താന്‍ സംവിധാനം ചെയ്ത മൂത്തോന്‍ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചതിന്റെ ആഹ്ലാദത്തിമിര്‍പ്പിലാണ് ഗീതു മോഹന്‍ദാസ്. സിനിമ കാണാന്‍ തന്റെ അച്ഛന്‍ കൂടി ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിപ്പോവുകയാണെന്ന് ഗീതു പറഞ്ഞു. ടൊറന്റോയുടെ വേദിയില്‍ ഗീതു സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

ഗീതു അച്ഛനെപ്പറ്റി പറഞ്ഞ വാക്കുകള്‍. ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ അച്ഛന്‍ എന്നെ ഇവിടെ കൊണ്ടു വന്നിട്ടുണ്ട്‌. ഒരുപാട് സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും മകള്‍ക്കുണ്ടാകട്ടെയെന്നു കരുതിയാണ് അദ്ദേഹം അതു ചെയ്തത്. ഇവിടെ ടൊറന്റോയില്‍ എന്റെ സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ അതു കാണാന്‍ എന്റെ അച്ഛനുണ്ടായിരുന്നെങ്കില്‍ എന്നു തോന്നി പോവുകയാണ്. ഗീതു പറഞ്ഞു നിര്‍ത്തി.

മൂത്തോനിലെ കഥാപാത്രമായി എന്തുകൊണ്ട് നിവിന്‍ പോളിയെ തിരഞ്ഞെടുത്തുവെന്ന് സദസ്സില്‍ നിന്നുമുയര്‍ന്ന ചോദ്യത്തിനും ഗീതു മറുപടി നല്‍കി. എന്റെ അയല്‍വാസിയാണ് എന്നതിലുപരി മൂത്തോനിലെ കഥാപാത്രമാകാന്‍ ആരും പ്രതീക്ഷിക്കാത്ത ഒരാള്‍ വേണമെന്നുണ്ടായിരുന്നു. നിഷ്‌കളങ്കമായ ചിരിയോടുകൂടിയുള്ള ഒരാളെയാണ് എനിക്കു വേണ്ടിയിരുന്നത്. അതു തന്നെയാണ് നിവിനെ തിരഞ്ഞെടുത്തത്. നിവിന് അഭിനയിച്ച് ഫലിപ്പിക്കാന്‍ പറ്റുമെന്നുറപ്പുള്ളതു കൊണ്ടാണ് നിവിനെ കാസ്റ്റ് ചെയ്തത്. നിവിന്‍ യുവനടന്‍മാരില്‍ സൂപ്പര്‍സ്റ്റാറാണെന്നതും ഫണ്ടിങ്ങിന് ഒരുപാട് സഹായിച്ചുവെന്നും ചെറിയ ചിരിയോടെ ഗീതു മോഹന്‍ദാസ് പറഞ്ഞു.

സംവിധായകരെ സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ വേര്‍തിരിച്ചു പറയുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്നും ഗീതു പറഞ്ഞു.

സ്ത്രീ സംവിധായിക എന്ന വിശേഷണത്തോട് എനിക്ക് താല്‍പര്യമില്ല. സിനിമയ്ക്ക് ലിഗംഭേദമില്ല. സ്ത്രീയെന്ന് പ്രത്യേകം എടുത്ത് പറയേണ്ട ആവശ്യമില്ല. സിനിമയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കൂടുന്നതോടെ അതിന് മാറ്റം വരുമെന്ന് ഞാന്‍ വിചാരിക്കുന്നു.

Content Highlights : geethu mohandas about her father, nivin pauly and moothon movie