നായികയെ പൊക്കിയെടുത്ത് ഓടുന്ന നായകന്മാര്‍ കണ്ടുമടുത്ത കാഴ്ചയാണ് സിനിമയില്‍. എന്നാല്‍, ഗോദയില്‍ നായിക നായകനെയാണ് പൊക്കിയെടുത്തത്. വെറുതെ പൊക്കിയെടുക്കുകയല്ല വാമിഖ ഗബ്ബിയെന്ന പഞ്ചാബുകാരി ചെയ്തത്. ക്യാമറാട്രിക്കോ ഗ്രാഫിക്‌സോ ഒന്നുമല്ല. നല്ല ഒറിജിനലായി തന്നേക്കാള്‍ ഏറെ ഭാരം കൂടുതലുള്ള നായകനെ പൊക്കിയെടുത്ത് തോളിലിട്ട് രണ്ട് റൗണ്ട് കറങ്ങി എല്ലാവരെയും അത്ഭുതപ്പെടുത്തുക കൂടി ചെയ്തു.

ബേസില്‍ ജോസഫിന്റെ ഗോദയെന്ന ഗുസ്തിചിത്രത്തിന്റെ ചിത്രീകരണവേളയിലാണ് നായിക വാമിഖ തന്റെ കരുത്ത് കൊണ്ട് എല്ലാവരെയും ഞെട്ടിച്ചത്.

ടോവിനോയെ പൊക്കാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ ശ്രമിക്കാമെന്ന് പറഞ്ഞു. ഞാന്‍ ടോവിനോയെ എടുത്ത് രണ്ട് റൗണ്ട് കറങ്ങിയപ്പോള്‍ എല്ലാവരും ഷോക്കടിച്ചപോലെയായി-സിനിമയുടെ മേക്കിങ് വീഡിയോയില്‍ വാമിഖ വെളിപ്പെടുത്തി.

തങ്ങളേക്കാള്‍ കൂടുതല്‍ ശരീരഭാരമുള്ളവരെ പൊക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, വാമിഖ അത് ചെയ്തു. അതവരുടെ കരുത്താണ് കാണിക്കുന്നത്-വീഡിയോയില്‍ ടോവിനോ തോമസ് പറഞ്ഞു.

സാധാരണ ഗുസതിയേക്കാള്‍ മഡ് റസലിങ്ങില്‍ പരിക്കേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗോദയുടെ ഷൂട്ടിങ്ങിനിടെ എനിക്കും കുറേ പരിക്കേറ്റിരുന്നു-വാമിഖ പറഞ്ഞു.

പഞ്ചാബി കഥാപാത്രമാണെന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി. മലയാള സിനിമകളാണെങ്കില്‍ അതിന്റെ ക്വാളിറ്റിക്ക് ഏറെ പേരുകേട്ടതാണ് താനും. ഒരു ഗുസ്തിക്കാരിയുടേതാണ് വേഷമെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ആവേശത്തിലായിരുന്നു. പഞ്ചാബിലെ തരണ്‍ തരണില്‍ നിന്ന് വനിതാതാരങ്ങളില്‍ നിന്ന് ഗുസ്തി പഠിച്ചാണ് ഞാന്‍ ഷൂട്ടിങ്ങിന് വന്നത്. കേരളത്തിലെത്തിയപ്പോള്‍ മിന്നല്‍ ജോര്‍ജ് സാറിന്റെ കീഴിലും പരിശീലനം നടത്തി. ഗോദയില്‍ പെണ്‍കുട്ടി ഒരു ആണിനെ ഇടിച്ചിടുന്നത് കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എല്ലാ പെണ്‍കുട്ടികളും ഇത് കാണുമെന്ന് എനിക്ക് ഉറപ്പാണ്. ചിരിച്ചുകൊണ്ടാവും എല്ലാവരും തിയേറ്ററില്‍ നിന്ന് പുറത്തുവരിക-വാമിഖ പറഞ്ഞു.

കാണാന്‍ ക്യൂട്ടും എക്‌സെന്‍ട്രിക്കുമായ ഒരു നായികയ്ക്കായുള്ള തിരച്ചിലാണ് വാമിഖയിലെത്തിയതെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ് പറഞ്ഞു.  നല്ല ഹ്യൂമര്‍ സെന്‍സുള്ള നടിയാണ വാമിഖ. ഞങ്ങള്‍ക്കുവേണ്ടതുപോലെ തന്നെയാണ് വാമിഖയുടെ യഥാര്‍ഥ സ്വഭാവം. ഞങ്ങള്‍ കണ്ടുമുട്ടിയശേഷമാണ് വാമിഖ ഒരു കഥക്ക് നര്‍ത്തകിയും പഞ്ചാബുകാരിയുമാണെന്നും കുടുംബത്തിന് പഴയകാല ഫയല്‍വാന്മാരുമായി ബന്ധമുണ്ടെന്നും അറിയുന്നത്. ഈ സിനിമയ്ക്കുവേണ്ടി ആരോ പറഞ്ഞയച്ചതുപോലെയാണ് എനിക്ക് തോന്നിയത്. മാലെ നേരത്ത് മയക്കം എന്ന തമിഴ് സിനിമ കണ്ട് നിര്‍മാതാവാണ് ഇവരെ പരീക്ഷിച്ചാലോ എന്ന് എന്ന് പറഞ്ഞ് എന്നെ വിളിക്കുന്നത്-ബേസില്‍ പറഞ്ഞു.