'ദൈവത്തെപ്പോലെ കരുതുന്ന മഹാരഥന്മാര്‍ അധിക്ഷേപിച്ചപ്പോള്‍ നീറിപ്പുകയുന്നത് കണ്ടിട്ടുണ്ട്'


4 min read
Read later
Print
Share

'ഈ പോസ്റ്റ് കണ്ടെനിക്ക് ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയോ നിറമോ ആരും നല്‍കേണ്ടതില്ല.'

-

സുരേഷ്‌ഗോപിയെക്കുറിച്ച് ഗായകന്‍ ജി വേണുഗോപാല്‍ എഴുതിയ വൈകാരികമായ കുറിപ്പ് ഇപ്പോള്‍ വൈറലാവുകയാണ്. കോവിഡ് പശ്ചാത്തലത്തില്‍ അന്യരാജ്യങ്ങളില്‍ കുടുങ്ങിപ്പോയ നിരവധി പ്രവാസികള്‍ക്ക് നാട്ടിലെത്താനുള്ള സൗകര്യം സുരേഷ്‌ഗോപി ചെയ്തു നല്‍കിയത്‌ വാര്‍ത്തയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ്
നടനും സാമൂഹ്യപ്രവര്‍ത്തകനുമായ സുരേഷ് ഗോപിയുമായുള്ള വര്‍ഷങ്ങളായുള്ള സൗഹൃദത്തിന്റെ കഥ വേണുഗോപാല്‍ വിവരിക്കുന്നത്.

'ഒന്നുമുതല്‍ പൂജ്യം വരെ' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ഇരുവരും തമ്മില്‍ മുപ്പത്തിനാല് വര്‍ഷത്തെ പരിചയമുണ്ട്. ഒരു വയസ്സുളളപ്പോള്‍ മകള്‍ ലക്ഷ്മി മരിച്ചതിന്റെ ദു:ഖത്തില്‍ നിന്നും ഫീനിക്‌സ് പക്ഷിയെപ്പോലെയാണ് സുരേഷ് ചിറകടിച്ചുയര്‍ന്നതെന്ന് വേണുഗോപാല്‍ കുറിക്കുന്നു. ദൈവത്തെപ്പോലെ കരുതുന്ന സിനിമയിലെ മഹാരഥന്മാര്‍ അധിക്ഷേപിച്ചപ്പോള്‍ നീറിപ്പുകയുന്നത് കണ്ടിട്ടുണ്ടെന്നും വേണുഗോപാല്‍ കുറിക്കുന്നു.

ജി വേണുഗോപാലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

ഈ സൗഹൃദം സിനിമയല്ല, രാഷ്ട്രീയവുമല്ല!

മുപ്പത്തിനാല് വര്‍ഷത്തെ പരിചയം. ഞങ്ങള്‍ തമ്മിലുള്ള വ്യത്യാസം ഒരു ഷോ കാര്‍ഡ് മാത്രം. നവോദയയുടെ ' ഒന്നു മുതല്‍ പൂജ്യം വരെ ' യുടെ ടൈറ്റില്‍സില്‍ ' ഞങ്ങള്‍ അവതരിപ്പിക്കുന്ന പുതു ഗായകന്‍ ജി.വേണുഗോപാല്‍'' കഴിഞ്ഞ അടുത്ത ഷോ കാര്‍ഡ് പുതുമുഖ നടന്‍ സുരേഷ് ഗോപിയുടേതാണ്. ഒരു പ്രാവശ്യം പോലും ഇക്കാണുന്ന വ്യക്തിത്വത്തിന് പിന്നില്‍ ഒരു dual person ഉണ്ടോ എന്ന് തോന്നിക്കാത്ത പെരുമാറ്റം. സംസാരം ചിലപ്പോള്‍ ദേഷ്യത്തിലാകാം. ചിലപ്പോള്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ കീറി മുറിച്ചു കൊണ്ടാകാം. ചിലപ്പോള്‍ outright അസംബന്ധമാണോ എന്നും തോന്നിപ്പിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കല്‍പ്പോലും സുരേഷ് കള്ളം പറഞ്ഞ് ഞാന്‍ കേട്ടിട്ടില്ല. ഒരിക്കല്‍പ്പോലും തന്നെ കഠിനമായി നോവിപ്പിച്ചവരെ തിരിച്ച് ഉപദ്രവിക്കണമെന്ന് ചിന്തിച്ചതായിപ്പോലും അറിഞ്ഞിട്ടില്ല. തന്റെ അതികഠിനമായ മനോവ്യഥയിലും പ്രയാസങ്ങളിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേയും ഇല്ലാത്തവരേയും കൂടെ ചേര്‍ത്ത് പിടിച്ച ഓര്‍മ്മകളെ എനിക്കുളളൂ.

