മിഴ് റൊമാന്റിക്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഗൗതം മേനോന്‍. മിന്നലേ, കാക്ക കാക്ക, വാരണം ആയിരം, വിണ്ണെത്താണ്ടി വരുവായ തുടങ്ങിയ ഗൗതം മേനോന്‍ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്. വാരണം ആയിരവും വിണ്ണെത്താണ്ടി വരുവായയും പുറത്തിറങ്ങിയപ്പോള്‍ അത് അദ്ദേഹത്തിന്റെ ജീവിത കഥയാണെന്ന തരത്തില്‍ പ്രചരണങ്ങളുണ്ടായിരുന്നു. എന്നാല്‍ സിനിമകളേക്കാള്‍ നാടകീയമായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ഥ പ്രണയ കഥ.  തിരുവനന്തപുരം സ്വദേശിയായ പ്രീതി മേനോനാണ് അദ്ദേഹത്തിന്റെ കഥയിലെ നായിക. ഒരു തമിഴ്മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സു തുറന്നത്. 

വാരണം ആയിരം എന്ന സിനിമയുമായി അതിന് സാമ്യമുണ്ട്. സുഹൃത്തെന്ന് കരുതി ഞാന്‍ വര്‍ഷങ്ങളായി ഇടപഴകിയ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞു, ''ഇത് സൗഹൃദവും കടന്നു പോയിരിക്കുന്നു. നീ എന്നെ ഒരു സുഹൃത്തായി കാണുന്നത് കൊണ്ടാണ് ഞാന്‍ അത് പറയാതിരുന്നത്.'' എന്നാല്‍ ഇനി പറയാതിരിക്കാനാകില്ല. അതു കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ അവരോട് യെസ് പറയുന്നതും ഞങ്ങള്‍ വിവാഹം കഴിക്കുന്നതും. 

ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും സുഹൃത്തുക്കള്‍ മാത്രമായി ഇരിക്കാന്‍ കഴിയില്ലെന്ന് പലരും പറയാറുണ്ട്. അങ്ങനെ പറയാന്‍ സാധിക്കില്ല ചിലര്‍ തമ്മില്‍ സൗഹൃദം മാത്രമുണ്ട്. ചിലരുടേത് പ്രണയമായി തീരാറുമുണ്ട്. ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നതിനാല്‍ ഞാന്‍ അതിനപ്പുറം കടന്നു ചിന്തിച്ചിരുന്നില്ല. പ്രണയത്തെക്കുറിച്ച് അവര്‍ തുറന്ന് പറഞ്ഞപ്പോള്‍ സുഹൃത് ബന്ധത്തിനപ്പുറം അവരുടെ ജീവിതത്തില്‍ എനിക്ക് ഒരു ഇടമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. രണ്ട് വര്‍ഷമെടുത്താണ് ഞാന്‍ സമ്മതം അറിയിക്കുന്നത്. 

ഒരു തിയേറ്ററില്‍ വച്ചാണ് ഞാന്‍ എന്റെ പ്രണയം തുറന്ന് പറഞ്ഞത്. ''ഞാനും നിന്നെ സ്‌നേഹിക്കുന്നു, നമുക്ക് വിവാഹം ചെയ്യാം'' എന്ന് പറഞ്ഞു. 

വിവാഹത്തിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് ഞാന്‍ ആദ്യ സിനിമ പുറത്തിറങ്ങുന്നത്. വിവാഹം കഴിക്കുമ്പോള്‍ എനിക്ക് പേരോ പ്രശസ്തിയോ ഒന്നും തന്നെ ഇല്ലായിരുന്നു. കയ്യില്‍ പ്രത്യേകിച്ച് ഒന്നുമില്ലാതെ ഞാന്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചു. ഭാര്യയുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ സിനിമ ചെയ്യുന്നത് വളരെ വിഷമകരമായേനേ- ഗൗതം മേനോന്‍ പറഞ്ഞു. 

Content Highlights: Gautham Menon opens about love story, Family, wife Preethi Menon