ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ഗംഗുഭായ് കത്ത്യവാടിയുടെ റിലീസ് പ്രഖ്യാപിച്ചു. ജൂലൈ 30-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററും ഇതോടൊപ്പം പുറത്തിറക്കും. മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കിവാണിരുന്ന ഗംഗുഭായ് കൊഠേവാലിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. 

മാഫിയ ക്വീന്‍സ് ഓഫ് മുംബൈ; സ്റ്റോറീസ് ഓഫ് വിമണ്‍ ഫ്രം ദ ഗ്യാങ്‌ലാന്‍ഡ്‌സ് എന്ന പേരില്‍ ഹുസൈന്‍ സെയ്ദി, ജെയിന്‍ ബോര്‍ഗസ് എന്നിവര്‍ രചിച്ച പുസ്തത്തിലാണ് ഗംഗുഭായിയുടെ ജീവിതം പറയുന്നത്. ബോംബെ നഗരത്തെ വിറപ്പിച്ച 13 വനിതകളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. ഈ പുസ്തകത്തിലെ ഒരധ്യായമാണ്  സഞ്ജയ് ലീല ബന്‍സാലിയുടെ സിനിമയ്ക്ക് പ്രചോദനമായത്. സഞ്ജയ് ലീല ബന്‍സാലിതന്നെയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നതും. ബന്‍സാലി പ്രൊഡക്ഷനാണ് ചിത്രം നിര്‍മിക്കുന്നത്. 

മാഫിയ ക്വീന്‍ എന്ന ടാഗ്ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ഗംഗുഭായിയുടെ കൗമാരകാലവും മധ്യവയസ്‌കയാകുന്ന കാലവും ആലിയ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. ഈ രണ്ട് ലുക്കിലുമുള്ള ആലിയയുടെ ഫോട്ടോ ആലേഖനംചെയ്ത ചിത്രത്തിന്റെ പോസ്റ്ററുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. 

ശന്തനു മഹേശ്വരി, അജയ് ദേവ്ഗണ്‍, വിജയ് റാസ്, ഹുമ ഖുറേഷി, ഇമ്രാന്‍ ഹഷ്മി, രോഹിത് സുഖ്വാനി എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. 

Content Highlights: Gangubai Kathiawadi, Alia Bhatt release date, New poster released, Sanjay Leela Bansali, Gangubai Kothewali book