മുംബൈ : മകന് വേണ്ടിയുള്ള പ്രാര്‍ഥനയിലായിരുന്നു ഗൗരിഖാന്‍. ബുധനാഴ്ചയെങ്കിലും ആര്യന്‍ഖാന്‍ ആര്‍തര്‍ റോഡ് ജയിലഴിക്കുള്ളില്‍നിന്ന് ബാന്ദ്ര ബാന്‍ഡ് സ്റ്റാന്‍ഡിലെ മന്നത്തിലെത്തുമെന്നായിരുന്ന ഗൗരിഖാന്റെ പ്രതീക്ഷ. ആ പ്രതീക്ഷയാണ് ബുധനാഴ്ച കോടതിയില്‍ പുതിയ തെളിവുകള്‍ നിരത്തി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ പൊളിച്ചത്. നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോവിന്റെ വാദങ്ങളില്‍ സാധുത കണ്ട കോടതി ആര്യന്‍ഖാന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

ബോളിവുഡിലെ യുവനടിയുമായി മയക്കുമരുന്ന് സംബന്ധിച്ച ചാറ്റുകളും ആര്യന്‍ഖാന്‍ മയക്കുമരുന്നിന് അടിമയാണെന്നും പുറത്തിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്ന വാദവുമാണ് എന്‍.സി.ബി. കോടതിയില്‍ മുഖ്യമായും ഉന്നയിച്ചത്.

അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ആര്യന്‍ ഖാന് ബന്ധമുണ്ടെന്ന കാര്യവും എന്‍.സി.ബി. നേരത്തേ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ അമിത് ദേശായിയെ ഉള്‍പ്പെടെ നാല് അഭിഭാഷകര്‍ ആര്യന്‍ഖാന് വേണ്ടി കോടതിയില്‍ വാദിച്ചെങ്കിലും ആര്യന്‍ഖാന്റെ അഭിഭാഷകവാദങ്ങളെ കോടതി അംഗീകരിച്ചില്ല.

നേരത്തേ ആര്യന്‍ ഖാന് ജാമ്യം ലഭിക്കുമെന്ന് വാര്‍ത്ത പരന്നതോടെ ബാന്ദ്രയിലെ ഷാരൂഖാന്റെ വസതിക്ക് മൂന്നില്‍ ആരാധകര്‍ ഒഴുകിയെത്തി. ഉച്ചയ്ക്ക് ശേഷം 2.45-ന് കോടതി തുടങ്ങി ആര്യന്‍ഖാന്റെ ജാമ്യാപേക്ഷ തള്ളി. ആര്യന്‍ഖാനൊപ്പം അറസ്റ്റിലായ അര്‍ബ്ബാസ് മര്‍ച്ചന്റ്, മുന്‍മുണ്‍ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളി. മറ്റ് പ്രതികളുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും.

ആര്യന്‍ഖാന്റെ ജാമ്യാപേക്ഷ തള്ളിയതോടെ മാധ്യമങ്ങളോട് എന്‍.സി.ബി. മേധാവി സമീര്‍ വാങ്ക്ഡെയുടെ പ്രതികരണം രണ്ട് വാക്കിലൊതുങ്ങി-'സത്യമേവ ജയതേ'.

കേസുമായി ബന്ധപ്പെട്ട് നടന്‍ ഷാരൂഖ് ഖാന്റെ വീട്ടില്‍ റെയ്ഡ് നടക്കുകയാണ്. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. നടി അനന്യ പാണ്ഡയെയുടെ വീട്ടിലും റെയ്ഡ് നടത്തുന്നു. അനന്യയെ പിന്നീട് ചോദ്യംചെയ്യലിന് വിളിപ്പിച്ചു.

Content Highlights: Gauri Khan, Aryan Khan's arrest, sameer wankhede, narcotics control bureau