ടാണ് ചിത്രം ഓസ്കാർ പുരസ്കാരത്തിനെത്തിയിരിക്കുന്നത്.
ഗുജറാത്തിലെ എല്ലാ തിയേറ്ററുകളിലും രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിലും ചിത്രം ഈ വരുന്ന ഒക്ടോബർ 14-ന് പ്രദർശനത്തിനെത്തും.
Content Highlights: Chhello Show Movie, Chhello Show is India's official Oscars entry, Pan Nalin Movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..