സുരേഷിന്റെ ഏതാണ്ടെല്ലാ പ്രതിസന്ധി ഘട്ടങ്ങളും ആ വ്യക്തിത്വത്തിലേക്ക് കൂടുതല്‍ വെളിച്ചം ചൊരിയുന്നവയുമായിരുന്നു. ഒരു വയസ്സുള്ള ലക്ഷ്മിമോളുടെ ദാരുണമായ അന്ത്യം ആ കുടുംബത്തിനെ ദു:ഖത്തിന്റെ തീരാക്കയത്തിലേക്കാണ് തള്ളിവിട്ടത്. ഇനി തിരിച്ച് വരാന്‍ കഴിയുമോ എന്ന് സംശയിച്ച് പോയ ഭ്രാന്തമായ മാനസികാവസ്ഥയില്‍ നിന്നും ഒരു ഫീനിക്‌സ് പക്ഷിയെപ്പോല്‍ സുരേഷ് ചിറകടിച്ചുയര്‍ന്നു. സിനിമാരംഗത്ത് തന്റെ കൂടി കാര്‍മ്മികത്വത്തില്‍ ഉണ്ടാക്കിയ പ്രസ്ഥാനം അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ നിന്നെല്ലാം അകലുമ്പോള്‍, ആരെക്കുറിച്ചും ഒരു കുത്ത് വാക്ക് പോലുമുരിയാടാതെ നിശ്ശബ്ദനായി അതില്‍ നിന്നകന്നു. ദൈവത്തെപ്പോലെ കരുതുന്ന സിനിമയിലെ മഹാരഥന്മാര്‍ അധിക്ഷേപിച്ചപ്പോള്‍ നീറിപ്പുകയുന്നത് കണ്ടിട്ടുണ്ട്. ഓഹരി വയ്ക്കുന്ന ആ സിനിമാ ശൈലിയെ ഒരിക്കലും സുരേഷ് പുണര്‍ന്നിട്ടില്ല. സിനിമയുടെ മാരകമായ ഗോസിപ്പ് കോളങ്ങളും വിഷം തുപ്പുന്ന നികൃഷ്ടജീവികളും സുരേഷിനെ സിനിമയുടെ വിസ്മൃതിവൃത്തത്തിലേക്ക് തള്ളാന്‍ ശ്രമിക്കുമ്പോള്‍ ഒരു കപ്പല്‍ച്ചേതത്തിലെന്നപോലെ ആ കുടുംബം ആടിയുലയുന്നത് കണ്ട് ഞാന്‍ പരിഭ്രമിച്ചിട്ടുണ്ട്. അന്ധ ബോധത്തിന്റെ ഉറക്കറയായും, സ്വന്താവകാശത്തുറുങ്കറയായും കണ്ടതിനെയൊക്കെ സുരേഷ് പിന്തള്ളി. താന്‍ ഒരു കാലത്ത് വിശ്വസിച്ചിരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലെ ഇത്തിരിപ്പോലം വരുന്ന ചെക്കന്മാര്‍ തന്റെ വീട്ടിലേക്കൊരു പന്തം കൊളുത്തി പ്രകടനം നടത്തി, വീടൊരു കാരാഗ്രഹമാക്കി മാറ്റിയപ്പോള്‍ നീറിപ്പുകയുന്ന അഗ്‌നിപര്‍വ്വതമാകുന്ന മനസ്സില്‍ സുരേഷ് ചില തീരുമാനങ്ങളെല്ലാമെടുത്തിരുന്നു. നിയന്ത്രിത സ്‌ഫോടനങ്ങളായി അതടുത്ത ദിവസത്തെ മീഡിയയില്‍ നിറഞ്ഞു വന്നു.

