മുംബൈ : മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ ജാമ്യംലഭിച്ച് എത്തുന്നവരെ ബാന്ദ്രയിലെ വീട്ടിൽ മധുരം വിളമ്പേണ്ടെന്ന് അമ്മ ഗൗരിഖാൻ. ഉച്ചഭക്ഷണത്തിന്റെകൂടെ ഖീർ പാചകംചെയ്തത് ശ്രദ്ധയിൽപ്പെട്ടവേളയിലാണ് ആര്യൻ പുറത്തിറങ്ങുന്നതുവരെ മധുരം വിളമ്പരുതെന്ന് ഗൗരി നിർദേശംനൽകിയത്.

വിളിക്കുന്നവരോടെല്ലാം മകനുവേണ്ടി പ്രാർഥിക്കാൻ അവർ ആവശ്യപ്പെടുന്നുണ്ട്. അനാവശ്യ വാർത്തകൾ ഒഴിവാക്കാനായി ഇപ്പോൾ മന്നത്ത് സന്ദർശിക്കരുതെന്ന് ആര്യൻ ഖാന്റെ പിതാവ് ഷാരൂഖ് ഖാൻ സഹതാരങ്ങളോടും സുഹൃത്തുക്കളോടും അഭ്യർഥിച്ചിരുന്നു.

ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് പ്രത്യേകകോടതി വിധി പറയും. ആര്യന്‍ ഖാന് വേണ്ടി പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അമിത് ദേശായിയുടെയും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അനില്‍ സിങ്ങിന്റെയും വാദം കഴിഞ്ഞ ആഴ്ച അവസാനിച്ചിരുന്നു. ഇരുവരും വാദമുഖങ്ങള്‍ ഉയര്‍ത്തി മുന്‍ കേസുകളിലെ വിധികള്‍ ഉയര്‍ത്തിക്കാട്ടുകയുമുണ്ടായി. ഇതൊക്കെ വിശദമായി പരിശോധിക്കേണ്ടതുകൊണ്ടാണ് പ്രത്യേക കോടതി വിധി പറയുന്നത് ഒരാഴ്ചത്തേക്ക് നീട്ടിയത്. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് പുറമെ സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ്, ഫാഷന്‍ ഡിസൈനര്‍ മുണ്‍ മുണ്‍ ധമേച്ച എന്നിവരടക്കം എട്ടുപേരുടെ ജാമ്യാപേക്ഷയിലും കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വാദം നടന്നു.

ഒക്ടോബര്‍ രണ്ടിന് രാത്രിയാണ് മുംബൈയില്‍നിന്ന് ഗോവയിലേക്ക് പോകുന്ന ആഡംബര കപ്പലില്‍ ആര്യനെയും മറ്റ് ഏഴ് പേരെയും നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) അറസ്റ്റ് ചെയ്യുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഇവരെല്ലാം ഇപ്പോള്‍ ആര്‍തര്‍ റോഡ് ജയിലിലാണ്.

നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്‌ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ശിവസേനാ നേതാവ് കിഷോര്‍ തിവാരി സുപ്രീം കോടതിയെ സമീപിച്ചിട്ടുമുണ്ട്.

Content highlights: Gauri Khan's Strict Instructions to Mannat Staff: No Sweets in Kitchen Until Aryan's Release