കാക്കിക്കുള്ളിലെ കലാകാരന്മാരുടെ പട്ടികയിലേക്ക് ഇനി ഒരു പേര് കൂടി. മുൻ ഡിജിപി ഋഷിരാജ് സിങ്ങ് ആണ് ആ വ്യക്തി. ജയറാമിനെയും മീരാ ജാസ്മിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ അസിസ്റ്റന്റായി സിനിമാ സംവിധാനം പഠിക്കുകയാണ് പണ്ട് പാാട്ടുപാടി പേരെടുത്ത ഋഷിരാജ് സിങ്ങ്. പണ്ടുമുതലേ സിനിമയോട് താത്പര്യമായിരുന്നുവെന്നും റിട്ടയർമെന്റിനുശേഷം ആ താത്പര്യത്തിന് പിറകേ പോകാമെന്ന് തീരുമാനിച്ചതാണെന്നും പറയുന്നു അദ്ദേഹം. കൊച്ചിയിലെ ചിത്രീകരണ തിരക്കുകൾക്കിടയിൽ ഋഷിരാജ് സിങ്ങ് തന്റെ സിനിമാ സ്വപ്നങ്ങൾ പങ്കുവയ്ക്കുന്നു.

"സിനിമ പണ്ടുമുതലേ താത്പര്യമായിരുന്നു. റിട്ടയർമെന്റിന് ശേഷം ആ താത്പര്യം അങ്ങ് നടത്താമെന്ന് കരുതി എന്നേയുള്ളൂ.. ശ്രീനിവാസൻ സർ ആണ് എന്നെ സത്യൻ അന്തിക്കാടിന് അരികിലേക്ക് അയക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ‌ കുറച്ച് നാളുകളായി കേരളത്തിൽ സിനിമാ ചിത്രീകരണങ്ങൾ ഒന്നും നടക്കുന്നില്ലായിരുന്നു. ഹൈദരാബാദിലും ഞാൻ അന്വേഷിച്ചു. ആകെ രാമോജി റാവു ഫിലിം സിറ്റിയിൽ മാത്രമേ ചിത്രീകരണം നടക്കുന്നുള്ളൂ. അങ്ങോട്ടുള്ള യാത്രയും താമസവുമെല്ലാം ബുദ്ധിമുട്ടാണ്. അങ്ങനെയാണ് ശ്രീനിവാസൻ സാറിനെ കണ്ട് സംസാരിക്കുന്നത്. രണ്ടാഴ്ച്ചയ്ക്ക് ശേഷം അദ്ദേഹം എന്നെ വിളിച്ച് സത്യൻ അന്തിക്കാടിന്റെ സിനിമ തുടങ്ങുന്ന കാര്യം പറഞ്ഞു. എനിക്കിഷ്ടപ്പെട്ട സംവിധായകരിൽ ഒരാളാണ് സത്യൻ അന്തിക്കാട്. അങ്ങനെയാണ് ചിത്രത്തിന്റെ ഭാ​ഗമാവുന്നത്.

വിചാരിച്ച പോലെ എളുപ്പമല്ല സംവിധാനം. ആദ്യത്തെ ആ കൗതുകമൊക്കെ അരമണിക്കൂറിനുള്ളിൽ മാറും. രാവിലെ മുതൽ രാത്രി വരെ പണിയാണ്. കഠിനമായ ജോലി തന്നെയാണ്. പഠിക്കാനുള്ള വിഷയങ്ങളുമുണ്ട്. ഓരോന്ന് കാണുന്നു, പഠിക്കുന്നു, സംശയങ്ങൾ ചോദിച്ച് തീർക്കുന്നു അങ്ങനെയാണ് മുന്നോട്ട് പോവുന്നത്. പോലീസ് ജോലിയും ഇതും വച്ച് നോക്കുമ്പോൾ സംവിധാനം തന്നെയാണ് കൂടുതൽ ബുദ്ധിമുട്ടേറിയത് എന്നാണ് എനിക്ക് തോന്നുന്നത്. അഞ്ച് വർഷമായി സ്ക്രിപ്റ്റ് റൈറ്റിങ്ങ് പഠിക്കുന്നു. ഒരു മുഴുവൻ തിരക്കഥ എഴുതിവച്ചിട്ടുണ്ട്. അത് സിനിമയാക്കാനുള്ള കാര്യങ്ങൾ നോക്കണം. സംവിധാനം തന്നെയാണ് ലക്ഷ്യവും..." ഋഷിരാജ് സിങ്ങ് പറയുന്നു.

ദേവിക, കെ.പി.എ.സി ലളിത, ശ്രീനിവാസൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. വിവാഹത്തോടെ അഭിനയ രംഗത്തു നിന്നും മാറി നിന്ന മീരാ ജാസ്മിന്റെ രണ്ടാം കടന്നുവരവു കൂടിയാണ് ഈ ചിത്രം. കോവിഡ് കാലത്ത് തമിഴ് - തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചു പോന്ന ജയറാം,  തന്റെ ഭാഗ്യ സംവിധായകനായ സത്യൻ അന്തിക്കാടിനൊപ്പം വീണ്ടും വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്.

Content Highlights : Former DGP Rishiraj Singh as assistant Director In Sathyan Anthikkad Jayaram Meera Jasmine Movie