ടീസറിൽ നിന്നുള്ള ദൃശ്യങ്ങൾ
ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ഗംഗുഭായ് കത്ത്യവാടിയുടെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിലെ പുതിയ പോസ്റ്ററും ഇതോടൊപ്പം പുറത്തിറക്കി. ജൂലൈ 30 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കിവാണിരുന്ന ഗംഗുഭായ് കൊഠേവാലിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
മാഫിയ ക്വീന്‍സ് ഓഫ് മുംബൈ; സ്റ്റോറീസ് ഓഫ് വിമണ്‍ ഫ്രം ദ ഗ്യാങ്ലാന്‍ഡ്സ് എന്ന പേരില്‍ ഹുസൈന്‍ സെയ്ദി, ജെയിന്‍ ബോര്‍ഗസ് എന്നിവര്‍ രചിച്ച പുസ്തത്തിലാണ് ഗംഗുഭായിയുടെ ജീവിതം പറയുന്നത്. ബോംബെ നഗരത്തെ വിറപ്പിച്ച 13 വനിതകളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. ഈ പുസ്തകത്തിലെ ഒരധ്യായമാണ് സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമയ്ക്ക് പ്രചോദനമായത്.
ഇരുപതാംനൂറ്റാണ്ടിന്റെ മധ്യത്തില്‍ ഗുജറാത്തില്‍ നിന്ന് കാമുകനൊപ്പം മുംബൈയിലെ കത്തിയവാഡയില്‍ എത്തിയതാണ് ഗംഗുഭായി എന്ന സ്ത്രീ. ജീവിതത്തിന്റെ ലഹരി നുകരാന്‍ കൊതിച്ചു വന്ന അവളെ ശരീരംവിറ്റ് കാശാക്കുന്ന കഴുകന്‍മാര്‍ക്ക് ഭര്‍ത്താവ് വിറ്റിട്ട് പോയി. പിന്നീട് കത്തിയവാഡയിലെ ആ വേശ്യാതെരുവില്‍ നിന്ന് അവള്‍ ക്രിമിനലുകളുമായും അധോലോക നായകന്‍മാരുമായും സൗഹൃദം സ്ഥാപിച്ചു. സൗത്ത് മുംബൈയുടെ ഒരു ഭാഗം മുഴുവന്‍ അവള്‍ അടക്കിഭരിച്ചു. ഒപ്പം സ്വന്തമായി വേശ്യാലയം തുടങ്ങി. അവിടെ നിന്ന് ലഭിക്കുന്ന പണം കൊണ്ട് അനാഥരെയും ചുവന്ന തെരുവിലെ സ്ത്രീകളെയും കുട്ടികളെയും സഹായിക്കുകയായിരുന്നു അവര്‍.
സഞ്ജയ് ലീല ബന്‍സാലിതന്നെയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നതും. ബന്‍സാലി പ്രൊഡക്ഷനാണ് ചിത്രം നിര്‍മിക്കുന്നത്.
മാഫിയ ക്വീന്‍ എന്ന ടാഗ്ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ഗംഗുഭായിയുടെ കൗമാരകാലവും മധ്യവയസ്‌കയാകുന്ന കാലവും ആലിയ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. ഈ രണ്ട് ലുക്കിലുമുള്ള ആലിയയുടെ ഫോട്ടോ ആലേഖനംചെയ്ത ചിത്രത്തിന്റെ പോസ്റ്ററുകള്‍ നേരത്തേ പുറത്തുവന്നിരുന്നു.
ശന്തനു മഹേശ്വരി, അജയ് ദേവ്ഗണ്‍, വിജയ് റാസ്, ഹുമ ഖുറേഷി, ഇമ്രാന്‍ ഹഷ്മി, രോഹിത് സുഖ്വാനി എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.
Content Highlights: Gangubai Kathiawadi Official Teaser Sanjay Leela Bhansali Alia Bhatt
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..