സുരേഷിനെ ബഹുമാനിക്കാനും സ്വീകരിക്കാനും ഒരു രാഷ്ട്രീയ പ്രസ്ഥാനമുണ്ടായി. അവരുടെ കേന്ദ്രത്തിലെ തലമൂത്ത നേതാവ് തന്നെ നേരിട്ട് സുരേഷിനെ വിളിപ്പിച്ച് കേരള കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ പറയുകയായിരുന്നു. അന്നും ഞാന്‍ എന്റെ സ്ഥായിയായ സംശയങ്ങള്‍ ഉന്നയിച്ചു. 'ഇത് വേണോ സുരേഷേ? രാഷ്ട്രീയം പറ്റുമോ? ' സുരേഷിന്റെ മറുപടി രസകരമായിരുന്നു. രാഷ്ട്രീയത്തില്‍ നമ്മുടെ പ്രതിയോഗികളെ നേരിട്ട് കാണാം, അറിയാം. തുറസ്സായ യുദ്ധമാണ്. സിനിമയില്‍ എതിരാളികളെ തിരിച്ചറിയാന്‍ സാധിക്കില്ല. മുന്നിലുള്ളതിലേറെ കുത്തുകള്‍ പിന്നിലാ കിട്ടുക ' . സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ല സുരേഷിന്റെ നിലനില്‍പ്പുകളൊന്നും. തിരുവനന്തപുരം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് നില്‍ക്കാന്‍ തയ്യാറായിക്കോളൂ എന്ന് പറഞ്ഞ സീനിയര്‍ കേന്ദ്ര നേതാവിനോട് 'ഇല്ല സര്‍, ഓ. രാജഗോപാല്‍ കഴിഞ്ഞ് മതി മറ്റ് പരിഗണനകള്‍ ' എന്ന് പറഞ്ഞത് എനിക്കറിയാം. പാര്‍ട്ടിയുടെ കേരള അദ്ധ്യക്ഷ സ്ഥാനം കൈക്കുമ്പിളില്‍ വച്ച് നീട്ടിയപ്പോള്‍ ഒരു കായികാഭ്യാസിയുടെ മെയ് വഴക്കത്തോടെ ഒഴിഞ്ഞ് മാറുന്നതും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.

ഈയൊരു ഇരുണ്ട കാലത്ത് രാവെന്നും പകലെന്നുമില്ലാതെ ഇന്ത്യയ്ക്കകത്തും പുറത്തും ഒറ്റപ്പെട്ടു പോയവരെ നാട്ടില്‍ തിരിച്ചെത്തിക്കുന്നതില്‍ മാത്രം വ്യാപൃതനായിരിക്കുന്ന ഒരു സാമൂഹ്യ പ്രവര്‍ത്തകനെയാണ് ഞാനിപ്പോള്‍ സുരേഷില്‍ കാണുന്നത്. ഈ വിഷമസന്ധിയില്‍ എല്ലാ പാര്‍ട്ടിയിലുള്ളവര്‍ക്കും സുരേഷിനെ ആവശ്യമുണ്ട്. എല്ലാവരുടെയും കൂടെ സുരേഷുണ്ട്. ജീവന്‍ രക്ഷാ മരുന്നുകളെത്തിക്കാന്‍, രോഗികളായ വിദേശങ്ങളിലെ ഇന്ത്യന്‍ പൗരരെ പ്രത്യേക പരിഗണനയില്‍ നാട്ടിലെത്തിക്കുവാന്‍, വിസ കാലാവധിയും റെസിഡന്റ് പെര്‍മിറ്റും അവസാനിച്ച വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളേയും ഇന്ത്യന്‍ പൗരന്മാരേയും ഹൈക്കമ്മീഷന്‍ മുഖേന സഹായിക്കുകയും നാട്ടിലെത്തിക്കുകയും ചെയ്യുക, അങ്ങിനെ നിരവധി നിരവധി കര്‍മ്മ പദ്ധതികളാണ് സുരേഷിന്റെ മുന്‍ഗണനയില്‍. രാവിലെ അഞ്ചു മുതല്‍ രാത്രി പന്ത്രണ്ട് വരെ ടി.വിയില്ല, വായനയില്ല, പരസ്പരം ചെളി വാരിയെറിയുന്ന രാഷ്ടീയ വിനോദമില്ല.

