ന്തരിച്ച കന്നഡ സൂപ്പര്‍ താരം പുനീത് രാജ് കുമാര്‍ അഭിനയിച്ച നാച്ച്വര്‍ ഡോക്യുമെന്ററി ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നു. ഗന്ധാഡഗുഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. അമോഘവര്‍ഷയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത്.

പുനീത് രാജ്കുമാറിന്റെ സ്വപ്‌ന പദ്ധതിയെന്നാണ് അണിയറപ്രവര്‍ത്തകര്‍ ഗന്ധാഡഗുഡിയെ വിശേഷിപ്പിച്ചിരിക്കുന്നത്. പുനീതിനൊപ്പം സംവിധായകന്‍ അമോഘവര്‍ഷയും ചിത്രത്തിലുണ്ട്. കര്‍ണാടകയിലെ കാടുകള്‍, മനോഹര ബീച്ചുകള്‍, ജലാന്തര്‍ഭാഗത്തെ കാഴ്ചകള്‍ എന്നിവയാണ് ഡോക്യുമെന്ററിയിലൂടെ അനാവരണം ചെയ്യുന്നത്. വന്യജീവി ചലച്ചിത്ര സംവിധായകനായ അമോഘവര്‍ഷയും പുനീതും ചേര്‍ന്നുള്ള യാത്രയാണ് ചിത്രത്തിലുടനീളം.

അപ്പുവിന്റെ സ്വപ്നം, അവിശ്വസനീയമായ യാത്ര, നമ്മുടെ നാടിന്റെയും ഇതിഹാസത്തിന്റേയും ആഘോഷം എന്നാണ് ചിത്രത്തേക്കുറിച്ച് അമോഘവര്‍ഷ ട്വീറ്റ് ചെയ്തത്. ചിത്രം അടുത്തവര്‍ഷം തിയേറ്ററുകളിലെത്തിക്കാനാണ് ശ്രമം. അശ്വിനി പുനീത് രാജ് കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.  പ്രതീക് ഷെട്ടി ഛായാഗ്രഹണവും അജനീഷ് ലോകനാഥ് സംഗീതസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ചിത്രം അടുത്തവര്‍ഷം തിയേറ്ററുകളിലെത്തിക്കാനാണ് ശ്രമം.

ചന്ദനമരങ്ങളുടെ ക്ഷേത്രം എന്നാണ് ഗന്ധാഡഗുഡി എന്ന വാക്കിന്റെ അര്‍ത്ഥം. പുനീതിന്റെ പിതാവും കന്നഡ ചലച്ചിത്ര താരവുമായിരുന്ന ഡോ. രാജ്കുമാര്‍ നായകനായി 1973-ല്‍ ഇതേ പേരില്‍ ഒരു ചിത്രവും പുറത്തിറങ്ങിയിരുന്നു. കര്‍ണാടകയിലെ കാടുകള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ചര്‍ച്ച ചിത്രമായിരുന്നു അത്.

വൈല്‍ഡ് കര്‍ണാടക എന്ന ഡോക്യുമെന്ററിക്ക് 2019-ലെ നാച്ച്വര്‍ ഡോക്യുമെന്ററി പുരസ്‌കാരം അമോഘവര്‍ഷ നേടിയിരുന്നു. കല്യാണ്‍ വര്‍മ എന്ന വന്യജീവി ചലച്ചിത്രകാരനുമായി ചേര്‍ന്നായിരുന്നു ഇത് നിര്‍മിച്ചത്.

Content Highlights: Gandhada Gudi teaser, Puneeth Rajkumar’s wildlife documentary