കുറിയേടത്ത് താത്രിയുടെ സ്മാർത്തവിചാരം പ്രമേയമാക്കി ഒരുക്കുന്ന സംസ്കൃത ചിത്രമാണ് തയാ. ജി.പ്രഭയാണ് സംവിധാനം. പ്രഭയുടെ രണ്ടാമത്തെ ചിത്രമാണിത്.

2021 ഫെബ്രുവരിയിലും മാർച്ചിലുമായാണ് 22 ദിവസം കൊണ്ട് സിനിമയുടെ ചിത്രീകരണം കേരളത്തിൽ നടന്നത്. 1905 ലാണ് താത്രിക്കെതിരായ സ്മാർത്തവിചാരം അരങ്ങേറുന്നത്. നിരവധി ചിത്രങ്ങൾക്കും രചനകൾക്കും ഈ വിഷയം നേരത്തെ പ്രമേയമായിട്ടുണ്ട്.

ഇഷ്ടിയാണ് പ്രഭയുടെ ആദ്യ ചിത്രം. അതും സംസ്കൃതത്തിലാണ് ഒരുക്കിയത്. നെടുമുടി വേണുവും അനുമോളുമാണ് തയായിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാർ​ഗി രേവതി, ഉത്തര, കഥകളി കലാകാരൻ പള്ളിപ്പുറം സുനിൽ, ബാബു നമ്പൂതിരി, ദിനേശ് പണിക്കർ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സണ്ണി ജോസഫ് ആണ് ഛായാ​ഗ്രഹണം. കുന്നംകുളം കോടനാട് മന, തൃശ്ശൂർ ബ്രഹ്മസ്വം മഠം, ​ഗുരുവായൂർ വടക്കുംപാട്ട് മന എന്നിവടങ്ങളാണ് ലൊക്കേഷൻ. ​ഗോകുലം മൂവീസ് നിർമിക്കുന്ന ചിത്രം ഓടിടി റിലീസായി ആ​ഗസ്റ്റിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

content highlights : G Prabhas second film in Sanskrit named Taya focusses on trial of Thatri