തിരുവനന്തപുരം: തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന്‍. സംസ്ഥാനത്ത് ടിപിആര്‍ കുറഞ്ഞുവരികയാണ് വാക്‌സിനേഷനും 90 ശതമാനത്തോളം ജനങ്ങളിലെത്തി കഴിഞ്ഞു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നകാര്യം പരിഗണിക്കുന്നത്.

സംസ്ഥാനത്ത് സീരിയല്‍ -  സിനിമാ ചിത്രീകരണത്തിന് അനുമതിയുണ്ട്. മാത്രവുമല്ല കോളേജുകളും സ്‌കൂളുകളും തുറക്കാന്‍ ഒരുങ്ങുകയാണ്. അതുകൊണ്ടു തന്നെ തിയേറ്ററുകള്‍ തുറക്കുന്ന കാര്യവും ആലോചിക്കാം എന്നാണ് സര്‍ക്കാരിന്റെ നിലപാട്. ആരോഗ്യ വിദഗ്ധര്‍ അടക്കമുള്ളവരുമായി കൂടിയാലോചിച്ചതിന് ശേഷമേ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കൂ. 

ആദ്യഘട്ട കോവിഡ് വ്യാപനത്തിന് ശേഷം തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ രണ്ടാം തംരംഗത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടിയതോടെ വീണ്ടും അടയ്‌ക്കേണ്ട സ്ഥിതിവിശേഷമായി. കോവിഡ് വന്നതിന് ശേഷം തിയേറ്റര്‍ ഉടമകള്‍ രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ മറികടക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതി പ്രഖ്യാപിക്കണമെന്ന് തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlights: Government, Cinema Theaters in Kerala, Saji Cheriyan