മൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ താന്‍ പണ്ടേത്തേക്കാള്‍ ശ്രദ്ധിക്കാറുണ്ടെന്ന് യുവനടി ഗായത്രി സുരേഷ്. കപ്പ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി ഇതെക്കുറിച്ച് മനസ്സ് തുറന്നത്. കഴിഞ്ഞവര്‍ഷം ഒരു മലയാളം സീരിയലിനെ കളിയാക്കി സ്പൂഫ് വീഡിയോ ചെയ്തതിന്  ശേഷം തനിക്കെതിരെ വന്ന വിമര്‍ശനങ്ങളാണ് ഈയൊരു തീരുമാനത്തിന് പിന്നിലെന്ന് ഗായത്രി വ്യക്തമാക്കി. 

'എന്നോട് വെറുപ്പുള്ളപോലെ ചിലര്‍ പ്രതികരിച്ചപ്പോള്‍ ഞാന്‍ ഒരു മുന്‍കരുതല്‍ എടുത്തതാണ്. സീരിയലിനെ കളിയാക്കി വീഡിയോ ചെയ്തത് ഇത്ര വലിയ പണിയാകുമെന്ന് കരുതിയില്ല. പക്ഷേ ഇപ്പോള്‍ എനിക്ക് തോന്നുന്നത് നമ്മള്‍ എത്ര ശ്രദ്ധിച്ചാലും വെറുക്കേണ്ടവര്‍ വെറുക്കുമെന്ന്. നമുക്ക് ചെയ്യേണ്ടത് ചെയ്യും.'

മെക്‌സികന്‍ അപാരത പുറത്തിറങ്ങിയപ്പോള്‍ ഗായത്രി സംസാരിക്കുന്ന ശൈലിയെ കളിയാക്കി നിരവധി ട്രോളുകള്‍ വന്നിരുന്നു. എന്നാല്‍ തൃശൂര്‍ ഭാഷയെ കളിയാക്കുന്നവരോട് ഗായത്രിക്ക് മറുപടിയുണ്ട്. കാരണം മറ്റൊന്നുമല്ല. തന്നോട് സംവിധായകര്‍ ആവശ്യപ്പെട്ട രീതിയിലാണ് എല്ലാ സിനിമകളിലും ഡബ്ബ് ചെയ്തത് എന്നും പക്ഷേ പരിമിതികളെ സ്വയം തിരിച്ചറിയുന്നുവെന്നും ഗായത്രി പറയുന്നു.

ആദ്യം ട്രോളുകള്‍ കാണുമ്പോള്‍ വിഷമം തോന്നാറുണ്ടായിരുന്നു. ഞാന്‍ എന്ത് ചെയ്തിട്ടാണ് ആളുകള്‍ വെറുക്കന്നത് എന്ന് ആലോചിച്ചായിരുന്നു വിഷമം. പിന്നീട് എനിക്ക് മനസ്സിലായി. തെരുവില്‍ കുരയ്ക്കുന്ന പട്ടികള്‍ക്കെതിരെ കല്ലെറിഞ്ഞു കൊണ്ടേ ഇരുന്നാല്‍ ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകില്ല. നമ്മള്‍ മുന്നോട്ട് പോകുക. 

മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചത് മൂലം നടി പാര്‍വതിക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തെക്കുറിച്ചും വ്യക്തമായ നിലപാട് ഗായത്രിക്കുണ്ട്‌. ഇതെക്കുറിച്ച് ഗായത്രി പറയുന്നതിങ്ങനെ. 

'സിനിമയില്‍ ആരെ വേണമെങ്കിലും മോശമായി കാണിക്കാം. അത് സ്ത്രീകളെ ആണെങ്കിലും പുരുഷന്‍മാരെ ആണെങ്കിലും. അവയൊന്നും ആഘോഷിക്കപ്പെടരുത് എന്നാണ് പാര്‍വതി പറഞ്ഞത്. അതു തന്നെയാണ് എനിക്കും ശരിയായി തോന്നുന്നത്'- ഗായത്രി കൂട്ടിച്ചേര്‍ത്തു.

കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ജംനാ പ്യാരി എന്ന ചിത്രത്തിലൂടെയാണ്  മുന്‍ മിസ് കേരള കൂടിയായ ഗായത്രി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.  പിന്നീട് ഒരേ മുഖം, ഒരു മെക്‌സികന്‍ അപാരത, സഖാവ് തുടങ്ങിയ ചിത്രങ്ങളില്‍ നായികയായെത്തി. കല വിപ്ലവും പ്രണയം, ഫോര്‍ ജി, ബദല്‍ എന്നിവയാണ് ഗായത്രിയുടെ പുതിയ ചിത്രങ്ങള്‍.