ജി. വേണുഗോപാൽ, സുജാത | photo: facebook/g venugopal
സുജാതയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദ്യമായ കുറിപ്പുമായി ഗായകന്‍ ജി. വേണുഗോപാല്‍. സുജാതയോടൊപ്പമുള്ള കുട്ടിക്കാലത്തെ ഓര്‍മകള്‍ വേണുഗോപാല്‍ പങ്കുവെച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
കുസൃതിയും, കൊഞ്ചലും, പരിഭവവും, പ്രണയ പരവശതയുമൊക്കെ ചേരുന്നൊരു കാമുകീ ശബ്ദമാണ് സുജാതയുടേതെന്ന് വേണുഗോപാല്‍ പറഞ്ഞു. ഇതെന്റെ കാമുകിയുടേത് എന്ന് ഓരോ സംഗീതാരാധകനേയും തോന്നിപ്പിക്കുന്ന ഒരു ശബ്ദം. ഇത് തന്നെയായിരിക്കണം സുജു ആലാപനത്തിലൂടെ ചാര്‍ത്തിയ കയ്യൊപ്പും. മുഖത്തെ ചിരി ശബ്ദത്തിലേക്കും സന്നിവേശിക്കുമ്പോഴുള്ളൊരു മാജിക്, അതാണ് സുജാതയുടെ പാട്ട്, വേണുഗോപാല്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ബേബി സുജാതയ്ക്ക് അറുപത് വയസ്. വിശ്വസിക്കാന്‍ പ്രയാസമുണ്ട്. എനിക്ക് ഒരു രണ്ട് വയസ് കൂടുതലും. കാലം കളിവഞ്ചി തുഴഞ്ഞ് ഞങ്ങള്‍ക്ക് മുന്നിലൂടെ കടന്നു പോയിരിക്കുന്നു.
തൊള്ളായിരത്തി എഴുപതുകളിലെ ചില ഓര്‍മ്മകള്‍ക്ക് ഒരിക്കലും മരണമില്ല. ഞങ്ങളുടെ വടക്കന്‍ പറവൂര്‍ കുടുംബത്തിലെ രണ്ടാം തലമുറ സംഗീതക്കാരില്‍ പ്രശസ്തയായ ബേബി സുജാതയും കൂടെ ബന്ധുവായ ഒരു പയ്യനും തിരുവനന്തപുരത്ത് പ്രിയദര്‍ശിനി ഹാളില്‍ പാടുന്നു. സുജു അഞ്ചാം ക്ലാസിലും ഞാന്‍ ഏഴിലും. കുടുംബത്തിലെ ഒരു കല്യാണ വേദിയാണ്. ദാസേട്ടനൊപ്പം ഇന്ത്യയിലും വിദേശത്തും ആയിരക്കണക്കിന് വേദികള്‍ പങ്കിടുന്ന സുജുവിന് അത് മറ്റൊരു പരിപാടി മാത്രം. എന്റെ സംഗീത സ്മരണകളുടെ ആരംഭം അവിടെ നിന്നാണ്.
അക്കാലത്ത് തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലും ഏത് സംഗീത പരിപാടിയുണ്ടെങ്കിലും സുജുവും അമ്മ ദേവി ചേച്ചിയും ഞങ്ങളുടെ പറവൂര്‍ ഹൗസിലാണ് താമസിക്കുക. സുജുവിനോടൊപ്പം ജഗതിയിലെ പ്രഭച്ചേച്ചിയുടെ വീട്ടില്‍ പോയി ദാസേട്ടനെ പരിചയപ്പെടുന്നതും, ഒപ്പം ഗാനമേളകള്‍ക്ക് പോകുന്നതും എല്ലാം ഇന്നലെയെന്ന പോലെ തോന്നുന്നു. അവിഭാജ്യ കേരള യൂണിവേഴ്‌സിറ്റി അന്ന് കൊച്ചിയുടെ വടക്കേയറ്റം വരെ പടര്‍ന്ന് നീണ്ടിരുന്നു. യുവജനോത്സവ മത്സരങ്ങള്‍ക്ക് സുജുവിന്റെ രവിപുരത്തുള്ള വീട്ടില്‍ താമസിച്ച്, സാധകം ചെയ്ത് പോകുന്ന നല്ലോര്‍മ്മകള്‍. പില്‍ക്കാലത്ത് എന്റെ ഗുരുവും വഴികാട്ടിയുമായ പെരുമ്പാവൂര്‍ രവീന്ദ്രനാഥിനെ ആദ്യമായ് പരിചയപ്പെടുന്നത് ആകാശവാണിയുടെ ലളിതഗാനം സുജുവിനെ പഠിപ്പിക്കുവാന്‍ ഞങ്ങളുടെ പറവൂര്‍ ഹൗസില്‍ വരുമ്പോഴാണ്.
