സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വൈറൽ ചോദ്യവും ഉത്തരവും, അൽഫോൺസ് പുത്രൻ | ഫോട്ടോ: സ്ക്രീൻഗ്രാബ്, മാതൃഭൂമി
സാമൂഹിക മാധ്യങ്ങളിൽ സജീവമായ സംവിധായകനാണ് അൽഫോൺസ് പുത്രൻ. സോഷ്യൽ മീഡിയയിൽ പല വിഷയങ്ങളിലും തന്റെ നിലപാട് പറയുകയും ആരാധകരിടുന്ന കമന്റുകളോട് കൃത്യമായി പ്രതികരിക്കാറുമുണ്ട് അദ്ദേഹം. ഇൻസ്റ്റാഗ്രാമിൽ വന്ന ഒരു ചോദ്യത്തിന് അൽഫോൺസ് കൊടുത്ത മറുപടി വൈറലാവുകയാണ്.
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഗോൾഡിന്റെ തമിഴ് മീം പോസ്റ്ററിന് താഴെ വന്ന കമന്റുകളിലൊന്നിനാണ് സംവിധായകൻ മറുപടി നൽകിയത്. ആരാണ് ഈ അൽഫോൺസ് പുത്രൻ എന്നായിരുന്നു ഒരാൾക്ക് അറിയേണ്ടത്. തമിഴിലായിരുന്നു ചോദ്യം. ‘‘എന്റെ പടം റിലീസ് ചെയ്യുമ്പോൾ തിയറ്ററിലേക്ക് വാ. അപ്പോൾ മനസ്സിലാകും ഞാൻ ആരാണെന്ന്’’, എന്നായിരുന്നു ഇതിന് അൽഫോൺസിന്റെ മറുപടി.
സംവിധായകന്റെ മറുപടി വൈറലായതോടെ സംശയം ചോദിച്ചയാൾ ക്ഷമ പറഞ്ഞു രംഗത്തുവന്നു. ‘പ്രേമം’ സിനിമയുടെ സംവിധായകനാണ് താങ്കളെന്ന് അറിയാതെയാണ് ഇങ്ങനെ പറഞ്ഞതെന്നും തന്നോട് ക്ഷമിക്കണമെന്നുമായിരുന്നു ഇയാൾ മറുപടിയായി കുറിച്ചത്. യുവാവിന്റെ ചോദ്യവും സംവിധായകന്റെ ഉത്തരവും നിമിഷനേരംകൊണ്ടുതന്നെ വൈറലായി. ഗോൾഡിനെക്കുറിച്ചുള്ള അൽഫോൺസിന്റെ കോൺഫിഡൻസ് ആണിത് എന്ന് ചിലർ അഭിപ്രായപ്പെട്ടു.
ഡിസംബർ ഒന്നിനാണ് ഗോൾഡ് റിലീസ് ചെയ്യുന്നത്. ഓണത്തിന് റിലീസ് ചെയ്യാനിരുന്ന ചിത്രം സാങ്കേതികകാരണങ്ങളാൽ റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. പൃഥ്വിരാജും നയൻതാരയുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ലാലു അലക്സ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജഗദീഷ്, അജ്മൽ അമീർ, പ്രേം കുമാർ, മല്ലിക സുകുമാരൻ, ഷമ്മി തിലകൻ, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ, റോഷൻ മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.
പൃഥ്വിരാജ് പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് നിർമ്മാണം.
Content Highlights: gold malayalam movie, alphonse puthren's instagram reply viral, prithviraj sukumaran and nayanthara
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..