ബിഗ്ബി അമിതാഭ് ബച്ചനെയും ജയാ ബച്ചനെയും നിരവധി തവണ വിമർശിച്ചിട്ടുള്ള വ്യക്തിയാണ് സമാജ് വാദി പാര്‍ട്ടി മുന്‍  നേതാവ് അമര്‍ സിങ്. അമിതാഭ് ബച്ചനും ജയയും അകന്നാണ് താമസിക്കുന്നതെന്നും ജയയും ഐശ്വര്യയും തമ്മില്‍ നിരവധി പ്രശ്‌നങ്ങളുണ്ടെന്നും അമര്‍ സിങ് പൊതു ഇടങ്ങളിലടക്കം ആരോപിച്ചിട്ടുണ്ട്.

 എന്നാൽ തന്റെ പഴയ പ്രതികരണങ്ങളെക്കുറിച്ച് പശ്ചാത്തപവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ അമർ സിങ്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അമർ സിങ്ങിന്റെ പിതാവിന്റെ ചരമ വാർഷിക ദിനത്തിൽ സന്ദേശമയച്ച അമിതാഭ് ബച്ചന് നൽകിയ മറുപടിയിലാണ് അമർ സിങ് ഇക്കാര്യം പറയുന്നത്. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള യുദ്ധത്തിലാണ് താനെന്നും അദ്ദേഹം തന്റെ ട്വീറ്റില്‍ പറയുന്നു. 

'ഇന്ന് എന്റെ അച്ഛന്റെ ചരമവാര്‍ഷികമാണ്. എനിക്ക് അമിത് ജിയുടെ സന്ദേശം ലഭിച്ചു. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള യുദ്ധത്തിനിടയിലാണ് ഇപ്പോൾ. അമിത് ജിക്കും കുടുംബത്തിനും എതിരെ ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ ഇപ്പോള്‍ ഖേദിക്കുന്നു.  കുറ്റബോധം തോന്നുന്നു. ദൈവം അവരെ അനുഗ്രഹിക്കട്ടെ.' എന്നിങ്ങനെയാണ് അമർ സിങിന്റെ ട്വീറ്റ്. 

ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഫെയ്‌സ്ബുക്കിലും കുറിപ്പും വീഡിയോയും അമര്‍ സിംഗ് പങ്കുവെച്ചിരിക്കുകയാണ്.

 

Content Highlights : former samajvadi party leader amar singh apologises to amitabh bachchan