മുപ്പത്തിനാല് വര്‍ഷത്തെ സൗഹൃദത്തിന്റെ ബാക്കിപത്രമാണെന്റെയീ എഴുത്ത്. ഈ പോസ്റ്റ് കണ്ടെനിക്ക് ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയോ നിറമോ ആരും നല്‍കേണ്ടതില്ല. വോട്ടവകാശം കിട്ടി ഒരു മുതിര്‍ന്ന പൗരനായ ശേഷം, മാറി മാറി വരുന്ന ഗവണ്മെന്റുകളുടെയോ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ ഭാഗമായി പ്രവര്‍ത്തിച്ചിട്ടില്ല ഞാന്‍ ഇന്നിതേവരെ. എല്ലാവരുടെയും മനുഷ്യസ്‌നേഹവും, കരുണയും മുന്‍നിര്‍ത്തിയുള്ള സംരംഭങ്ങളില്‍ പലതിലും എന്റെ സംഗീതത്തേയും ഞാന്‍ കൂട്ടിയിണക്കിയിട്ടുണ്ട്. ഇത്ര നാള്‍ സിനിമാ / സംഗീത മേഘലകളില്‍ പ്രവര്‍ത്തിച്ച ഒരാള്‍ എന്ന നിലയ്ക്കും, ഈ നാട്ടിലെ മിക്ക തിരഞ്ഞെടുപ്പുകള്‍ക്കും വോട്ട് ചെയ്ത ഒരാളെന്ന നിലയിലും, ഈ ഒരു വ്യക്തി ഒരു കള്ളനാണയമല്ല എന്ന തിരിച്ചറിവാണ് ഈ എഴുത്തിന് നിദാനം. സുരേഷ് ഗോപിയെ ഇഷ്ടപ്പെടുന്നത് കൊണ്ട് മറ്റുള്ളവരെ വെറുക്കുന്നുവെന്നര്‍ത്ഥമില്ല. ' Naivete' ( നൈവിറ്റി) എന്ന വാക്കിന് തത്തുല്ല്യമായ ഒരു മലയാളപദം ഉണ്ടോ എന്നറിയില്ല. ഉള്ളിലുള്ള ഒരു നന്മയുടെ ഹൃത്തടം മറ്റുള്ളവര്‍ക്കും കാണും എന്ന ഉറച്ച ധാരണയില്‍ മനസ്സില്‍ വരുന്നതെന്തും മറയില്ലാതെ ഉറക്കെപ്പറയുന്ന ഒരു ഗുണം ആ പദത്തില്‍ അന്തര്‍ലീനമാണ് എന്നാണെന്റെ വിശ്വാസം. സ്‌നേഹമാണെങ്കിലും കാലുഷ്യ മാണെങ്കിലും അതില്‍ കലര്‍പ്പില്ല. അതെന്തായാലും സിനിമയില്‍ കണ്ടിട്ടില്ല. രാഷ്ട്രീയത്തില്‍ എനിക്കറിയാവുന്ന വ്യക്തികളില്‍ അത് ദര്‍ശിക്കാനുമായിട്ടില്ല.

പരസ്പരം വല്ലപ്പോഴും കണ്ട് മുട്ടുമ്പോള്‍ മുപ്പത്തിനാല് വര്‍ഷങ്ങള്‍ മുന്‍പത്തെ ചെറുപ്പക്കാരാകാനുള്ള ഏതോ ഒരു മാജിക് ഞങ്ങളുടെ സൗഹൃദത്തിനുണ്ട്. സിനിമയും സംഗീതവും തലയ്ക്ക് പിടിച്ച് ഭ്രാന്തായി നടന്ന രണ്ട് ചെറുപ്പക്കാര്‍. പരസ്പരം ഒരക്ഷരം പോലുമുരിയാടാതെ മറ്റേയാളുടെ വേദനയും സന്തോഷവും കൃത്യമായി മനസ്സിലാക്കിത്തരുന്നതും ഈ പഴയോര്‍മ്മകളുടെ ശക്തി തന്നെ. 'ഓര്‍മ്മ വീട്ടിലേക്കുള്ള വഴിയാണ്. വീട്ടിലേക്കുള്ള വഴി മറന്നു പോയവര്‍ വേരറ്റുപോകുന്നവരാണ്. ശ്വാസം നിലയ്ക്കലല്ല മരണം. ഓര്‍മ്മ മുറിഞ്ഞു പോകലാണ് മരണം.'

Content Highlights : g venugopal about suresh gopi facebook post viral covid 19 relief activities NRIs

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
KG George

2 min

പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് അന്തരിച്ചു

Sep 24, 2023


KG George Celebrates his 75th Birthday Legendary film maker director Malayalam Cinema

1 min

മക്കള്‍ക്കൊപ്പം പിറന്നാള്‍ മധുരം പങ്കിട്ട് കെ.ജി. ജോര്‍ജ്

May 25, 2021


Mammootty and KG George

1 min

ഹൃദയത്തോട് ചേർത്തുവച്ചിരുന്ന ഒരാൾ കൂടി വിട പറയുന്നു; കെ.ജി. ജോർജിനെയോർത്ത് മമ്മൂട്ടി

Sep 24, 2023


Most Commented