യസൂര്യയെ നായകനാക്കി സിദ്ധിഖ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഫുക്രിയില്‍ മൂന്ന് നായികമാര്‍. പ്രയാഗാ മാര്‍ട്ടിന്‍, അനു സിത്താര എന്നിവരായിരിക്കും സിനിമയിലെ രണ്ട് നായികമാര്‍. മൂന്നാമത്തെ നായികയ്ക്കായുള്ള തിരച്ചിലിലാണ് സിദ്ധിഖ്. സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറവിയെടുത്ത ദിലീപ് ചിത്രം കിംഗ് ലയറിലെ നായികയായിരുന്ന മഡോണാ സെബാസ്റ്റ്യനെയായിരുന്നു ഫുക്രിയില്‍ നായികയായി നിശ്ചയിച്ചിരുന്നത്. പിന്നീട് മഡോണയ്ക്ക് പകരം പ്രയാഗാ മാര്‍ട്ടിനെ നിശ്ചയിക്കുകയായിരുന്നു.

ഒരു മുറെയ് വന്ത് പാര്‍ത്തായാ, പാ.വ എന്നീ സിനിമകളില്‍ നായികയായ ശേഷമാണ് ഇപ്പോള്‍ ഫുക്രിയിലും പ്രയാഗ നായികയായി എത്തുന്നത്. ഒരേ മുഖം, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ പുറത്തിറങ്ങാനിരിക്കുന്ന സിനിമകളിലും നായികയാണ് പ്രയാഗാ. ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അനു സിത്താര. 

ഹാസ്യത്തിന് പ്രാധാന്യം നല്‍കി നിര്‍മിക്കുന്ന ചിത്രത്തില്‍ ലാലും പ്രധാനപ്പെട്ട വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകന്‍ ശശി കുമാറും ഫുക്രിയില്‍ അഭിനയിക്കുന്നുണ്ടെന്നാണ് സൂചന.

ആത്മസംതൃപ്തിക്ക് വേണ്ടി മോഷണം നടത്തുകയും പിന്നീട് കട്ട മുതലുകള്‍ തിരികെ ഉടമസ്ഥന് തിരികെ നല്‍കുകയും ചെയ്യുന്ന വിചിത്ര സ്വഭാവമുള്ള ഒരാളുടെ കഥയാണ് സിനിമ പറയുന്നത് എന്നാണ് സൂചന. എന്‍ജിനിയറിംഗ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ജയസൂര്യയുടെ കഥാപാത്രം പണത്തിന് വേണ്ടിയല്ല മോഷണങ്ങള്‍ നടത്തുന്നത് എന്നതാണ് ഹൈലൈറ്റ്. 

സിദ്ധിഖിന്റെ നിര്‍മാണ കമ്പനിയായ എസ് ടാക്കീസ് ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. ക്രിസ്മസ് റിലീസായി തിയേറ്ററിലെത്തിക്കാന്‍ ഉദ്ദേശിക്കുന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനുകള്‍ കണ്ണൂര്‍ മംഗലാപുരം എന്നിവിടങ്ങളിലായിരിക്കും.