നാൽപ്പത് വർഷം മുൻപത്തെ ഒരു ക്രിസ്മസ് ദിനത്തിലാണ് മൂന്ന് യുവ താരങ്ങൾ വെള്ളിത്തിരയിലേക്ക് കടന്നു വരുന്നത്. കൈ നിറയെ ചിത്രങ്ങളുമായി മൂവരും പിന്നീട് സിനിമയിൽ തന്നെ സ്ഥാനമുറപ്പിച്ചു. അതിലൊരാൾ ഇന്ത്യൻ സിനിമ കണ്ട മികച്ച നടന്മാരിലൊരാളാണ്. സാക്ഷാൽ മോഹൻലാൽ. മറ്റു രണ്ട് പേർ പൂർണിമയും ശങ്കറും.

ഫാസിലിന്റെ സംവിധാനത്തിലൊരുങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെയായിരുന്നു മൂവരുടെയും അരങ്ങേറ്റം. ചിത്രത്തിൽ വില്ലനായെത്തിയ മോഹൻലാൽ പിന്നീട് മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയത് ചരിത്രം.

ഇപ്പോഴിതാ നാൽപത് വർഷം മുമ്പത്തെ ഓർമകൾ പങ്കുവയ്ക്കുകയാണ് പൂർണിമ. "മോഹൻലാലിനും ശങ്കറിനും എനിക്കും മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന മനോഹര ചിത്രത്തിലൂടെ പുതുജീവിതം കിട്ടിയിട്ട് നാൽപത് വർഷം. നന്ദി അപ്പച്ചൻ, നവോദയ, ഫാസിൽ"... ശങ്കറിനും മോഹൻലാലിനുമൊപ്പമുള്ള പഴയ ചിത്രം പങ്കുവച്ച് പൂർണിമ കുറിച്ചു.

1980 ഡിസംബർ 25 നാണ് ഫാസിൽ രചനയും സംവിധാനവും നിർവഹിച്ച മഞ്ഞിൽ വിരിഞ്ഞ പൂക്കൾ റിലീസ് ചെയ്യുന്നത്. ശങ്കറും പൂർണിമയും നായികാ നായകന്മാരായപ്പേൾ നരേന്ദ്രൻ എന്ന പ്രതിനായക വേഷത്തിലായിരുന്നു മോഹൻലാൽ എത്തിയത്. പ്രതാപചന്ദ്രൻ, ആലുംമൂടൻ, നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അശോക് കുമാറായിരുന്നു ഛായാ​ഗ്രഹണം. ബിച്ചു തിരുമലയുടെ വരികൾക്ക് ജെറി അമൽദേവ് ഈണം നൽകിയ മനോഹര ​ഗാനങ്ങൾ ഇന്നും പ്രേക്ഷകർ മൂളി നടക്കുന്നു

Content Highlights : forty years of Manjil Virinja Pookal Mohanlal Poornima Shankar Faasil