ലിയോ എന്ന ചിത്രത്തിൽ വിജയ് | ഫോട്ടോ: സ്ക്രീൻഗ്രാബ്
കേരളത്തിൽ ഏറ്റവുമധികം ആരാധകരുള്ള അന്യഭാഷ താരങ്ങളിലൊരാളാണ് തമിഴ് നടൻ വിജയ്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച ചിത്രങ്ങൾ ഒരുക്കി കേരളത്തിൽ ഒരുപാട് ആരാധകരെ സൃഷ്ടിച്ച യുവ സംവിധായകനാണ് ലോകേഷ് കനകരാജ്. ഇരുവരും ഒന്നിക്കുന്ന "ലിയോ" എന്ന ചിത്രത്തിന്മേൽ വൻ പ്രതീക്ഷകളാണ് ആരാധകർക്കിടയിലുള്ളത്. 2023 ഒക്ടോബർ 19-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
തുടക്കം മുതൽതന്നെ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശത്തിന് വൻ മത്സരമുണ്ടായിരുന്നു. അഞ്ച് പ്രധാന വിതരണക്കാരാണ് കേരളത്തിലെ വിതരണാവകാശത്തിനായി രംഗത്തുണ്ടായിരുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുമെന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്. ലളിത് കുമാറാണ് 'ലിയോ' നിർമിക്കുന്നത്. കമൽ ഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന്റെ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ലിയോയ്ക്കുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
വിവിധ ഭാഷകളിൽ നിന്നുള്ള നടി നടന്മാർ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്റണി എന്നിവർ അഭിനയിക്കുന്നു. ബോളിവുഡിൽ നിന്ന് സഞ്ജയ് ദത്ത് വേഷമിടുന്നു. ആക്ഷൻ കിംഗ് അർജുനും ചിത്രത്തിലുണ്ട്. തൃഷയാണ് ചിത്രത്തിലെ നായിക.
പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ കേരളത്തിലെ വിജയത്തിന് ശേഷം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലന്റെ അടുത്ത ചിത്രം "ലിയോ" ആകാനുള്ള സാധ്യതകൾ ഏറെയാണ്. അന്യ ഭാഷയിലെ പ്രമുഖ ചിത്രങ്ങൾ കേരളത്തിൽ എത്തിക്കുന്ന പ്രധാന വിതരണക്കാരാണ് ശ്രീ ഗോകുലം മൂവീസ്. കേരളത്തിൽ വിതരണാവകാശം ഏറ്റെടുക്കുന്ന ചിത്രത്തിന് വമ്പൻ പ്രൊമോഷനാണ് ഗോകുലം മൂവിസ് നൽകാറുള്ളത്. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിന്റെ ഓൾ ഇന്ത്യ പ്രൊമോഷൻ പരിപാടികൾ ആദ്യം തുടങ്ങിയത് കേരളത്തിൽ നിന്നായിരുന്നു.
.jpg?$p=e46f401&&q=0.8)
ലൈക്ക പ്രൊഡക്ഷൻസിന്റെ കഴിഞ്ഞ ആറു ചിത്രങ്ങളും കേരളത്തിലെത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്. അതുകൊണ്ട് തന്നെ ലൈക്കയുടെ അണിയറയിൽ ഒരുങ്ങുന്ന, ഷങ്കർ- കമൽ ഹസൻ ചിത്രം ഇന്ത്യൻ-2, രജനികാന്ത് ചിത്രം ലാൽ സലാം, അജിത് ചിത്രം എന്നിവയും ശ്രീ ഗോകുലം മൂവീസ് തന്നെ കേരളത്തിൽ എത്തിക്കാനാണ് സാദ്ധ്യത.
Content Highlights: gokulam gopalan to distribute vijay lokesh movie leo in kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..