എന്റെ ആദ്യ സിനിമാ സോളോ റിക്കാര്‍ഡിംങ്ങിന് ചെന്നൈയില്‍ എത്തുമ്പോള്‍ സുജു വിശ്രമത്തിലാണ്. ശ്വേത സുജുവിന്റെയുള്ളില്‍ രൂപം പ്രാപിക്കുന്നതേയുള്ളൂ. ശ്വേതയുടെ ഒന്നാം പിറന്നാളിനും ഞാനുണ്ട്. തൊണ്ണൂറുകളോടെ സുജു വീണ്ടും സിനിമാ ഗാനങ്ങളില്‍ സജീവമാകാന്‍ തുടങ്ങി. അഡ്വര്‍ട്ടൈസ്‌മെന്റ് സംഗീതരംഗത്തെ ഒരു മിടുമിടുക്കന്‍ പയ്യന്‍ ദിലീപിനെക്കുറിച്ച് സുജൂ പറഞ്ഞാണ് ഞാനറിയുന്നത്. പില്‍ക്കാലത്ത് എ ആര്‍ റഹ്മാന്റെ സംഗീതത്തിലൂടെ സുജുവിന്റെ ശബ്ദം തെന്നിന്ത്യന്‍ സിനിമാ സംഗീതത്തിന്റെ ഒരവിഭാജ്യ ഘടകമായ് മാറി. ഏതാണ്ടതേ സമയത്ത് തന്നെയായിരുന്നു വിദ്യാസാഗറിന്റെ ഹിറ്റ് ഗാനങ്ങളേറെയും സുജുവിന്റെ ശബ്ദത്തിലിറങ്ങുന്നതും. തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ സുജുവിന്റെ വേറിട്ട ആലാപന ശൈലി മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടത്തിലും വേരൂന്നിക്കഴിഞ്ഞിരുന്നു. തൊണ്ണൂറുകളും മില്ലനിയവും ഈ രണ്ട് ഗായികമാര്‍, ചിത്രയും സുജാതയും അവരുടെശബ്ദ സൗഭഗത്താല്‍ അനുഗ്രഹീതമായ പെണ്‍ പാട്ടുകള്‍ കൊണ്ട് നിറച്ച ഒരു കാലം കൂടിയാണ്. ചിത്രയുടെത് പോലെ ശാസത്രീയ നിബദ്ധമായ അഭൗമമായ ഒരു പെര്‍ഫക്ഷന്‍ തലത്തിലേക്ക് പോകുന്ന ഗാനങ്ങളായിരുന്നില്ല സുജു പാടിയത്. കുസൃതിയും, കൊഞ്ചലും, പരിഭവവും, പ്രണയ പരവശതയുമൊക്കെ ചേരുന്നൊരു കാമുകീ ശബ്ദമാണ് സുജുവിന്റെത്. ഇതെന്റെ കാമുകിയുടേത് എന്ന് ഓരോ സംഗീതാരാധകനേയും തോന്നിപ്പിക്കുന്ന ഒരു ശബ്ദം. ഇത് തന്നെയായിരിക്കണം സുജു ആലാപനത്തിലൂടെ ചാര്‍ത്തിയ കയ്യൊപ്പും. മുഖത്തെ ചിരി ശബ്ദത്തിലേക്കും സന്നിവേശിക്കുമ്പോഴുള്ളൊരു മാജിക്, അതാണ് സുജാതയുടെ പാട്ട്.
സുജുവിന്റെ ഈ പ്രസന്നാത്മകത തന്നെയാണു് ഏറ്റവും വലിയ സ്വഭാവ ഗുണം എന്ന് വര്‍ഷങ്ങളായടുത്തറിയുന്ന എനിക്ക് സിസ്സംശയം പറയാം. അച്ഛനില്ലാത്ത കുട്ടിയെ ഭദ്രമായ് വളര്‍ത്തിയെടുത്ത് അവളുടെ സംഗീതത്തിനും സ്വഭാവത്തിനും ഒരു ലാവണ്യത നല്‍കുന്നതില്‍ അമ്മ ദേവിച്ചേച്ചി വഹിച്ച പങ്ക് വലുതാണു്. ഗായകരില്‍ ഈഗോ പ്രശ്‌നങ്ങള്‍ തീരെ ബാധിക്കാത്ത ഒരാളാണ് സുജു. തന്റെ പരിമിതികളും ശക്തിയും സുജുവിന് കൃത്യമായറിയാം. റിക്കാര്‍ഡിംഗുകള്‍ക്കും സ്റ്റേജ് പരിപാടികള്‍ക്കും ടി.വി. റിയാലിറ്റി ഷോകള്‍ക്കുമിടയിലെ പ്രതിസന്ധി ഘട്ടങ്ങളെ, ലാഘവത്തോടെ, ഒരു ചിരിയോടെ തരണം ചെയ്യുന്ന സുജുവിനെ എനിക്ക് നന്നായറിയാം. സുജുവിന്റെ ഭര്‍ത്താവ് മോഹനാണു് സുജുവിന്റെ ഏറ്റവും വലിയ അനുഗ്രഹം. ഈ അറുപതും എഴുപതുമെല്ലാം സുജു ഒരു ചെറുചിരിയോടെ ചാടിക്കടക്കും. എന്റെയൊരാഗ്രഹം ഞാന്‍ സുജുവിനോടും ശ്വേതയോടും പറഞ്ഞിട്ടുണ്ട്. ബേബി സുജാതയോടൊപ്പം പാടിയിട്ടുണ്ട്. ബേബി സുജാതയുടെ ബേബിയായ ശ്വേതയോടൊപ്പം പാടി. ഇനി ശ്വേതയുടെ ബേബി ശ്രേഷ്ഠയോടൊപ്പം ഒരു പാട്ട് പാടണമെന്ന അതിമോഹം ബാക്കിയുണ്ട്. അങ്ങനെ 60കളിലും ഞങ്ങള്‍ പാടിക്കൊണ്ടേയിരിക്കുന്നു. പ്രായത്തിനെ മറികടക്കാന്‍ സംഗീതത്തിനാകുമെന്നാണ് വിശ്വാസം. അമ്മൂമ്മയുടെ റോള്‍ സുജു ആസ്വദിച്ചേറെറടുത്തിരിക്കുകയാണ്. ശ്രേഷ്ഠ വളരട്ടെ. അവളുടെ പാട്ടും കാതോര്‍ത്തൊരു വല്യമ്മാമന്‍ കാത്തിരിക്കുന്നുണ്ട്.
Content Highlights: g venugopal facebook post on singer sujatha birthday
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..