വാഹനം ഇടിച്ചിട്ടു നിർത്താതെ പോയതിനു നടി ഗായത്രി സുരേഷിനെ നാട്ടുകാർ തടഞ്ഞുവച്ച് ചോദ്യം ചെയ്യുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. അതിന് പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി ​ഗായത്രി ലൈവിലെത്തിയെങ്കിലും രൂക്ഷവിമർശനമാണ് ഇതിന് നേരിടേണ്ടി വന്നത്.  അപകടമുണ്ടായെന്നത് ശരിയാണെന്നും പേടിച്ചിട്ടാണ് വണ്ടി നിര്‍ത്താതെ പോയതെന്നും അതാണ് തങ്ങള്‍ ആകെ ചെയ്ത തെറ്റെന്നുമായിരുന്നു ​ഗായത്രിയുടെ വിശ​ദീകരണം. കാക്കനാട് വച്ച് നടന്ന അപകടത്തെക്കുറിച്ച് ഇപ്പോൾ താരം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ‌ പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്.

പേടിപ്പെടുത്തുന്ന നിമിഷങ്ങളാണ് അവിടെ ഉണ്ടായതെന്നും പൊലീസിനോട് പലകാര്യങ്ങളും തുറന്നുപറഞ്ഞില്ലെന്നും ​ഗായത്രി പറയുന്നു. തങ്ങളെ പിന്തുടർന്ന് വന്ന വണ്ടിയിലെ യുവാവ് തന്റെ വണ്ടിയുടെ ചില്ല് അടിച്ച് പൊട്ടിച്ചെന്നും വീട്ടുകാരെ അസഭ്യം പറഞ്ഞെന്നും അതുകൊണ്ടാണ് പുറത്തിറങ്ങാതെ വണ്ടിയും കൊണ്ട് പോയതെന്നും താരം പറയുന്നു. പിന്നീട് കാക്കനാട് വച്ച് തന്റെ വണ്ടി തടഞ്ഞ ശേഷം നടന്ന കാര്യങ്ങളാണ് വീഡിയോയിൽ കണ്ടതെന്നും ​ഗായത്രി പറയുന്നു. 

"ഇത് ഇത്രയും വലിയ പ്രശ്നമാകാൻ കാരണം താനൊരു സെലിബ്രിറ്റി ആയതാണ്, സാധാരണക്കാരായിരുന്നെങ്കിൽ ആരും വീഡിയോ എടുക്കില്ലായിരുന്നു. ഇരുപത് മിനിറ്റോളം അവിടെ ഉണ്ടായിരുന്ന ആളുകളോട്  മാറിമാറി ക്ഷമ പറഞ്ഞു. അവസാനം പൊലീസ് വന്നാണ് തന്നെ സുരക്ഷിതയാക്കി കാറിൽ ഇരുത്തിയത്. വണ്ടി നിർത്താതെ പോയി എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. വണ്ടിയുടെ സൈഡ് മിററാണ് ഇടിച്ചത്. റോഡിൽ നല്ല തിരക്കും. ആ സമയത്ത് വണ്ടി ഓടിച്ചുപോയി. ഇവർ പുറകെ വരുന്നുണ്ടെന്ന് വിചാരിക്കുന്നില്ല. ഞാൻ പെർഫക്ട് ആയുള്ള സ്ത്രീ ആകണമെന്നില്ല. എല്ലാ തെറ്റുകളും കുറവുകളുമുള്ള മനുഷ്യസ്ത്രീയാണ്. ടെൻഷന്റെ പുറത്ത് സംഭവിച്ചതാണ്. ഞങ്ങളെ ചേസ് ചെയ്ത് പിടിച്ചതിനുശേഷം അവർ ഉപയോഗിച്ച ഭാഷ മോശമാണ്. സത്യത്തിൽ അപകടത്തിൽ സൈഡ് മിററിനു മാത്രമാണ് കുഴപ്പം സംഭവിച്ചത്. ബാക്കി തകർത്തത് ആളുകൾ ആണ്.

Read More : നിര്‍ത്താതെ പോയത് ടെന്‍ഷന്‍ കൊണ്ട്, അതുമാത്രമാണ് ചെയ്ത തെറ്റ്;അപകടത്തെകുറിച്ച് വിശദീകരണവുമായിഗായത്രി

ഫ്രണ്ട് മിററും ബാക്ക് മിററും ഇടിച്ചുപൊളിച്ചു. കാറിൽ ചവിട്ടി, ഇടിച്ചു. ഇതൊന്നും വലിയ പ്രശ്നമാക്കേണ്ട എന്ന് കരുതി ഞാൻ പൊലീസിനോടു പറയാൻ പോയില്ല. ഇങ്ങനെയൊരു അപകടം നടന്നാൽ അവരുടെ അച്ഛനോ അമ്മയോ സഹോദരിയോ ആണ് വണ്ടിയിൽ ഉള്ളതെങ്കിൽ ഇങ്ങനെ വീഡിയോ എടുക്കുമോ? നമുക്ക് എന്ത് സുരക്ഷിതത്വമാണ് ഉള്ളത്. അവിടെയുള്ള ആളുകളുടെ പ്രതികരണം പേടിപ്പിക്കുന്നതായിരുന്നു. എടീ, നീ എന്നൊക്കെ വിളിക്കുവാനും എന്റെ കാറ് തല്ലിപ്പൊളിക്കുവാനും ആരാണ് അവർക്ക് അനുവാദം നൽകിയത്". ​ഗായത്രി ചോദിക്കുന്നു.

content highlights : Gayathri Suresh On Car Accident Controversy response