യ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ സംവിധായകന്‍ സച്ചി മലയാളികള്‍ക്കു പരിചയപ്പെടുത്തിയ നടിയാണ് ഗൗരിനന്ദ. ചിത്രത്തിലെ കണ്ണമ്മ എന്ന ശക്തയായ കഥാപാത്രം നിരൂപക പ്രശംസ നേടുകയും നിരന്തരം ചര്‍ച്ചകളില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു. സച്ചിയുടെ വേര്‍പാട് ഗൗരിയെയും ദു:ഖത്തിലാഴ്ത്തുകയാണ്. ആരും അറിയാതിരുന്ന തന്റെയുള്ളിലെ കലാകാരിയെ ലോകത്തിന് പരിചയപ്പെടുത്തിയത് സച്ചിയാണെന്നും ഇനിയും തന്നെപ്പോലെ ഉളളവരെ അവരുടെ സ്വപ്‌നങ്ങളില്‍ എത്തിക്കേണ്ടതായിരുന്നില്ലേയെന്നും അതിനു മുമ്പെ പോയതെന്തിനെന്നും ഗൗരി ചോദിക്കുന്നു. ഈറനണിയിക്കുന്ന കുറിപ്പാണ് ഗൗരി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. 

ഗൗരി നന്ദയുടെ കുറിപ്പ്

എന്റെ ലക്ഷ്യത്തിലെത്താന്‍ ഉള്ള ആ വലിയ പടികള്‍, ഒരിക്കലും എന്തൊക്കെ സംഭവിച്ചാലും തകരാത്ത അത്ര ബലമുള്ളത് നിര്‍മ്മിച്ച് അതില്‍ എന്നെ കയറ്റി നിര്‍ത്തി നീ ഇനി ധൈര്യമായി മുന്‍പോട്ടു പൊക്കോ എന്നും പറഞ്ഞ് അതിലൂടെ എന്നെ നടത്തിച്ചു .. നിന്റെ എല്ലാം ഉയര്‍ച്ചകളും കാണാന്‍ ഞാന്‍ ഇവിടെ ഉണ്ട് എന്ന് പറഞ്ഞിട്ട് ? എപ്പോഴും പറയുന്ന വാക്കുകള്‍ ' ടാ നീ രക്ഷപെടും' ശരിയാ എന്നെ രക്ഷപെടുത്താന്‍, ആരും അറിയാതിരുന്ന എന്റെയുള്ളിലെ കലാകാരിയെ ലോകത്തിന് മുമ്പില്‍ കാണിച്ചു കൊടുക്കാന്‍ സച്ചിയേട്ടാ നിങ്ങള്‍ തന്നെ വേണ്ടി വന്നു ... പക്ഷേ ഒരിക്കലും എന്തൊക്കെ ജീവിതത്തില്‍ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങള്‍ കരയിച്ചു അവളുടെ മരണംവരെ ... ഇനിയും എന്നെ പോലെ ഉള്ളവരെ അവരുടെ സ്വപ്നങ്ങളില്‍ എത്തിക്കാന്‍ ഉളള കൈകള്‍ ആയിരുന്നില്ലേ? അത് എന്തിനാ ഇത്ര വേഗത്തില്‍ പോയേ ? എല്ലാവരും പറയുന്നു, നന്മയുള്ളവരെ ആണ് ദൈവത്തിന് കൂടുതല്‍ ഇഷ്ട്ടം എന്ന് അതെ ഒരു കൊടുമുടിയോളം നന്മ ഉണ്ടായിരുന്നു.

Content Highlights :  Gowri Nandha ayyappanum koshiyum actress fb post viral about sachy's death