വാഹനാപകടവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വിശദീകരണവുമായി നടി ഗായത്രി സുരേഷ്. അപകടമുണ്ടായെന്നത് ശരിയാണെന്നും വണ്ടി നിര്‍ത്താതെ പോയതാണ് തങ്ങള്‍ ആകെ ചെയ്ത തെറ്റെന്നും ഗായത്രി പറയുന്നു. 

"എന്റെ ഒരു വീഡിയോ വ്യാപകമായി സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. അത് സംബന്ധിച്ച് നിരവധി പേര്‍ മെസേജ് അയച്ചും ഫോണ്‍ വിളിച്ചും കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. നിങ്ങള്‍ക്കാര്‍ക്കും എന്നെ കുറിച്ച് ഒരു മോശം ധാരണ വരാതിരിക്കാനാണ് ഞാന്‍ ഇപ്പോള്‍ ഈ വീഡിയോ പങ്കുവയ്ക്കുന്നത്.

ഞാനും സുഹൃത്തും കൂടി കാക്കനാട്ട് കാറോടിച്ച് പോവുകയായിരുന്നു. മുന്നിലുള്ള വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ഉണ്ടായ ഒരു ചെറിയ അപകടമാണ്. ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ എതിര്‍വശത്ത് നിന്ന് വരികയായിരുന്ന വാഹനവുമായി കൂട്ടിയിടിച്ചു, സൈഡ് മിറര്‍ പോയി. ഞങ്ങള്‍ക്ക് സംഭവിച്ച തെറ്റ് എന്തെന്ന് വച്ചാല്‍ ടെന്‍ഷന്‍ കൊണ്ട് വാഹനം നിര്‍ത്തിയില്ല. കാരണം ഞാനൊരു നടിയാണല്ലോ. ആളുകള്‍ കൂടിയാല്‍ എങ്ങനെയാകും പ്രതികരിക്കുക എന്ന് പേടിച്ചാണ് നിര്‍ത്താതിരുന്നത്. പക്ഷേ അവര്‍ ഞങ്ങളെ പിന്തുടര്‍ന്ന് പിടിച്ചു.ഞങ്ങളെ കാറിന് പുറത്തിറക്കി. അതാണ് നിങ്ങള്‍ ആ വീഡിയോയില്‍ കണ്ടത്.

ഞാന്‍ പലതവണ മാപ്പ് പറഞ്ഞതാണ്. കെഞ്ചി പറഞ്ഞുനോക്കി. പക്ഷേ പോലീസ് വരാതെ വിടില്ലെന്ന് അവര്‍ പറഞ്ഞു. ഒടുവില്‍ പൊലീസ് എത്തി പ്രശ്‌നം പരിഹരിച്ചു. നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ. ആര്‍ക്കും അപകടം പറ്റിയിട്ടില്ല. നിങ്ങള്‍ എന്നെ തെറ്റിദ്ധരിക്കരുത്. ഒരു തെറ്റും ഞങ്ങള്‍ ചെയ്തിട്ടില്ല. ആകെ ചെയ്തത് നിര്‍ത്താതെ പോയി എന്ന തെറ്റാണ്. അപകടം ജീവിതത്തില്‍ സംഭവിക്കും. അതിനെ എങ്ങനെ നേരിടുക എന്നതാണ് വെല്ലുവിളി". ഗായത്രി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് നടുറോഡില്‍ നടി ഗായത്രി സുരേഷിനെയും സുഹൃത്തിനെയും നാട്ടുകാര്‍ തടഞ്ഞുവച്ച് ചോദ്യം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. നിരവധി വാഹനങ്ങളില്‍ ഇടിച്ചിട്ടും നിര്‍ത്താതെ പോയെന്നും ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്നും ജനക്കൂട്ടം ആ വീഡിയോയില്‍ ആരോപിച്ചിരുന്നു. നടി ജനങ്ങളോട് മാപ്പ് ചോദിക്കുന്നതും വീഡിയോയില്‍ കാണാം.

Content Highlights : Gayathri Suresh Explanation on Viral Accident Video