ഗൗതം വസുദേവ് മേനോന്‍ സിനിമയില്‍ വന്നിട്ട് ഇരുപതു വര്‍ഷമാകുന്നു. സിങ്കപ്പൂരില്‍ വച്ച് ഫെബ്രുവരി 2ന് സിനിമാതാരങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് അദ്ദേഹത്തിന് ഒരു സ്‌നേഹവിരുന്ന് ഒരുക്കുന്നുണ്ട്. പരിപാടിയുടെ ഭാഗമായി വിഗ്നേശ് ശിവന്‍, തൃഷ, കാര്‍ത്തിക്, വെട്രിമാരന്‍, ബോംബെ ജയശ്രീ, ഹാരിസ് ജയരാജ്, അന്‍വര്‍ റഷീദ് തുടങ്ങിയവര്‍ അദ്ദേഹത്തിന് ആശംസകളറിയിച്ചുകൊണ്ട് വീഡിയോ അയച്ചിരുന്നു. അവയെല്ലാം ഗൗതം മേനോന്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.
 
അക്കൂട്ടത്തില്‍ ഏറ്റവും പുതിയതായി നടന്‍ സൂര്യയടെ ആശംസാവീഡിയോയും സംവിധായകന്‍ പങ്കുവെച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ച കാക്ക കാക്ക, വാരണം ആയിരം എന്നീ ചിത്രങ്ങളുടെ ഓര്‍മ്മകളും ഗൗതം മേനോന്റെ സിനിമകളിലെ ഗാനങ്ങളുടെ മാജിക്കിനെക്കുറിച്ചും സംസാരിച്ച കൂട്ടത്തില്‍ സൂര്യ പറഞ്ഞ ഒരു വാചകമാണിത്. 'ഇനിയും ഗൗതം പറയുകയാണൈങ്കില്‍ ഗിറ്റാര്‍ എടുക്കാന്‍ ഞാന്‍ റെഡിയാണ്.' 
 
'അതെ, അധികം വൈകാതെ ഗിറ്റാര്‍ എടുക്കാന്‍ ഞാന്‍ പറയും'എന്ന അടിക്കുറിപ്പോടെയാണ് ഗൗതം മേനോന്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിനു ചുവടെ ആരാധകരുടെ ചൂടു പിടിച്ച ചര്‍ച്ചയാണ്. വാരണം ആയിരത്തിനു രണ്ടാം ഭാഗം വരികയാണോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. 'ഓന്‍ ഗിറ്റാര്‍ എട്ത്തീലെങ്കി ങ്ങളെടുപ്പിക്കണം മേനോന്‍ സാറേ'എന്ന രസകരങ്ങളായ കമന്റുകളും അക്കൂട്ടത്തിലുണ്ട്.
 
സൂര്യ, ദിവ്യ സ്പന്ദന, സിമ്രാന്‍, സമീറ റെഡ്ഡി എന്നിവര്‍ ഒന്നിച്ച ഹിറ്റ് ചിത്രമായിരുന്നു 2008ല്‍ റിലീസായ വാരണം ആയിരം. സൂര്യയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായി കണക്കാക്കുന്ന ചിത്രത്തിന് അക്കൊല്ലത്തെ ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. വാണിജ്യപരമായി വിജയിക്കുകയും നിരൂപകപ്രശംസ നേടുകയും ചെയ്ത ചിത്രത്തിലെ ഹാരിസ് ജയരാജ് ഈണമിട്ട ഗാനങ്ങളും ഇന്നും ആരാധകര്‍ നെഞ്ചേറ്റുന്നവയാണ്. ഒരേ സമയം അച്ഛനായും മകനായുമാണ് സൂര്യ ചിത്രത്തില്‍ അഭിനയിച്ചത്. പാട്ടുകാരനാകാന്‍ കൊതിച്ച മകന്‍ കഴുത്തില്‍ ഗിറ്റാര്‍ തൂക്കി പാടി അഭിനയിച്ച നെഞ്ചുക്കുള്‍ പെയ്തിടും മാമഴൈ എന്ന ഗാനരംഗവും മനസ്സില്‍ നിന്നും മായാത്തതാണ്.

ഇനി വാരണം ആയിരത്തിന്റെ രണ്ടാം ഭാഗമല്ലെങ്കിലും ഇരുവരും ഒന്നിക്കുന്ന പുതിയൊരു റൊമാന്റിക് മ്യൂസിക്കല്‍ പ്രണയകഥയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
 
Content Highlights : gautham vasudev menon facebook post suriya varanam aayiram