ഗോഡ് ഫാദറിലെ രംഗം
ചലച്ചിത്രപ്രേമികളുടെ എക്കാലത്തെയും ഏറ്റവും വലിയ ഇഷ്ടങ്ങളിലൊന്നായ 'ദ ഗോഡ്ഫാദര്‍' തിയേറ്ററുകളിലെത്തിയിട്ട് അരനൂറ്റാണ്ട് തികയുന്നതിന്റെ ആവേശത്തിലാണ് കേരളത്തിലെ പ്രേക്ഷകരും. വലിയ സ്‌ക്രീനില്‍ ഈ സിനിമ വീണ്ടും കാണാന്‍ അവസരമൊരുങ്ങുന്നുവെന്നതാണ് പുതിയകാലത്തെ പ്രേക്ഷകരെ ഏറെ സന്തോഷിപ്പിക്കുന്നത്.
1972-ല്‍ പുറത്തിറങ്ങിയ ഈ ഹോളിവുഡ് ചിത്രം 1978-ലാണ് ഇന്ത്യയിലെ തിയേറ്ററുകളിലെത്തിയത്. ഇന്ത്യയില്‍ വിദേശചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ചില നിയന്ത്രണങ്ങളുണ്ടായിരുന്നതാണ് ഈ വൈകലിനിടയാക്കിയതെന്ന് അന്ന് ചിത്രം പ്രദര്‍ശിപ്പിച്ച കോഴിക്കോട് ക്രൗണ്‍ തിയേറ്ററിന്റെ മാനേജിങ് പാര്‍ട്ണര്‍ എ.ആര്‍. വിനോദ് അയ്യര്‍ പറഞ്ഞു.
''അന്ന് 11 വയസ്സേ ഉണ്ടായിരുന്നുള്ളൂ എനിക്ക്. ഉടമയുടെ മകനായതുകൊണ്ടുമാത്രം തിയേറ്ററിനകത്ത് കയറാനായി. മുതിര്‍ന്നവര്‍ക്കുവേണ്ടിയുള്ള ചിത്രമായതിനാല്‍ അക്രമരംഗങ്ങളും മറ്റും വന്നപ്പോള്‍ എന്നെ പുറത്താക്കി. അതുകൊണ്ട് അന്നത്തെ കാഴ്ചയുടെ അവ്യക്തമായ ഓര്‍മകളേ ഇന്നുള്ളൂ. പിന്നീട് ഡി.വി.ഡി.യിലാണ് ചിത്രം പൂര്‍ണമായി കണ്ടത്'' -വിനോദ് അയ്യര്‍ ഓര്‍ക്കുന്നു.
പാരമൗണ്ട് പിക്ചേഴ്സ് നിര്‍മിച്ച ഈ ചിത്രം എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന വരുമാനം നേടിയ 25 ചിത്രങ്ങളിലൊന്നാണ്. 1969-ല്‍ മരിയോ പുസോ രചിച്ച ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയാണ് ചിത്രം സംവിധാനം ചെയ്തത്.
.jpg?$p=e2b8920&&q=0.8)
ഇതിലെ നായകനായ ഡോണ്‍ വിറ്റോ കോര്‍ലിയോണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മാര്‍ലന്‍ ബ്രാണ്ടോ ഓസ്‌കര്‍ പുരസ്‌കാരം നേടി. സിനിമാത്രയത്തില്‍ ഈ കഥാപാത്രത്തിന്റെ യൗവനകാലം അവതരിപ്പിച്ച റോബര്‍ട്ട് ഡി നീറോയ്ക്കും ഓസ്‌കര്‍ ലഭിച്ചു.
അമ്പതാംവര്‍ഷത്തില്‍ വലിയ സ്‌ക്രീനില്‍ വീണ്ടും ഗോഡ് ഫാദറെത്തുന്നത് വെള്ളിയാഴ്ചയാണ്. പ്രേക്ഷകരില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് വിനോദ് അയ്യര്‍ പറഞ്ഞു. ആദ്യദിവസത്തെ ഒരു പ്രദര്‍ശനത്തിനുള്ള ബുക്കിങ് കഴിഞ്ഞു. മറ്റൊരു പ്രദര്‍ശനത്തിന് ഏതാനും സീറ്റുകള്‍ ബാക്കിയുണ്ട്. ചെറുപ്പക്കാരാണ് സിനിമ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചെത്തുന്നവരില്‍ കൂടുതലും.
കോഴിക്കോട് ക്രൗണ്‍ തിയേറ്ററിന് പുറമെ എറണാകുളം ഷെണായീസ്, പി.വി.ആര്‍ ലുലുമാള്‍, തിരുവനന്തപുരം ഏരീസ്പ്ലക്‌സ് എന്നിവിടങ്ങളില്‍ പ്രദര്‍ശനത്തിനെത്തും.
Content Highlights: God Father marks 50 years, Marlon Brando, God Father in Kerala, Theater Booking
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..