മുംബൈ: നീലച്ചിത്രക്കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ ഗഹന വസിഷ്ഠ് പ്രതിഷേധവുമായി രംഗത്ത്. ഇന്‍സ്റ്റാഗ്രാം ലൈവില്‍ പൂര്‍ണനഗ്നയായി പ്രത്യക്ഷപ്പെട്ടായിരുന്നു പ്രതിഷേധം. 

''ഞാന്‍ വസ്ത്രം ധരിച്ചിട്ടില്ല. പക്ഷേ, ഇത് നിങ്ങള്‍ പോണ്‍ ആണെന്ന് പറയില്ല. വസ്ത്രം ധരിച്ചാല്‍ ചിലയാളുകള്‍ പോണ്‍ ആണെന്ന് പറയും. കാപട്യം''- ഗഹന കുറിച്ചു.

അറസ്റ്റ് ഒഴിവാക്കുന്നതിന് 15 ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്ന് മുംബൈ പോലീസ് ആവശ്യപ്പെട്ടിരുന്നതായി ഗഹന  വെളിപ്പെടുത്തിയിരുന്നു. വ്യവസായിയായ രാജ് കുന്ദ്രയ്ക്കും നിര്‍മാതാവ് ഏക്ത കപൂറിനുമെതിരേ മൊഴി നല്‍കാനും സമ്മര്‍ദമുണ്ടായിരുന്നെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗഹന ആരോപിച്ചു.

നീലച്ചിത്രക്കേസില്‍ നടിയും മോഡലുമായ ഗഹന വസിഷ്ഠ് എന്ന വന്ദന തിവാരിയെ ഫെബ്രുവരിയില്‍ മുംബൈ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അറസ്റ്റിനു മുമ്പ് സംസാരിച്ചപ്പോഴാണ് പോലീസ് സംഘം 15 ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടതെന്ന് ഗഹന പറഞ്ഞു. പണം നല്‍കിയാല്‍ അറസ്റ്റ് ഒഴിവാക്കാമെന്നായിരുന്നു വാഗ്ദാനം. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നതുകൊണ്ട് കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചു. രണ്ട് കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട ഗഹനയെ പോലീസ് അറസ്റ്റു ചെയ്തു. നാല് മാസത്തിനുശേഷമാണ് ജാമ്യം ലഭിച്ചത്. ഇപ്പോള്‍ മൂന്നാമതൊരു കേസില്‍ക്കൂടി പ്രതി ചേര്‍ത്തിട്ടുണ്ട്.

പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴാണ് രാജ് കുന്ദ്രയുടെയും ഏക്ത കപൂറിന്റെയും പേര് പറയാന്‍ പോലീസ് നിര്‍ബന്ധിച്ചതെന്ന് ഗഹന പറയുന്നു. അതിനും വഴങ്ങിയില്ല. ഹോട്ഷോട്ട് എന്ന ആപ്പ് വഴി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്നതിന് രാജ് കുന്ദ്ര നിര്‍മിച്ച ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ളതായി ഗഹന സമ്മതിച്ചു. എന്നാല്‍, അവയെ നീലച്ചിത്രമെന്ന് വിശേഷിപ്പിക്കാനാവില്ല. രാജ് കുന്ദ്ര നിര്‍ബന്ധിച്ച് നീലച്ചിത്രത്തില്‍ അഭിനയിപ്പിക്കുകയായിരുന്നു എന്ന ചില മോഡലുകളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും എല്ലാവരും സ്വമേധയാ ആണ് അഭിനയിക്കുന്നതെന്നുമാണ് ഗഹന പറയുന്നത്.

നീലച്ചിത്രങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന് ജൂലായ് 19-ന് അറസ്റ്റ് ചെയ്യപ്പെട്ട രാജ് കുന്ദ്ര ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആര്‍തര്‍ റോഡ് ജയിലിലാണിപ്പോള്‍. ഈ കേസില്‍ മൊഴി നല്‍കാനെത്തണമെന്നാവശ്യപ്പെട്ട് ഗഹനയ്ക്ക് ക്രൈം ബ്രാഞ്ച് സമന്‍സ് അയച്ചിരുന്നെങ്കിലും അവര്‍ ഹാജരായിട്ടില്ല. പുതിയ കേസില്‍ കുടുക്കി പോലീസ് അറസ്റ്റ് ചെയ്യുമെന്ന് പേടിച്ചാണ് മൊഴി നല്‍കാന്‍ എത്താതിരുന്നതെന്നും മുന്‍കൂര്‍ ജാമ്യത്തിന് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും ഗഹന പറഞ്ഞു.

മുംബൈയിലെ ഒരു മോഡല്‍ നല്‍കിയ പരാതിയിലാണ് ഗഹനയ്‌ക്കെതിരേ പുതിയ കേസെടുത്തിരിക്കുന്നത്. വന്‍കിട നിര്‍മാതാക്കളുടെ സിനിമയില്‍ അവസരം നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് നീലച്ചിത്രത്തില്‍ അഭിനയിപ്പിച്ചു എന്നാണ് മാല്‍വനി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ മോഡല്‍ പറയുന്നത്. ഗഹനയ്ക്ക് പുറമേ രാജ് കുന്ദ്രയുടെ സ്ഥാപനത്തിലെ നാല് ചലച്ചിത്ര നിര്‍മാതാക്കളും കേസില്‍ പ്രതികളാണ്.

Content Highlights: Gehana Vasisth protest, Going Nude On Instagram Live Raj Kundra Arrest